---
title: "അച്ചടക്കത്തിൻ്റെ ചന്ദ്രഹാസമിളക്കി ഭയപ്പെടുത്തി വിമർശകരെ നിശബ്ദരാക്കുന്നത് ആരോഗ്യകരമല്ല,അച്ചടക്കം എന്നാൽ അടിമത്തവുമല്ല; ബിജെപി നേതൃത്വത്തോട് പി പി മുകുന്ദൻ "
english_title: "Discipline, however, is not slavery pp mukundan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7108/discipline-however-is-not-slavery-pp-mukundan"
published_at: "2021-10-25T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61766329c64ba_PicsArt_10-25-01.21.42.jpg"
keywords: []
---

# അച്ചടക്കത്തിൻ്റെ ചന്ദ്രഹാസമിളക്കി ഭയപ്പെടുത്തി വിമർശകരെ നിശബ്ദരാക്കുന്നത് ആരോഗ്യകരമല്ല,അച്ചടക്കം എന്നാൽ അടിമത്തവുമല്ല; ബിജെപി നേതൃത്വത്തോട് പി പി മുകുന്ദൻ 

> **Lead Summary:** മണത്തണ :( കണ്ണൂർ) വിമർശനം മറുപക്ഷത്ത് നിന്നായാലും അത് ഉൾക്കൊള്ളാനും തിരുത്താനും ഉള്ള സന്മനോഭാവം നേതൃത്വത്തിന് ഉണ്ടാവണമെന്ന് മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ. അച്ചടക്കത്തിൻ്റെ ചന്ദ്രഹാസമിളക്കി ഭയപ്പെടുത്തി വിമർശകരെ നിശബ്ദരാക്കുന്നത് ആരോഗ്യകരമല്ല. അച്ചടക്കം എന്നാൽ അടിമത്വം അല്ല എന്നും മുകുന്ദൻ വ്യക്തമാക്കി .

## Article Content

മണത്തണ :( കണ്ണൂർ) വിമർശനം മറുപക്ഷത്ത് നിന്നായാലും അത് ഉൾക്കൊള്ളാനും തിരുത്താനും ഉള്ള സന്മനോഭാവം നേതൃത്വത്തിന് ഉണ്ടാവണമെന്ന് മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ. അച്ചടക്കത്തിൻ്റെ ചന്ദ്രഹാസമിളക്കി ഭയപ്പെടുത്തി വിമർശകരെ നിശബ്ദരാക്കുന്നത് ആരോഗ്യകരമല്ല. അച്ചടക്കം എന്നാൽ അടിമത്വം അല്ല എന്നും മുകുന്ദൻ വ്യക്തമാക്കി .

ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.സീസറിൻ്റെ പത്നിയെ പോലെ പ്രസ്ഥാനത്തെ നയിക്കുന്നവരും സംശയാതീതരും കളങ്ക രഹിതരുമാവണമെന്നും മുകുന്ദൻ ഓർമ്മപ്പെടുത്തുന്നു.

   പി പി മുകുന്ദൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം:-

> പ്രതിസന്ധിയും പ്രതിവിധിയും " ബിജെപിയുടെ കേരളത്തിലെ പ്രതിസന്ധി ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പക്ഷെ അതിന് പരിഹാരം അരുളുന്ന ക്രിയാത്മക നിർദേശങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. ബിജെപി ഉൾപ്പെടുന്ന സംഘ പരിവാറിനുള്ളിൽ നിന്നാവാം, പുറത്തുള്ള അഭ്യുദയകാംക്ഷികളിൽ നിന്നാവാം അത്തരം നിർദേശങ്ങൾ. എന്തായാലും ഇനി എന്ത്, എങ്ങനെ എന്നതിനെ കുറിച്ച് വ്യാപകവും വസ്തുനിഷ്ഠവും, അതേയവസരത്തിൽ സ്വതന്ത്രവും ആയ സംവാദത്തിനുളള സമയം സമാഗതമായിരിക്കുന്നു. ഇനി അത് നീട്ടിക്കൊണ്ടു പോവുന്നത് പ്രസ്ഥാനത്തെയും പ്രവർത്തകരെയും സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും. സംഘടനയെ നയിക്കുന്ന വ്യക്തികൾ വന്നും പോയുമിരിക്കും.

അവരല്ല വിഷയം. എന്നെന്നും നില നിൽക്കേണ്ട പ്രസ്ഥാനമാണ് സർവപ്രധാനവും പ്രസക്തവും. അക്കാരണത്താൽ തന്നെ വിമർശനം വ്യക്തിപരമായി വീക്ഷിക്കപ്പെടരുത്. വിമർശനം മറുപക്ഷത്ത് നിന്നായാലും അത് ഉൾക്കൊള്ളാനും തിരുത്താനും ഉള്ള സന്മനോഭാവം നേതൃത്വത്തിന് ഉണ്ടാവണം. അച്ചടക്കത്തിൻ്റെ ചന്ദ്രഹാസമിളക്കി ഭയപ്പെടുത്തി വിമർശകരെ നിശബ്ദരാക്കുന്നത് ആരോഗ്യകരമല്ല. അച്ചടക്കം എന്നാൽ അടിമത്വം അല്ലല്ലോ. തിരഞ്ഞെടുപ്പിലും, അതിന് മുമ്പും പിമ്പും പാളിച്ചകൾ ഏറെ ഉണ്ടായി. അവയെ കണ്ടില്ലെന്നു നടിച്ച് മുന്നോട്ട് പോവാനും കണ്ണടച്ച് ഇരുട്ടാക്കനും ഉള്ള ശ്രമം ഈ വൈകിയ വേളയിലെങ്കിലും അവസാനിപ്പിക്കണം.

വിശ്വാസ്യത നഷ്ടപ്പെടുത്താൻ മാത്രമേ ഇത്തരം ഒട്ടകപക്ഷി നയം സഹായിക്കൂ. സ്വയം വിലയിരുത്തി, സ്വയം വിമർശിച്ച് തെറ്റ് തിരുത്തി മാത്രമേ പ്രസ്ഥാനത്തെ പ്രതിസന്ധിയിൽ നിന്ന് കര കയറ്റാനാവു. അതല്ലാതെ മറ്റ് മാന്ത്രികവടികളൊന്നുമില്ല. തുറന്ന സംവാദവും സമീപനവും അനുകൂലമായ അന്തരീഷമൊരുക്കും. ആർക്കും അപകർഷതയോ ദുരഭിമാനമോ തോന്നേണ്ടതില്ല. പൊതുസമൂഹം പ്രത്യാശയോടെയാണ് പ്രസ്ഥാനത്തെ ഉറ്റു നോക്കുന്നത്. പ്രത്യയശാസ്ത്രത്തോട് ഉള്ള പ്രതിബദ്ധതക്ക് പോറൽ ഒന്നും എറ്റിട്ടുമില്ല.രാഷ്ട്രീയ അന്തരീക്ഷം എന്നത്തെയും കാൾ അനുകൂലം. അരയും തലയും മുറുക്കി പതിനായിരക്കണക്കിന് പ്രവർത്തകരുടെ നിര.

എന്നിട്ടുമെന്തേ നമുക്ക് മുന്നേറാൻ ആവുന്നില്ല എന്നതാണ് അടിയന്തര ആത്മപരിശോധനക്ക് വിധേയമാകേണ്ടത്. നൂറ് കണക്കിന് പ്രവർത്തകർ ജീവൻ ബലിയർപ്പിച്ചത് പ്രസ്ഥാനത്തിന് വേണ്ടിയാണ്. അവരുടെ ബലിദാനം പാഴായിപ്പോവാൻ അനുവദിച്ചു കൂടാ. പ്രതിയോഗികളുടെ അക്രമത്തിൽ അംഗവൈകല്യം സംഭവിച്ച് കഴിയുന്നവർ നിരവധിയാണ്. പ്രസ്ഥാനത്തിന് വേണ്ടി ഇന്നും തടവറയിൽ കഴിയുന്നവർ അനവധി. അവരുടെയൊക്കെ കുടുംബങ്ങളുടെ ഉത്തരവാദിത്വം പ്രസ്ഥാനത്തിനുണ്ട്.

> അപഭ്രംശങ്ങളും അപഥ സഞ്ചാരവും ധീര ബലിദാനികളുടെ ആത്മാക്കൾ പൊറുക്കില്ല. തിരുത്താനും വഴി തെളിക്കാനും വരുന്നവർക്ക് അതിനുള്ള ധാർമിക ശക്തി വേണം. എവിടെയോ അത് ചോർന്നു പോയോ എന്ന് പരിശോധിക്കണം. അത്തരക്കാർ അത് വീണ്ടെടുക്കണം. അഗ്നി ശുദ്ധി വരുത്തണം. സീസറിൻ്റെ പത്നിയെ പോലെ പ്രസ്ഥാനത്തെ നയിക്കുന്നവരും സംശയാതീതരും കളങ്ക രഹിതരുമാവണം. എങ്കിൽ നാളെ നമ്മുടേത് തന്നെ നിശ്ചയം. ചരൈവേതി! ചരൈവേതി!! "

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7108/discipline-however-is-not-slavery-pp-mukundan)