---
title: "റബർ പ്രൊഡക്ഷൻ ഇൻസെന്റീവ് സ്കീം വീണ്ടും ഏർപ്പെടുത്തി"
english_title: " rubber production scheeme"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69670/rubber-production-scheeme"
published_at: "2022-09-21T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632a84be5fee1_images_(2).jpeg"
keywords: []
---

# റബർ പ്രൊഡക്ഷൻ ഇൻസെന്റീവ് സ്കീം വീണ്ടും ഏർപ്പെടുത്തി

> **Lead Summary:** **പേരാവൂർ: ** വില കുറയുമ്പോൾ അടിസ്ഥാനവില നിശ്ചയിക്കുകയും പൊതുവിപണിയിൽ കുറവ് വരുന്ന തുക കർഷകനു നൽകുകയും ചെയ്യുന്ന റബർ പ്രൊഡക്ഷൻ ഇൻ സെന്റീവ് വീണ്ടും ഏർപ്പെടുത്തി ധനകാര്യവകുപ്പ് ഉത്തരവ് ഇറക്കി. 170 രൂപ അടിസ്ഥാന വില കണക്കാക്കിയാണ് ഇത്തവണയും ഇൻസെന്റീവ് സ്കീം നടപ്പാക്കിയിട്ടുള്ളത്. 2015 ൽ 150 രൂപ തറവില നിശ്ചയിച്ച് ഉമ്മൻചാണ്ടി സർക്കാറാണ് റബർ പ്രൊഡക്ഷൻ ഇൻസെന്റീവ് സ്കീം ആരംഭിച്ചത്. എട്ടാമത്തെ വർഷമാണ് സ്കീം നടപ്പിലാക്കുന്നത്.

## Article Content

**പേരാവൂർ: ** വില കുറയുമ്പോൾ അടിസ്ഥാനവില നിശ്ചയിക്കുകയും പൊതുവിപണിയിൽ കുറവ് വരുന്ന തുക കർഷകനു നൽകുകയും ചെയ്യുന്ന റബർ പ്രൊഡക്ഷൻ ഇൻ സെന്റീവ് വീണ്ടും ഏർപ്പെടുത്തി ധനകാര്യവകുപ്പ് ഉത്തരവ് ഇറക്കി. 170 രൂപ അടിസ്ഥാന വില കണക്കാക്കിയാണ് ഇത്തവണയും ഇൻസെന്റീവ് സ്കീം നടപ്പാക്കിയിട്ടുള്ളത്. 2015 ൽ 150 രൂപ തറവില നിശ്ചയിച്ച് ഉമ്മൻചാണ്ടി സർക്കാറാണ് റബർ പ്രൊഡക്ഷൻ ഇൻസെന്റീവ് സ്കീം ആരംഭിച്ചത്. എട്ടാമത്തെ വർഷമാണ് സ്കീം നടപ്പിലാക്കുന്നത്.

2023 ജൂൺ 30 വരെയാണ് ഇത്തവണ കാലാവധി നിശ്ചയിച്ചിട്ടുള്ളത്. നിലവിൽ സ്കീമിൽ ഉൾപ്പെടാത്ത കർഷകർക്ക് നവംബർ 30 വരെ രജിസ്റ്റർ ചെയ്യാം. ജൂലൈ ഒന്ന് മുതലുള്ള വിൽപ്പനയുടെ ഇൻവോയ്സുകൾ ഇൻസെന്റീവിനായി പരിഗണിക്കും. രജിസ്റ്റർ ചെയ്യുന്ന കർഷകർ ഈ സാമ്പത്തിക വർഷത്തെ ഭൂനികുതി അടച്ചതിന്റെ രേഖകൾ ഹാജരാക്കണം. മുൻപ് രജിസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല. രജിസ്ട്രേഷൻ പുതുക്കുന്നതിന് സമയപരിധി വെച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് തറവില 170 ആക്കി ഉയർത്തിയത്. തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയാൽ തറ വില 250 രൂപയാക്കും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വില ഉയർന്നില്ല. മാത്രമല്ല ഏതാനും മാസങ്ങളിൽ റബ്ബറിന് 180 രൂപയ്ക്ക് മുകളിൽ വില കിട്ടിയിരുന്നതിനാൽ ഇൻസെന്റീവ് നൽകേണ്ടി വന്നിരുന്നുമില്ല. ഇപ്പോൾ പക്ഷേ വില 146 രൂപയായി. വില ഇനിയും കുറയാനുള്ള സാധ്യതയുണ്ട്. കർഷകർ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് കർഷക സംഘടനകളും കർഷകസംഘങ്ങളും പറയുന്നു. മരം ഒന്നിന് 2.50 രൂപയായി കൂലി. വളത്തിന്റെ വില രണ്ട് ഇരട്ടിയായി വർദ്ധിച്ചു.

പൊട്ടാഷിന്റെ വില 650 രൂപയിൽ നിന്ന് ഉയർന്ന് 1700 രൂപയോളമായി. ഫാക്ടംഫോസ് 40 കിലോ ചാക്കിന് 1450 രൂപയായി വില. ഇപ്പോൾ നിശ്ചയിച്ച തറ വില പ്രകാരം ഉള്ള ഇൻസെന്റീവ് ലഭിച്ചാൽ പോലും റബ്ബർ കർഷകർക്ക് പ്രതിസന്ധിയെ തരണം ചെയ്യാൻ സാധിക്കില്ലെന്നാണ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69670/rubber-production-scheeme)