---
title: "സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത"
english_title: "Heavy rain is likely in the state for the next four days"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72654/heavy-rain-is-likely-in-the-state-for-the-next-four-days"
published_at: "2022-10-05T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d653d8bb51_images_(12).jpeg"
keywords: []
---

# സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം** : സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

## Article Content

**തിരുവനന്തപുരം** : സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

ഇന്ന് മുതല്‍ ഒന്‍പത് വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യം നിലനില്‍ക്കെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും, ഇടിമിന്നല്‍ ദൃശ്യമല്ല എന്ന കാരണത്താല്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

മഴ മുന്നറിയിപ്പുണ്ടെങ്കിലും കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ ദൃശ്യമല്ല എന്ന കാരണത്താല്‍ മുന്‍കരുതലില്‍ വീഴ്ച വരുത്തരുത്

ഇടിമിന്നല്‍ ശക്തമാകുന്ന സാഹചര്യങ്ങളില്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നതും, വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗിക്കുന്നതും ഒഴിവാക്കണം. ജലാശയത്തില്‍ മീന്‍ പിടിക്കാനും, കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ ആര്‍ക്കെങ്കിലും ഇടിമിന്നല്‍ ഏല്‍ക്കുകയാണെങ്കില്‍ ഉടന്‍ തന്നെ വൈദ്യ സഹായം ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72654/heavy-rain-is-likely-in-the-state-for-the-next-four-days)