---
title: "ജലാശയങ്ങൾ ശുചീകരിക്കാൻ പ്രത്യേകയജ്ഞം നടത്തും"
english_title: "A special mission will be conducted to clean the water bodies"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69575/a-special-mission-will-be-conducted-to-clean-the-water-bodies"
published_at: "2022-09-20T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6329a8f1deea5_images_(12).jpeg"
keywords: []
---

# ജലാശയങ്ങൾ ശുചീകരിക്കാൻ പ്രത്യേകയജ്ഞം നടത്തും

> **Lead Summary:** **കണ്ണൂർ : **കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പൊതുകുളങ്ങൾ ശുചീകരിക്കാൻ പ്രത്യേക യജ്ഞം നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും ഗ്രാമവികസന കമ്മീഷണറുമായ എം ജി രാജമാണിക്യം. കണ്ണൂർ ഡി പി സി ഹാളിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ റർബൻമിഷന്റെയും സൻസദ് ആദർശ് ഗ്രാമയോജനയുടെയും പി എം എ വൈ(ജി)യുടെയും നബാർഡിന്റെയും പ്രവർത്തനങ്ങൾ ജില്ലയിൽ മികച്ച രീതിയിലാണ് നടക്കുന്നത്.

## Article Content

**കണ്ണൂർ : **കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പൊതുകുളങ്ങൾ ശുചീകരിക്കാൻ പ്രത്യേക യജ്ഞം നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും ഗ്രാമവികസന കമ്മീഷണറുമായ എം ജി രാജമാണിക്യം. കണ്ണൂർ ഡി പി സി ഹാളിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ റർബൻമിഷന്റെയും സൻസദ് ആദർശ് ഗ്രാമയോജനയുടെയും പി എം എ വൈ(ജി)യുടെയും നബാർഡിന്റെയും പ്രവർത്തനങ്ങൾ ജില്ലയിൽ മികച്ച രീതിയിലാണ് നടക്കുന്നത്.

അതിദാരിദ്ര്യ സർവ്വെ നടത്തി കണ്ടെത്തിയ ഗുണഭോക്താക്കൾക്കായി മൈക്രോപ്ലാൻ തയ്യാറാക്കുന്നതിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇതിൽ പലർക്കും റേഷൻ കാർഡ്, ആധാർകാർഡ്, ഭുമിയുടെ രേഖകൾ തുടങ്ങിയവ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ആവശ്യമായ എല്ലാ രേഖകളും ലഭ്യമാക്കാൻ ഗ്രാമപഞ്ചായത്ത് തലത്തിൽ ക്യാമ്പുകൾ നടത്തും. കെ എസ് ഇ ബി, വാട്ടർ അതോറിറ്റി, റവന്യു, സിവിൽ സപ്ലൈസ് തുടങ്ങി വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെ അതിദരിദ്രർക്ക് ആവശ്യമായ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ,

പ്രൊജക്ട് ഡയറക്ടർ റ്റൈനി സൂസൻ ജോൺ, എംജിഎൻആർഇജിഎസ് ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ പി സുരേന്ദ്രൻ, എ ഡി സി (ജനറൽ) ഡി വി അബ്ദുൾ ജലീൽ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69575/a-special-mission-will-be-conducted-to-clean-the-water-bodies)