---
title: "മത്സ്യത്തൊഴിലാളികള്‍ക്ക്‌ ആഴക്കടല്‍ മത്സ്യബന്ധനസൗകര്യം ; കേരള പദ്ധതിയും കേന്ദ്രം തള്ളി"
english_title: "Deep sea fishing facilities for fishermen"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67745/deep-sea-fishing-facilities-for-fishermen"
published_at: "2022-09-12T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631ef149901cb_boatt.png"
keywords: []
---

# മത്സ്യത്തൊഴിലാളികള്‍ക്ക്‌ ആഴക്കടല്‍ മത്സ്യബന്ധനസൗകര്യം ; കേരള പദ്ധതിയും കേന്ദ്രം തള്ളി

> **Lead Summary:** കൊച്ചി : കടല്‍ കുത്തകകള്‍ക്ക് പതിച്ചു നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍, പരമ്ബരാഗത മത്സ്യതൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രാപ്തമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച പദ്ധതിയും തള്ളി. കേരളതീരത്ത് ഇരുനൂറു നോട്ടിക്കല്‍ മൈലിന് പുറത്തുള്ള ആഴക്കടലിലാണ് ഇന്ന് ലോകത്ത് മഞ്ഞച്ചൂരയും നെയ്മീനും കൂടുതലുള്ളത്. ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി, ചൈന, തെയ്വാന്‍ തുടങ്ങിയ രാജ്യങ്ങളുടെ വന്‍കിട ബോട്ടുകള്‍ ഇവ ചൂഷണം ചെയ്ത് കോടികളാണ് കൊയ്യുന്നത്.

## Article Content

കൊച്ചി : കടല്‍ കുത്തകകള്‍ക്ക് പതിച്ചു നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍, പരമ്ബരാഗത മത്സ്യതൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രാപ്തമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച പദ്ധതിയും തള്ളി. കേരളതീരത്ത് ഇരുനൂറു നോട്ടിക്കല്‍ മൈലിന് പുറത്തുള്ള ആഴക്കടലിലാണ് ഇന്ന് ലോകത്ത് മഞ്ഞച്ചൂരയും നെയ്മീനും കൂടുതലുള്ളത്. ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി, ചൈന, തെയ്വാന്‍ തുടങ്ങിയ രാജ്യങ്ങളുടെ വന്‍കിട ബോട്ടുകള്‍ ഇവ ചൂഷണം ചെയ്ത് കോടികളാണ് കൊയ്യുന്നത്.

ഇവിടെ മത്സ്യബന്ധനത്തിന് 16 സഹകരണ സംഘങ്ങള്‍ക്കായി 41 ആഴക്കടല്‍ബോട്ടുകള്‍ നിര്‍മിച്ച്‌ നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ 2017ല്‍ കേന്ദ്രത്തിന് പദ്ധതി സമര്‍പ്പിച്ചത്. കൊച്ചി കപ്പല്‍ശാലയുമായി സഹകരിച്ച്‌ ബോട്ട് നിര്‍മിക്കാനായിരുന്നു തീരുമാനം. ബോട്ടൊന്നിന് 1.5 കോടി രൂപ ചലവ് കണക്കാക്കി. എന്നാല്‍ 1.2 കോടി മാത്രമെ നല്‍കാനാകൂ എന്നതായിരുന്നു കേന്ദ്രനിലപാട്. കേരളത്തിലെ തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള സാങ്കേതികമികവ് കുറവായതിനാല്‍ സൗകര്യങ്ങള്‍ കൂടുതലുള്ള ബോട്ട് വേണമായിരുന്നു.

അതിനാലാണ് നിര്‍മാണ ചെലവ് കൂടിയതെന്ന് അന്നത്തെ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കേരളം നിര്‍ദേശിച്ച പദ്ധതി കേന്ദ്രം തള്ളുകയും ചെയ്തു. അതേസമയം, തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് 1.2 കോടിയുടെ 28 ബോട്ടും കൊച്ചി കപ്പല്‍ശാല മുഖേന നല്‍കി. പരമ്ബരാഗത മത്സ്യത്തൊഴിലാളിക്ക് ബോട്ട് നിഷേധിച്ച അതേ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ രണ്ട് വന്‍കിടബോട്ടുകള്‍ സംസ്ഥാനത്തിന് വാഗ്ദാനം ചെയ്തിരിക്കുകയാണ്. രണ്ടെണ്ണംമാത്രം നല്‍കി സംസ്ഥാനത്തെ തൃപ്തിപ്പെടുത്തി, വന്‍കിടക്കാര്‍ക്ക് ലൈസന്‍സ്ഫീസ് വാങ്ങി കടല്‍ തീറെഴുതാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

അന്താരാഷ്ട്ര തൊഴില്‍സംഘടനയുടെ മാനദണ്ഡം അനുസരിച്ച്‌ ആഴക്കടലില്‍ മീന്‍പിടിത്തത്തിനു പോകുന്നവര്‍ക്കുള്ള അടിസ്ഥാനസൗകര്യവും സുരക്ഷയും ഒരുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഓഖിക്കുശേഷം ബോട്ടുകളില്‍ റേഡിയോ ടെലിഫോണ്‍ നല്‍കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിഷേധ നിലപാട് മൂലം ബോട്ടുടമകള്‍ക്ക് 2.5 ലക്ഷം രൂപ ചെലവിട്ട് എഐഎസ് (ഓട്ടോമാറ്റിക് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം) സംവിധാനം ഒരുക്കേണ്ടി വന്നു. ഇതിന് 60 ശതമാനം സബ്സിഡി നല്‍കാമെന്ന വാഗ്ദാനവും കേന്ദ്രസര്‍ക്കാര്‍ പാലിച്ചില്ല.

പ്രക്ഷോഭം സംഘടിപ്പിക്കും പരമ്ബരാഗത മത്സ്യത്തൊഴിലാളിയെ കടലില്‍നിന്ന് തുരത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. ആഴക്കടല്‍ മീന്‍പിടിത്തത്തിന് പരമ്ബരാഗത മത്സ്യത്തൊഴിലാളിയെ പ്രാപ്തമാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. അതിനായി നിര്‍മിക്കുന്ന മീന്‍പിടിത്ത ബോട്ടുകള്‍ക്ക് വന്‍ മുതല്‍മുടക്ക് വരുമെന്നതിനാല്‍ ആവശ്യമായ സബ്സിഡി നല്‍കി അവരെ സംരക്ഷിക്കുക എന്നതും ഈ നയത്തിന്റെ ഭാഗമാണ്. എന്നാല്‍, കേന്ദ്രം സബ്സിഡി പിന്‍വലിച്ച്‌ കുത്തകകളോട് ഫീസ് വാങ്ങി കടല്‍ ചൂഷണം ചെയ്യാന്‍ അനുവദിക്കുകയാണ്. ഇതിനെ ചെറുക്കണം. തൊഴിലാളി സംഘടനകള്‍ ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67745/deep-sea-fishing-facilities-for-fishermen)