---
title: "നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പൊതുനിരത്തില്‍ പാടില്ലെന്ന് ഹൈക്കോടതി"
english_title: "High Court said vehicles violating the law should not be allowed on public roads"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73692/high-court-said-vehicles-violating-the-law-should-not-be-allowed-on-public-roads"
published_at: "2022-10-10T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6343fd7218098_images_(1).jpeg"
keywords: []
---

# നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പൊതുനിരത്തില്‍ പാടില്ലെന്ന് ഹൈക്കോടതി

> **Lead Summary:** **കൊച്ചി : **നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ പൊതുനിരത്തില്‍ പാടില്ലെന്ന് ഹൈക്കോടതി.

## Article Content

**കൊച്ചി : **നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ പൊതുനിരത്തില്‍ പാടില്ലെന്ന് ഹൈക്കോടതി.

നിയമവിരുദ്ധ ലൈറ്റുകളോ ശബ്ദസംവിധാനങ്ങളോ ഉള്ള വാഹനങ്ങള്‍ പിടിച്ചെടുക്കാം. നിയമവിരുദ്ധ നിറങ്ങളുള്ള വാഹനങ്ങളും പിടിച്ചെടുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.

ഇത്തരം നിയമവിരുദ്ധമായ ശബ്ദസംവിധാനങ്ങളുള്ള വാഹനങ്ങള്‍ കൂടുതലായും വിദ്യാര്‍ത്ഥികളാണ് ആവശ്യപ്പെടുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അപ്പോള്‍ ഇത്തരം നിയമവിരുദ്ധമായ വാഹനങ്ങള്‍ ഇനി സ്‌കൂള്‍-കോളജ് ക്യാംപസില്‍ കയറ്റാന്‍ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ ഇത്തരം വാഹനങ്ങളില്‍ വിനോദയാത്ര പോകേണ്ടതില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് കോടതി നിലപാട് കടുപ്പിച്ചത്. കോടതി വടക്കഞ്ചേരി അപകടത്തിന്റെ ദൃശ്യങ്ങള്‍ തുറന്ന കോടതിയില്‍ പരിശോധിക്കുകയും ചെയ്തു.

പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങളോട് ഒരു സൗമ്യതയും വേണ്ടെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. നിയമം ലംഘിക്കുന്ന ബസ്സുകളുടെ ഫിറ്റ്നസ് റദ്ദാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. ഇത്തരം വാഹനങ്ങളുടെ ഡ്രൈവറുടെ ലൈസന്‍സും ഉടനടി സസ്പെന്‍ഡ് ചെയ്യണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രനും പി ജി അജിത് കുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73692/high-court-said-vehicles-violating-the-law-should-not-be-allowed-on-public-roads)