---
title: "പുലിഭീതി ഒഴിയാതെ കണ്ണൂർ അഴീക്കോട്"
english_title: "Kannur Azhikode without leaving tiger"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67936/kannur-azhikode-without-leaving-tiger"
published_at: "2022-09-13T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632027f261c4b_Picsart_22-09-13_12-10-25-913.jpg"
keywords: []
---

# പുലിഭീതി ഒഴിയാതെ കണ്ണൂർ അഴീക്കോട്

> **Lead Summary:** കണ്ണൂർ: അഴീക്കോട് കടൽത്തീരത്തെ കാട്ടിൽ പുലിയുണ്ടെന്ന നിഗമനത്തിൽത്തന്നെ നാട്ടുകാർ. ശനിയാഴ്ച രാത്രി മീൻകുന്ന് വലിയപറമ്പിലും ഞായറാഴ്ച രാത്രി അഴീക്കൽ വെള്ളക്കല്ലിനടുത്തും പുലിയെ ചിലർ കണ്ടിരുന്നു. രാവിലെ തളിപ്പറമ്പ് റേഞ്ച് വനപാലകരും സംഘവും ചാൽ ഭാഗത്ത് കാട്ടിലും പരിസരത്തും പരിശോധന നടത്തി.

## Article Content

കണ്ണൂർ: അഴീക്കോട് കടൽത്തീരത്തെ കാട്ടിൽ പുലിയുണ്ടെന്ന നിഗമനത്തിൽത്തന്നെ നാട്ടുകാർ. ശനിയാഴ്ച രാത്രി മീൻകുന്ന് വലിയപറമ്പിലും ഞായറാഴ്ച രാത്രി അഴീക്കൽ വെള്ളക്കല്ലിനടുത്തും പുലിയെ ചിലർ കണ്ടിരുന്നു. രാവിലെ തളിപ്പറമ്പ് റേഞ്ച് വനപാലകരും സംഘവും ചാൽ ഭാഗത്ത് കാട്ടിലും പരിസരത്തും പരിശോധന നടത്തി.

വളപട്ടണം പോലീസുമുണ്ടായിരുന്നു. പുലിയുടെ കാൽപ്പാടുകൾ കണ്ടെത്താനായില്ല. കാൽപ്പാടുകളോ മറ്റെന്തെങ്കിലും തെളിവുകളോ കിട്ടിയാൽ മാത്രമേ അനന്തരനടപടികൾ സ്വീകരിക്കാനാവൂവെന്ന് വനപാലകർ പറഞ്ഞു. രാത്രിയിൽ പുറത്തിറങ്ങുന്നത് കരുതലോടെ വേണമെന്നും അവർ പറഞ്ഞു.

ചാൽ, വെള്ളക്കല്ല് പ്രദേശങ്ങളിലെ കടൽത്തീരങ്ങളിൽ പുലിക്ക് വിഹരിക്കാൻ പറ്റുന്ന കാടുണ്ട്. ഞായറാഴ്ച രാത്രി 7.30-ഓടെ നീർക്കടവിൽനിന്ന് നാല് കിലോമീറ്റ‍ർ അകലെ അഴീക്കലിലേക്ക് കടലിൽ വലയിടാൻ പോകുന്ന മത്സ്യത്തൊഴിലാളികൾ പുലിയെ കണ്ടിരുന്നു. പിന്നീട് രാത്രി ഒൻപതോടെ ഗുഡ്സ് ഓട്ടോ ഡ്രൈവറും മറ്റൊരാളും കണ്ടതായി പറയുന്നു. അതേസമയം നായയെയോ, മറ്റ് വളർത്തുമൃഗങ്ങളെയോ കൊന്ന അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിട്ടുമില്ല.

2010 ഏപ്രിലിൽ ആട്, പശുക്കുട്ടി എന്നിവയെ പുലി കൊന്നുതിന്നിരുന്നു. തുടർന്ന് വനപാലകർ കൂടുവെച്ച് അതിനുള്ളിൽ ആട്ടിൻകുട്ടിയെ ഇരയായി കെട്ടി. തൊട്ടടുത്ത ദിവസം പുലി കെണിയിൽ വീണു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67936/kannur-azhikode-without-leaving-tiger)