---
title: "വീട് ബാങ്ക് ജപ്തിചെയ്തു: അർധരാത്രി വീട്ടുവരാന്തയിൽ അഭയംതേടി സുഹറയും കുടുംബവും"
english_title: "House Foreclosed by the Bank: Midnight on the porch"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68039/house-foreclosed-by-the-bank-midnight-on-the-porch"
published_at: "2022-09-13T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6320730a43f84_Picsart_22-09-13_17-26-38-532.jpg"
keywords: []
---

# വീട് ബാങ്ക് ജപ്തിചെയ്തു: അർധരാത്രി വീട്ടുവരാന്തയിൽ അഭയംതേടി സുഹറയും കുടുംബവും

> **Lead Summary:** കണ്ണൂർ: കൂത്തുപറമ്പ്‌ വീട് ബാങ്ക് ജപ്തിചെയ്തു. അർധരാത്രി വീട്ടുവരാന്തയിൽ അഭയംതേടി കുടുംബം. ബാങ്കിന്റെ ജപ്തി കഴിഞ്ഞപ്പോൾ പോകാനിടമില്ലാതെ സുഹറയും കുടുംബവും അർധരാത്രി ചെലവഴിച്ചത് വീട്ടുവരാന്തയിൽ. കൂത്തുപറമ്പ് പുറക്കളത്തെ പി.എം.സുഹറ, മാതാവ് 80 വയസ്സുകാരി നബീസു, മകൾ നിസ്വാനി എന്നിവരാണ് അർധരാത്രി വീട്ടുവരാന്തയിൽ അഭയം തേടിയത്. ജപ്തിയിൽ പ്രതിഷേധിച്ചായിരുന്നു ഇത്.

## Article Content

കണ്ണൂർ: കൂത്തുപറമ്പ്‌ വീട് ബാങ്ക് ജപ്തിചെയ്തു. അർധരാത്രി വീട്ടുവരാന്തയിൽ അഭയംതേടി കുടുംബം. ബാങ്കിന്റെ ജപ്തി കഴിഞ്ഞപ്പോൾ പോകാനിടമില്ലാതെ സുഹറയും കുടുംബവും അർധരാത്രി ചെലവഴിച്ചത് വീട്ടുവരാന്തയിൽ. കൂത്തുപറമ്പ് പുറക്കളത്തെ പി.എം.സുഹറ, മാതാവ് 80 വയസ്സുകാരി നബീസു, മകൾ നിസ്വാനി എന്നിവരാണ് അർധരാത്രി വീട്ടുവരാന്തയിൽ അഭയം തേടിയത്. ജപ്തിയിൽ പ്രതിഷേധിച്ചായിരുന്നു ഇത്.

തിങ്കളാഴ്ച വൈകിട്ടാണ് കേരള ബാങ്ക് അധികൃതർ വീടും സ്ഥലവും ജപ്തിചെയ്തത്. ജപ്തി ഒഴിവാക്കാൻ ബാങ്ക് 15 വരെ സമയം നൽകിയിരുന്നു. അതിന് രണ്ടുദിവസം ബാക്കിനിൽക്കെയാണ് ജപ്തി. സുഹറയുടെ ഭർത്താവ് സ്ഥലത്തില്ലായിരുന്നു. 2012-ലാണ് സുഹറ സംസ്ഥാന സർവീസ് സഹകരണ ബാങ്കിന്റെ തെക്കിബസാർ ശാഖയിൽനിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തത്. തുടർന്നുള്ള എട്ടുമാസം മുതലും പലിശയുമടക്കം മാസവിഹിതം തിരിച്ചടച്ചിരുന്നു.

പിന്നീടാണ് സാമ്പത്തികപ്രയാസം കാരണം തവണ മുടങ്ങിയത്. 4.34 ലക്ഷം രൂപ തിരിച്ചടച്ചു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിപ്രകാരം വായ്പാതിരിച്ചടവിന് 15 വരെ ബാങ്ക് സമയം അനുവദിച്ചിരുന്നതായും സുഹറ പറഞ്ഞു. ഇതിനിടെയാണ് തിങ്കളാഴ്ച വൈകിട്ട് ബാങ്ക് ആർബിറ്റേഷൻ വിഭാഗമെത്തി ജപ്തിനടപടി പൂർത്തിയാക്കിയത്. വീടുവിട്ട് എങ്ങും പോകാനില്ലാത്തതിനാലാണ് ഇവിടെയിരിക്കുന്നതെന്നാണ് സുഹറയും കുടുംബവും പറയുന്നത്.

അയൽക്കാർ നിർബന്ധിച്ചിട്ടും അവിടേക്ക് പോകാൻ ഇവർ തയ്യാറായില്ല. നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചേർന്ന് അർധരാത്രിയും ഇവർക്ക് താത്‌കാലിക താമസസൗകര്യമൊരുക്കാനുള്ള ശ്രമം നടത്തി. രേഖാമൂലം കുടുംബത്തെ അറിയിച്ചിരുന്നു. ഒൻപത് വർഷത്തിലധികമായിട്ടും ഒരുരൂപപോലും തിരിച്ചടയ്ക്കാത്ത സാഹചര്യത്തിലാണ് ജപ്തിനടപടിയെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം. ജപ്തിവിവരം രേഖാമൂലം കുടുംബത്തെ നേരത്തേ അറിയിച്ചിരുന്നു. എന്നിട്ടും ബാങ്കിനെ സമീപിക്കുകയോ തിരിച്ചടവ് സംബന്ധിച്ച് വിവരമറിയിക്കുകയോ ചെയ്യാത്തതിനാൽ മറ്റു പോംവഴികളില്ലാത്തതിനാലാണ് ജപ്തിയുമായി മുന്നോട്ടുപോയതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68039/house-foreclosed-by-the-bank-midnight-on-the-porch)