---
title: "പൊതുശ്മശാനമില്ല: വീടിന് ചുറ്റും കുഴിമാടമൊരുക്കേണ്ട ഗതികേടിൽ മലയോരത്തെ ആദിവാസികൾ"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68363/kelakam"
published_at: "2022-09-15T06:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63227e89d09c8_PicsArt_09-15-06.52.06.jpg"
keywords: []
---

# പൊതുശ്മശാനമില്ല: വീടിന് ചുറ്റും കുഴിമാടമൊരുക്കേണ്ട ഗതികേടിൽ മലയോരത്തെ ആദിവാസികൾ

> **Lead Summary:** **കേളകം: **മരിച്ചുകിടക്കാൻ പോലും ഇട മില്ലാതെ ആദിവാസി പട്ടികവർഗ കുടുംബങ്ങൾ ദുരിതജീവിതം പേറുമ്പോൾ പൊതുശ്മശാനമെന്ന മലയോരത്തെ ആദിവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം. ഇന്നലെ കേളകം വാളുമൂക്ക് കോളനിയിൽ മരിച്ച കോടങ്ങാട് ബിജുവിൻ്റെ മൃതദേഹം നിന്നുതിരിയാനിടമില്ലാത്ത കോളനിയിലെ വീട്ടുമുറ്റത്താണ് സംസ്കരിച്ചത്.

## Article Content

**കേളകം: **മരിച്ചുകിടക്കാൻ പോലും ഇട മില്ലാതെ ആദിവാസി പട്ടികവർഗ കുടുംബങ്ങൾ ദുരിതജീവിതം പേറുമ്പോൾ പൊതുശ്മശാനമെന്ന മലയോരത്തെ ആദിവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം. ഇന്നലെ കേളകം വാളുമൂക്ക് കോളനിയിൽ മരിച്ച കോടങ്ങാട് ബിജുവിൻ്റെ മൃതദേഹം നിന്നുതിരിയാനിടമില്ലാത്ത കോളനിയിലെ വീട്ടുമുറ്റത്താണ് സംസ്കരിച്ചത്.

മരണപ്പെട്ടവരെയെല്ലാം വീടിനോടു ചേർന്നാണ് സംസ്കരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ പോലും അപ്ര്യാപ്തമായ കോളനികളിൽ ശ്മശാന സൗകര്യം ഇല്ലാത്തതിനാൽ സമീപത്തെ വനാതിർത്തികളിലായിരുന്നു ഭൂരിപക്ഷം കോളനിവാസികളും മൃതദേഹം സംസ്കരിച്ചിരുന്നത്. ആറളം വന്യജീവി സങ്കേതം നിലവിൽ വന്ന ശേഷം വനാതിർത്തികളിലും അപ്രഖ്യാപിത വിലക്കായി.ഈ പ്രദേശങ്ങളിലൊന്നും പൊതുശ്മശാനങ്ങളുമില്ല.

ഭൂരിപക്ഷം കോളനികളിലും രോഗിക വൃദ്ധരുമായി നിരവധി ആളുകൾ മര ണാസന്നരായി കിടക്കുമ്പോൾ ഇവരെ എവിടെ മറവു ചെയ്യുമെന്നുള്ളത് ആദിവാസി കുടുംബങ്ങൾക്ക് ചോദ്യചിഹ്നമാണ്. വാളുമുക്ക് കോളനിയിൽ മുമ്പ്അടുക്കള പൊളിച്ച് പോലും മൃതദേഹം മറവ് ചെയ്യേണ്ട ഗതികേട് വന്നിരുന്നു. ഈ കോളനിയിലെ വീട്ടുമുറ്റങ്ങൾ ശവപ്പറമ്പാകുന്നു . വാളുമുക്ക് കോളനിയിൽ 50 സെന്‍റിൽ നൂറിലേറെ കുഴിമാടങ്ങളാണുള്ളത്. കോളനിയുടെ ഭൂമി അന്യാധീനപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കോളനി നിവാസികൾ. കോളനിയുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും, നഷ്ടപ്പെട്ട ഭൂമി തിരിച്ച് പിടിച്ചാൽ അത് സ്മശാനത്തിനായി ഉപയോഗിക്കാമെന്നുമാണ് കോളനി നിവാസികളുടെ പ്രതീക്ഷ. അതിന് അധികൃതരുടെ കനിവുണ്ടാവണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68363/kelakam)