---
title: "ആറളം ഫാമിലെ കാട്ടാന വിഷയത്തില്‍ സിപിഎം സമരം പ്രഹസനം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്"
english_title: "CPM's struggle on Aralam Farm's Katana issue is a farce: Adv.Martin George"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71829/cpms-struggle-on-aralam-farms-katana-issue-is-a-farce-advmartin-george"
published_at: "2022-09-30T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633706905be85_images_(20).jpeg"
keywords: []
---

# ആറളം ഫാമിലെ കാട്ടാന വിഷയത്തില്‍ സിപിഎം സമരം പ്രഹസനം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

> **Lead Summary:** **കണ്ണൂര്‍**: ആറളം ഫാമില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നത് ആവര്‍ത്തിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളും സിപിഎം ഇരിട്ടി ഏരിയാ കമ്മിറ്റി ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ സമരവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രഹസനം മാത്രമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

## Article Content

**കണ്ണൂര്‍**: ആറളം ഫാമില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നത് ആവര്‍ത്തിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളും സിപിഎം ഇരിട്ടി ഏരിയാ കമ്മിറ്റി ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ സമരവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രഹസനം മാത്രമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

ആറളം ഫാമിലേക്ക് കാട്ടാനകളുടെ കടന്നു കയറ്റം തടയാന്‍ മൂന്നു വര്‍ഷം മുമ്പ് ഭരണാനുമതി ലഭിച്ച ആനമതില്‍ പദ്ധതി അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. മൂന്നു മന്ത്രിമാരുടെ, അതായത് വനം, പട്ടികവര്‍ഗക്ഷേമം, തദ്ദേശഭരണ വകുപ്പു മന്ത്രിമാരുടെ സാന്നിധ്യത്തില്‍ മൂന്നു വകുപ്പുകളിലേയും ഉന്നത ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗത്തിലെടുത്ത തീരുമാനമാണ് ആറളം ഫാമിലും ആദിവാസി പുനരധിവാസമേഖലയിലും ആനമതില്‍ നിര്‍മിക്കുക എന്നത്. ഇതിനായി പട്ടികവര്‍ഗക്ഷേമവകുപ്പ് അനുവദിച്ച 22 കോടി രൂപയുടെ പദ്ധതിക്ക് 2019ല്‍ ഭരണാനുമതി ലഭിക്കുകയും ചെയ്തതാണ്. പക്ഷേ, ആനമതില്‍ പദ്ധതി പ്രായോഗികമല്ലെന്ന തരത്തില്‍ ഉദ്യോഗസ്ഥ ലോബി ഇടപെട്ട് ഈ പദ്ധതിയെ അട്ടിമറിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അഡ്വ.സണ്ണി ജോസഫ് എംഎല്‍എ നിയമസഭയില്‍ മുഖ്യമന്ത്രിയുടെയും വകുപ്പുമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. മൂന്നു മന്ത്രിമാരുടെ നേതൃത്വത്തിലെടുത്ത തീരുമാനത്തെ ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്ന അവസ്ഥയാണുണ്ടായത്. മുഖ്യമന്ത്രി ഈ വിഷയത്തില്‍ വേണ്ട താല്‍പര്യം കാണിച്ചില്ല. സ്വന്തം മന്ത്രിമാരുടെ കഴിവുകേടും പ്രാപ്തിയില്ലായ്മയും മറച്ചു വെച്ചുള്ള സിപിഎമ്മിന്റെ ഇപ്പോഴത്തെ സമരം പരിഹാസ്യമാണ്. കാട്ടാനകളുടെ ആക്രമണത്തില്‍ ആദിവാസി കര്‍ഷകര്‍ കൊല്ലപ്പെടുമ്പോള്‍ പ്രദേശത്തുയരുന്ന ജനരോഷത്തില്‍ നിന്നും തടി തപ്പാനാണ് സിപിഎം ശ്രമിക്കുന്നത്. ഫോറസ്റ്റ് ഓഫീസ് മാര്‍ച്ചും പ്രസ്താവനയും നടത്തുന്നതിനു പകരം മന്ത്രിമാരുടെ സാന്നിധ്യത്തിലെടുത്ത തീരുമാനം നടപ്പിലാക്കാനുള്ള ആര്‍ജ്ജവമാണ് പുലര്‍ത്തേണ്ടത്. മന്ത്രിമാരുടെ കഴിവുകേട് മറച്ചു വെച്ചുള്ള സിപിഎമ്മിന്റെ സമരത്തിന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയെന്നതിനപ്പുറം എന്ത് ആത്മാര്‍ത്ഥതയാണുള്ളതെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ചോദിച്ചു.

ആറളം ഫാമിലെയും ആദിവാസി പുനരധിവാസമേഖലയിലേയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള നടപടി അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണം. പ്രസ്താവനയും സമരവും നടത്തി കൈകഴുകി മാറാനുള്ള ഭരണകക്ഷി നേതാക്കളുടെ ശ്രമത്തെ തികഞ്ഞ അവജ്ഞയോടെ മാത്രമേ പൊതുസമൂഹം കാണുകയുള്ളൂവെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71829/cpms-struggle-on-aralam-farms-katana-issue-is-a-farce-advmartin-george)