---
title: "ഇരിക്കൂറിൽ ഒന്നാംഘട്ടത്തിൽ 420 തെരുവ് നായ്ക്കൾക്ക് വാക്‌സിനേഷൻ നൽകി"
english_title: "In the first phase, 420 stray dogs were vaccinated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74080/in-the-first-phase-420-stray-dogs-were-vaccinated"
published_at: "2022-10-12T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6346b29fb2347_images_(12).jpeg"
keywords: []
---

# ഇരിക്കൂറിൽ ഒന്നാംഘട്ടത്തിൽ 420 തെരുവ് നായ്ക്കൾക്ക് വാക്‌സിനേഷൻ നൽകി

> **Lead Summary:** **ഇരിക്കൂർ**: വർധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരമായി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ മൊബൈൽ വാക്‌സിനേഷൻ യൂണിറ്റിന്റെ ഒന്നാംഘട്ട പ്രവർത്തനം പൂർത്തിയായി. 10 ദിവസം കൊണ്ട് 420 തെരുവ് നായ്ക്കൾക്കാണ് വാക്‌സിൻ നൽകിയത്.

## Article Content

**ഇരിക്കൂർ**: വർധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരമായി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ മൊബൈൽ വാക്‌സിനേഷൻ യൂണിറ്റിന്റെ ഒന്നാംഘട്ട പ്രവർത്തനം പൂർത്തിയായി. 10 ദിവസം കൊണ്ട് 420 തെരുവ് നായ്ക്കൾക്കാണ് വാക്‌സിൻ നൽകിയത്.

പേവിഷബാധ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഓരോ പഞ്ചായത്തിലെയും പ്രസിഡണ്ടുമാരുടെയും വെറ്ററിനറി സർജന്മാരുടെയും നേതൃത്വത്തിൽ സ്‌കൂൾ പരിസരം, ബസ് സ്റ്റാൻഡ്, കവലകൾ, ചന്ത തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് വാക്‌സിനേഷൻ നടത്തിയത്. രണ്ട് വാഹനങ്ങളിലായി ഒരു വെറ്ററിനറി ഡോക്ടർ, രണ്ട് ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, നാല് പട്ടി പിടുത്തക്കാർ എന്നിവരടങ്ങിയ സംഘമാണ് യൂണിറ്റിൽ ഉണ്ടായിരുന്നത്. പാപ്പിനിശ്ശേരി എ ബി സി സെന്ററിൽ നിന്നും പരിശീലനം ലഭിച്ച പട്ടി പിടുത്തക്കാരാണ് പദ്ധതിയുടെ ഭാഗമായത്. വാക്‌സിൻ നൽകിയ നായകളെ തിരിച്ചറിയാൻ കഴുത്തിന് മുകളിൽ പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തുകളിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ വളർത്തുനായ്ക്കൾക്കുള്ള സൗജന്യ വാക്‌സിനേഷൻ ക്യാമ്പും പൂർത്തിയാക്കി. ഒന്നംഘട്ടം പൂർത്തിയായതോടെ വന്ധ്യംകരണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബർട്ട് ജോർജ് പറഞ്ഞു. ഇതിന് ശേഷം മൊബൈൽ വാക്‌സിനേഷന്റെ രണ്ടാംഘട്ടം ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74080/in-the-first-phase-420-stray-dogs-were-vaccinated)