---
title: "ഓണച്ചന്ത: ജില്ലയിൽ 1.25 കോടി   വിറ്റുവരവുമായി കുടുംബശ്രീ"
english_title: "Onachanta: 1.25 crore in the district Kudumbashree with turnover"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68507/onachanta-125-crore-in-the-district-kudumbashree-with-turnover"
published_at: "2022-09-15T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63230f62580c0_images_(12).jpeg"
keywords: []
---

# ഓണച്ചന്ത: ജില്ലയിൽ 1.25 കോടി   വിറ്റുവരവുമായി കുടുംബശ്രീ

> **Lead Summary:** **കണ്ണൂർ : **കൊവിഡ് കാലത്തിന് ശേഷം സജീവമായ ജില്ലയിലെ കുടുംബശ്രീ ഓണച്ചന്തകളിൽ ഇക്കുറി റെക്കോഡ് വിറ്റുവരവ്. സെപ്റ്റംബർ ഒന്നു മുതൽ ഏഴുവരെ നടന്ന വിപണന മേളയിൽ 1.25 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. ജില്ലയിലെ 81 കുടുംബശ്രീ സി ഡി എസ് പരിധിയിലെ 102 കേന്ദ്രങ്ങളിലാണ് ഇത്തവണ ഓണം വിപണന മേള നടന്നത്. 

## Article Content

**കണ്ണൂർ : **കൊവിഡ് കാലത്തിന് ശേഷം സജീവമായ ജില്ലയിലെ കുടുംബശ്രീ ഓണച്ചന്തകളിൽ ഇക്കുറി റെക്കോഡ് വിറ്റുവരവ്. സെപ്റ്റംബർ ഒന്നു മുതൽ ഏഴുവരെ നടന്ന വിപണന മേളയിൽ 1.25 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. ജില്ലയിലെ 81 കുടുംബശ്രീ സി ഡി എസ് പരിധിയിലെ 102 കേന്ദ്രങ്ങളിലാണ് ഇത്തവണ ഓണം വിപണന മേള നടന്നത്. 

ജില്ലയിൽ ഓണം മേളകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. ശരാശരി 60-75 ലക്ഷം രൂപ വരെയായിരുന്നു ഇതുവരെയുള്ള ഓണക്കാല വിറ്റുവരവ്. കുടുംബശ്രീ ഓണ വിപണന മേളയിൽ ആദ്യമായാണ് ഒരു കോടിയലധികം രൂപയുടെ നേട്ടം കൈവരിക്കുന്നത്. ജില്ലയിലെ വിവിധ സിഡിഎസ് പരിധിയിലുൾപ്പെടുന്ന 2766 സംരംഭകരാണ് ഇത്തവണത്തെ വിപണന മേളകളിൽ പങ്കെടുത്തത്. 

കുടുംബശ്രീയുടെ വിവിധ സൂക്ഷ്മ സംരംഭ ഗ്രൂപ്പുകളുടെ ഉല്പന്നങ്ങൾക്കും ജെഎൽജി ഗ്രൂപ്പുകൾ ഉൽപാദിപ്പിക്കുന്ന നാടൻ കാർഷിക ഉല്പന്നങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മേളയിൽ 5.54 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി കുറുമാത്തൂർ ഗാമപഞ്ചായത്ത് സിഡിഎസ് ഒന്നാംസ്ഥാനം നേടി. 5.23 ലക്ഷം രൂപ വിറ്റുവരവ് നേടിയ പയ്യന്നൂർ നഗരസഭ സിഡിഎസ് രണ്ടാം സ്ഥാനവും 4.91 ലക്ഷം രൂപ നേടി കുത്തുപ്പറമ്പ് നഗരസഭ സിഡിഎസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പന്ന്യന്നൂർ, ശ്രീകണ്ഠപുരം, മട്ടന്നൂർ, പാനൂർ, പാട്യം, മാങ്ങാട്ടിടം, കണ്ണൂർ കോർപ്പറേഷൻ, വളപ്പട്ടണം എന്നീ സിഡിഎസുകളാണ് ഇത്തവണ ജില്ലയിൽ ഏറ്റവും ഉയർന്ന വിറ്റുവരവിൽ ആദ്യത്തെ പത്ത് സ്ഥാനങ്ങളിൽ വന്നത്. മേളയിൽ ഏറ്റവും കൂടുതൽ സംരംഭകരുടെ പങ്കാളിത്തം ഉറപ്പുവരുത്തിയത് പാട്യം, കുറുമാത്തൂർ, മാങ്ങാട്ടിടം സിഡിഎസുകളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68507/onachanta-125-crore-in-the-district-kudumbashree-with-turnover)