---
title: "ഇരിക്കൂറിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽരണ്ടാം പ്രതിയും പിടിയിൽ"
english_title: "The second suspect in the case of killing a colleague in Irhur has been arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68704/the-second-suspect-in-the-case-of-killing-a-colleague-in-irhur-has-been-arrested"
published_at: "2022-09-16T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63244f385dfb5_Picsart_22-09-16_15-42-41-188.jpg"
keywords: []
---

# ഇരിക്കൂറിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽരണ്ടാം പ്രതിയും പിടിയിൽ

> **Lead Summary:** ഇരിക്കൂർ: സഹപ്രവർത്തകനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ രണ്ടാംപ്രതിയും പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി മുർഷിദാബാദ് സ്വദേശി ഗണേഷ് മണ്ഡലിനെയാണ് ഇരിക്കൂർ എസ്.ഐ. എം.വി. ഷീജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

## Article Content

ഇരിക്കൂർ: സഹപ്രവർത്തകനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ രണ്ടാംപ്രതിയും പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി മുർഷിദാബാദ് സ്വദേശി ഗണേഷ് മണ്ഡലിനെയാണ് ഇരിക്കൂർ എസ്.ഐ. എം.വി. ഷീജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

ഡൽഹി-ഹരിയാണ അതിർത്തിയിൽ പിടിയിലായ ഗണേഷ് മണ്ഡലിനെ വെള്ളിയാഴ്ച ഇരിക്കൂറിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. കേസിലെ ഒന്നാം പ്രതി പരേഷനാഥ് മണ്ഡലിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ബന്ധുവാണ് ഗണേഷ് മണ്ഡൽ. ഇരിക്കൂർ പെരുവളത്തുപറമ്പ് ഫാറൂഖ് നഗറിൽ പി.വി. മുനീറിന്റെ കെട്ടിടസമുച്ചയത്തിൽ തേപ്പ് പണിയ്ക്കിടെയാണ് അഷിക്കുൽ കൊല്ലപ്പെട്ടത്.

പണിക്കൂലിയെ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കെട്ടിടത്തിന്റെ മുകളിലെ മുറിയിൽ ഉച്ചഭക്ഷണത്തിനുശേഷം വിശ്രമിക്കുകയായിരുന്ന അഷിക്കുലിനെ അവിടെയുണ്ടായിരുന്ന ചുറ്റികയെടുത്ത് പരേഷ് നാഥ് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പരേഷും ഗണേഷും ചേർന്ന് മൃതദേഹം ചാക്കിൽ കെട്ടി ഇതേ കെട്ടിടത്തിലെ ശൗചാലയത്തിനായി പണിത മുറിയിൽ കുഴിയെടുത്ത് കോൺക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു.

കഴിഞ്ഞവർഷം ജൂൺ 28-ന് അഷിക്കുലിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ മോമിൻ ഇരിക്കൂർ പോലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ കൂടെ ജോലിചെയ്തിരുന്ന രണ്ടുപേർ സ്ഥലം വിട്ടതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞവർഷം സെപ്റ്റംബർ 10-ന് ഒന്നാം പ്രതി പരേഷ് നാഥ് മണ്ഡലിനെ അറസ്റ്റ് ചെയ്തു. ഇതിനുശേഷം ഒരുവർഷം കഴിഞ്ഞാണ് രണ്ടാം പ്രതി ഗണേഷ് മണ്ഡലിനെ പിടികൂടാനായത്.എ.എസ്.ഐ. റോയി ജോൺ, സീനിയർ സി.പി.ഒ.മാരായ രഞ്ജിത്ത്, ഷംസാദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68704/the-second-suspect-in-the-case-of-killing-a-colleague-in-irhur-has-been-arrested)