---
title: "സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അല്ലാതെ പൊതുവിദ്യാലയങ്ങളില്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി: മന്ത്രി വി ശിവന്‍കുട്ടി"
english_title: "Sivankutty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70751/sivankutty"
published_at: "2022-09-26T05:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6330ed40e6801_Screenshot_20220926-053504.png"
keywords: []
---

# സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അല്ലാതെ പൊതുവിദ്യാലയങ്ങളില്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി: മന്ത്രി വി ശിവന്‍കുട്ടി

> **Lead Summary:** **തിരുവനന്തപുരം: **പൊതുവിദ്യാഭ്യാസ മേഖലയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അല്ലാതെ ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി മന്ത്രി വി ശിവന്‍കുട്ടി.

## Article Content

**തിരുവനന്തപുരം: **പൊതുവിദ്യാഭ്യാസ മേഖലയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അല്ലാതെ ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി മന്ത്രി വി ശിവന്‍കുട്ടി.

പൊതുജനങ്ങള്‍ക്കും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പരിശീലനം നല്‍കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൈറ്റും ഡിഎകെഎഫും സംഘടിപ്പിച്ച സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടു പതിറ്റാണ്ടായി നടന്നു വരുന്ന കേരളത്തിലെ ഐടി വിദ്യാഭ്യാസം മാതൃകയാകുന്നത് പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായതുകൊണ്ട് കൂടിയാണെന്നും തത്ഫലമായി 3000 കോടി രൂപ ലാഭിക്കാനായതും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട കാര്യമാണെന്നും അദ്ദേഹം അറിയിച്ചു.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപനം പോലെതന്നെ പ്രധാനമാണ് ഇന്റര്‍നെറ്റ് ഗവേണന്‍സുമായി ബന്ധപ്പെട്ട സങ്കീര്‍ണപ്രശ്നങ്ങളെന്നും ഇതിനും സമൂഹ പങ്കാളിത്തം ആവശ്യമാണെന്നും അമര്‍നാഥ് രാജ അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ഐകാന്‍ ഉപദേശക സമിതി അംഗം സതീഷ് ബാബു പറഞ്ഞു. കൈറ്റ് സിഇഒ. കെ അന്‍വര്‍ സാദത്ത് പദ്ധതി വിശദീകരണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70751/sivankutty)