---
title: "പ്ലസ് വണ്ണിന് സീറ്റ് ക്ഷാമം രൂക്ഷമായ ജില്ലകളിൽ താൽക്കാലിക അധിക ബാച്ചുകൾ"
english_title: "Temporary additional batches in districts"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7262/temporary-additional-batches-in-districts"
published_at: "2021-10-26T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6177a316e5458_images (44).jpeg"
keywords: []
---

# പ്ലസ് വണ്ണിന് സീറ്റ് ക്ഷാമം രൂക്ഷമായ ജില്ലകളിൽ താൽക്കാലിക അധിക ബാച്ചുകൾ

> **Lead Summary:** പ്ലസ് വണ്ണിന് സീറ്റ് ക്ഷാമം രൂക്ഷമായ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ താൽക്കാലിക അധിക ബാച്ചുകൾ അനുവദിക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. നിലവിൽ ബാച്ചുകളിലെ കുട്ടികളുടെ എണ്ണം 50ൽ നിന്ന് 60 ആക്കിയിട്ടുണ്ട്. ഇനി 5 സീറ്റുകൾ കൂടി വർധിപ്പിച്ചാലും കുട്ടികൾക്ക് സീറ്റുകൾ ഉറപ്പിക്കാനാകില്ല.

## Article Content

പ്ലസ് വണ്ണിന് സീറ്റ് ക്ഷാമം രൂക്ഷമായ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ താൽക്കാലിക അധിക ബാച്ചുകൾ അനുവദിക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. നിലവിൽ ബാച്ചുകളിലെ കുട്ടികളുടെ എണ്ണം 50ൽ നിന്ന് 60 ആക്കിയിട്ടുണ്ട്. ഇനി 5 സീറ്റുകൾ കൂടി വർധിപ്പിച്ചാലും കുട്ടികൾക്ക് സീറ്റുകൾ ഉറപ്പിക്കാനാകില്ല.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പുറത്തു നിൽക്കുന്നത്. സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷ നൽകുന്ന കുട്ടികളുടെ എണ്ണം കൂടി പരിഗണിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. സീറ്റ് വർധനയ്ക്ക് നാളെ ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നൽകും. തുടർന്ന് സർക്കാർ ഉത്തരവിറങ്ങും. 

കമ്യൂണിറ്റി ക്വോട്ടയിലെ സപ്ലിമെന്ററി പ്രവേശനം ഇന്നലെ അവസാനിച്ചപ്പോൾ ഏതാണ്ട് 2500 സീറ്റുകളാണ് ഒഴിവുള്ളത്. രണ്ടാം ഘട്ട അലോട്മെന്റിനു ശേഷം 37,545 സീറ്റുകളാണ് ഒഴിവുണ്ടായിരുന്നത്. ഇതോടെ ആകെ ഒഴിവുള്ള സീറ്റുകളുടെ എണ്ണം നാൽപതിനായിരത്തിനു മുകളിലെത്തും.

സപ്ലിമെന്ററി അലോട്മെന്റിനുള്ള അപേക്ഷകളിൽ നിന്ന് സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിൽ എത്ര പേർക്കാണ് സീറ്റ് ലഭിക്കേണ്ടതെന്നു പരിശോധിച്ച ശേഷമായിരിക്കും സീറ്റ് വർധനയും ബാച്ച് അനുവദിക്കലും. ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനത്തിനെത്തുന്ന സയൻസ് ഗ്രൂപ്പിൽ മിക്കയിടത്തും താൽക്കാലിക ബാച്ചുകൾ അനുവദിക്കേണ്ടി വരും.

ആകെയുള്ള 4.25 ലക്ഷം അപേക്ഷകരിൽ ഇതുവരെ 3.06 ലക്ഷം പേർക്കാണ് പ്രവേശനം ലഭിച്ചത്. അൺ എയ്ഡഡിൽ 34,423 സീറ്റുകളാണ് ഒഴിവുള്ളത്. ഇവയിലെല്ലാം പ്രവേശനം പൂർത്തിയായാലും മുപ്പതിനായിരത്തിനു മുകളിൽ വിദ്യാർഥികൾ പുറത്താകുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. പ്ലസ് വണ്ണിനു വിഷയം തിരിച്ചു സീറ്റ് കുറവുള്ളത് 50 താലൂക്കുകളിലാണ്.

സയൻസിൽ 36 താലൂക്കിലും ഹ്യുമാനിറ്റീസിൽ 41ലും കൊമേഴ്സിൽ 46 ലും സീറ്റ് കുറവാണെന്നും മന്ത്രി അറിയിച്ചു. പ്ലസ് വൺ സീറ്റ് വർധനയുടെ കാര്യത്തിൽ സർക്കാർ നടപടികൾ നീട്ടിക്കൊണ്ടു പോകുകയാണെന്നാരോപിച്ച് ചോദ്യോത്തര വേളയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7262/temporary-additional-batches-in-districts)