---
title: "2026 ഓടെ 50 ലക്ഷം അഭ്യസ്തവിദ്യർക്ക് നൈപുണ്യ പരിശീലനം നൽകും: മുഖ്യമന്ത്രി "
english_title: "50 lakh teachers to be given skill training by 2026: CM"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69564/50-lakh-teachers-to-be-given-skill-training-by-2026-cm"
published_at: "2022-09-20T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63299ebaa0317_palayad_skill_park_20.09_(3).jpg"
keywords: []
---

# 2026 ഓടെ 50 ലക്ഷം അഭ്യസ്തവിദ്യർക്ക് നൈപുണ്യ പരിശീലനം നൽകും: മുഖ്യമന്ത്രി 

> **Lead Summary:** **കണ്ണൂർ : **സംസ്ഥാനത്ത് 2026ഓടെ 50 ലക്ഷം അഭ്യസ്തവിദ്യർക്ക് നൈപുണ്യ പരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം-അസാപിന്റെ പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

## Article Content

**കണ്ണൂർ : **സംസ്ഥാനത്ത് 2026ഓടെ 50 ലക്ഷം അഭ്യസ്തവിദ്യർക്ക് നൈപുണ്യ പരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം-അസാപിന്റെ പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

2026ഓടെ സംസ്ഥാനത്ത് 40 ലക്ഷം തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിജിറ്റൽ മേഖലയിൽ മാത്രം 20 ലക്ഷം തൊഴിലവസരങ്ങളാണ് ഉദ്ദേശിക്കുന്നത്. തൊഴിലില്ലാത്ത അഭ്യസ്തവിദ്യർക്ക് ഡിജിറ്റൽ നൈപുണ്യ പരിശീലനം നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. എൻജിനീയറിംഗ് കോളജുകളിലെയും പോളിടെക്‌നിക്കുകളിലെയും നൈപുണ്യ പരിശീലനം വിപുലീകരിച്ച് നൂതന വ്യവസായങ്ങളുമായി ബന്ധിപ്പിക്കാനുള്ള ഇൻഡസ്ട്രി ഓൺ കാമ്പസ് പോലുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. 

നൈപുണ്യമുള്ള തൊഴിൽ സമൂഹത്തെ വാർത്തെടുക്കാനാണ് അസാപ് പോലുള്ള സ്ഥാപനങ്ങളിലൂടെ ശ്രമിക്കുന്നത്. ഇതേവരെ രണ്ടര ലക്ഷത്തിലധികം വിദ്യാർഥികൾക്ക് അസാപ് പരിശീലനം നൽകി. നൈപുണ്യ പരിശീലനം എല്ലാവർക്കും ലഭ്യമാക്കിയാലേ സമഗ്ര വ്യാവസായിക മുന്നേറ്റം സാധ്യമാക്കാനാവൂ. 

വിദ്യാർഥികൾക്കാണ് അസാപിന്റെ സേവനങ്ങൾ ഇതേവരെ ലഭ്യമായിരുന്നത്. കമ്യൂണിറ്റി സ്‌കിൽ പാർക്കിലൂടെ അത് പൊതുസമൂഹത്തിന് കൂടി ലഭ്യമാവുകയാണ്. ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി നമ്മുടെ സമൂഹത്തെ പരിവർത്തിപ്പിക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. വിജ്ഞാന വിതരണത്തിനൊപ്പം അതിന്റെ തുടർച്ച കൂടി വേണം. ലഭിക്കുന്ന അറിവുകൾ വ്യാവസായിക മുന്നേറ്റത്തിന് സഹായകമാവണം. ആ നിലയിലേക്ക് പാഠ്യപദ്ധതിയും പഠന സംവിധാനവുമെല്ലാം രൂപപ്പെടണം.

വ്യാവസായിക സൗഹൃദ അന്തരീക്ഷ റാങ്കിംഗ് മെച്ചപ്പെടുത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. മികച്ച സ്റ്റാർട്ടിംഗ് ഇക്കോ സിസ്റ്റമുള്ള സംസ്ഥാനം എന്ന പദവി കഴിഞ്ഞ മൂന്ന് വർഷമായി കേരളത്തെയാണ് തേടിയെത്തുന്നത്. വ്യവസായിക രംഗത്ത് കേരളം മുന്നേറുന്നുവെന്നാണിത് കാണിക്കുന്നത്. നല്ല നിലയിലുള്ള വ്യാവസായിക നിക്ഷേപങ്ങൾ നാട്ടിൽ എത്തിച്ചേരേണ്ടതുണ്ട്. നൈപുണ്യം സിദ്ധിച്ച തൊഴിൽസേന ഇവിടെ ഉണ്ടാവുക എന്നത് വളരെ പ്രധാനമാണ്. 

പാലയാട് അസാപ് സെൻററിൽ ദേശീയ, അന്തർദേശീയ തലങ്ങളിലെ കോഴ്‌സുകളിലേക്ക് അംഗീകൃത മാനദണ്ഡം അനുസരിച്ചുള്ള പരിശീലനം ഉണ്ടാകും. പൊതുസമൂഹത്തെ പാർക്കുമായി ബന്ധിപ്പിക്കാൻ പ്രത്യേക യൂനിറ്റ് ഉണ്ടാവും. ആഗോള വ്യവസായിക വികസനത്തിന് സഹായകമാവുന്ന പരിശീലന പരിപാടികൾ ഇവിടെ ഉണ്ടാവും. 3780 ചതുരശ്ര അടിയിൽ ഭിന്നശേഷി സൗഹൃദ മാതൃകയിലാണ് മൂന്നുനില കെട്ടിടം. ഈ സ്‌കിൽ പാർക്ക് കേരളത്തിലെ 16 സ്‌കിൽ പാർക്കുകളിൽ ഏറ്റവും വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷയായി. അഭ്യസ്തവിദ്യരായ വിദ്യാർഥികളെ സംബന്ധിച്ച് തൊഴിലും വിദ്യാഭ്യാസവും തമ്മിൽ നിലനിൽക്കുന്ന വിടവ് സ്‌കിൽ ഗ്യാപ് ആണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നൈപുണ്യ വികസനം ഉറപ്പാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തതെന്ന് മന്ത്രി പറഞ്ഞു. 133 ആധുനിക സ്‌കിൽ കോഴ്‌സുകൾ അസാപ് നൽകുന്നതായും മന്ത്രി പറഞ്ഞു.

ഡോ. വി ശിവദാസൻ എം പി വിശിഷ്ടാതിഥിയായി. അസാപ് ചെയർപേഴ്‌സൻ ആൻഡ് എംഡി ഉഷ ടൈറ്റസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, എൻ ടി ടി എഫ് മാനേജിങ് ഡയറക്ടർ ഡോ. എൻ രഘുരാജ്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ കെ രവി, കെ എസ് ഐ ടി ഐ എൽ എംഡി ഡോ. സന്തോഷ് ബാബു, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷീജ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി സീമ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബൈജു നങ്ങാരത്ത്, ഗ്രാമപഞ്ചായത്തംഗം കെ പ്രീത, അസാപ് ജില്ലാ പ്രോഗ്രാം മാനേജർ കൃഷ്ണൻ കോളിയോട്ട്, കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ വിനോദ് കുമാർ, എൻടിടിഎഫ് ഡെപ്യൂട്ടി എംഡി ബി വി സുദർശനൻ, രാഷ്ട്രീയപാർട്ടി നേതാക്കൾ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69564/50-lakh-teachers-to-be-given-skill-training-by-2026-cm)