---
title: "രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും"
english_title: "5G services will start in the country from today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71871/5g-services-will-start-in-the-country-from-today"
published_at: "2022-10-01T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6337b4eca7d43_images_(12).jpeg"
keywords: []
---

# രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

> **Lead Summary:** **ന്യൂഡല്‍ഹി**: രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കമാകും. ഔദ്യോഗിക ഉദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വഹിക്കും.

## Article Content

**ന്യൂഡല്‍ഹി**: രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കമാകും. ഔദ്യോഗിക ഉദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വഹിക്കും.

ന്യൂഡല്‍ഹി പ്രഗതി മൈതാനിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനചടങ്ങിലാണ് പ്രഖ്യാപനം ഉണ്ടാവുക. ഇന്നു മുതല്‍ 4 വരെയാണ് മൊബൈല്‍ കോണ്‍ഗ്രസ്. 'നവ ഡിജിറ്റല്‍ പ്രപഞ്ചം ' എന്നതാണ് പ്രമേയം.

തടസ്സമില്ലാത്ത കവറേജ്, ഉയര്‍ന്ന ഡേറ്റ നിരക്ക്, കുറഞ്ഞ നിര്‍ജീവത, വിശ്വസനീയമായ ആശയവിനിമയം, ഹൈ റെസലൂഷന്‍ വീഡിയോ സ്ട്രീമിംഗ് എന്നിവ 5ജി സാങ്കേതികവിദ്യ നല്‍കും.

കഴിഞ്ഞ മാസം നടന്ന 5 ജി സ്‌പെക്‌ട്രം ലേലത്തില്‍ മുന്നില്‍ എത്തിയ റിലയന്‍സ് ജിയോ 88,000 കോടി രൂപയുടെ സ്പെക്‌ട്രം ആണ് സ്വന്തമാക്കിയത്. ദീപാവലിയോടെ ഡല്‍ഹി, കൊല്‍ക്കത്ത, മുംബയ്, ചെന്നൈ നഗരങ്ങളിലും 2023 ഡിസംബറോടെ രാജ്യത്തെമ്ബാടും ജിയോ 5 ജി മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ പത്തു കോടി ആളുകള്‍ക്ക് 5 ജി സ്‌മാര്‍ട്ട് ഫോണുകള്‍ ഉണ്ടെന്നും 5 ജി സേവനത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ അവര്‍ കാത്തിരിക്കയാണെന്നും സ്വീഡിഷ് കമ്ബനിയായ എറിക്സണ്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സേവനം തുടങ്ങുന്നതോടെ 5 ജി സ്‌മാര്‍ട്ട് ഫോണുകളുടെ വില്‍പ്പന കുതിച്ചുയരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71871/5g-services-will-start-in-the-country-from-today)