---
title: "50 ഏക്കറിൽ രണ്ടാം വിള നെൽകൃഷിയിറക്കാൻ ചെങ്ങളായി"
english_title: "50 acres are ready for second crop rice cultivation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74090/50-acres-are-ready-for-second-crop-rice-cultivation"
published_at: "2022-10-12T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6346bf8e84105_images_(12).jpeg"
keywords: []
---

# 50 ഏക്കറിൽ രണ്ടാം വിള നെൽകൃഷിയിറക്കാൻ ചെങ്ങളായി

> **Lead Summary:** **കണ്ണൂർ**: സമഗ്ര കാർഷിക വികസന പദ്ധതിയിലൂടെ ഒരു വ്യാഴവട്ടക്കാലമായി തരിശായി കിടന്ന പാടങ്ങളിൽ നെല്ലുവിളയിക്കാൻ ചെങ്ങളായി ഗ്രാമപഞ്ചായത്ത്. മുങ്ങം, കുണ്ടംകൈ, പരിപ്പായി, പെരിങ്കോന്ന് പാടശേഖരങ്ങളിലെ നിലങ്ങൾ ഉൾപ്പെടെ 50 ഏക്കറിലാണ് രണ്ടാം വിള കൃഷിയിറക്കുന്നത്. പഞ്ചായത്ത് കൃഷിഭവൻ, കൃഷി വിജ്ഞാൻ കേന്ദ്ര കണ്ണൂർ, കാർഷിക കർമ്മസേന, പാടശേഖരസമിതികൾ, കുടുംബശ്രീ, തൊഴിലുറപ്പ് വിഭാഗം, കുറുമാത്തൂർ ഐ ടി ഐ എന്നിങ്ങനെ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും കൈകോർത്താണ് ചെങ്ങളായിയിൽ കാർഷിക മുന്നേറ്റത്തിനൊരുങ്ങുന്നത്.

## Article Content

**കണ്ണൂർ**: സമഗ്ര കാർഷിക വികസന പദ്ധതിയിലൂടെ ഒരു വ്യാഴവട്ടക്കാലമായി തരിശായി കിടന്ന പാടങ്ങളിൽ നെല്ലുവിളയിക്കാൻ ചെങ്ങളായി ഗ്രാമപഞ്ചായത്ത്. മുങ്ങം, കുണ്ടംകൈ, പരിപ്പായി, പെരിങ്കോന്ന് പാടശേഖരങ്ങളിലെ നിലങ്ങൾ ഉൾപ്പെടെ 50 ഏക്കറിലാണ് രണ്ടാം വിള കൃഷിയിറക്കുന്നത്. പഞ്ചായത്ത് കൃഷിഭവൻ, കൃഷി വിജ്ഞാൻ കേന്ദ്ര കണ്ണൂർ, കാർഷിക കർമ്മസേന, പാടശേഖരസമിതികൾ, കുടുംബശ്രീ, തൊഴിലുറപ്പ് വിഭാഗം, കുറുമാത്തൂർ ഐ ടി ഐ എന്നിങ്ങനെ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും കൈകോർത്താണ് ചെങ്ങളായിയിൽ കാർഷിക മുന്നേറ്റത്തിനൊരുങ്ങുന്നത്.

പഞ്ചായത്തിലെ എട്ട്, 10, 11, 12 വാർഡുകളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പാക്കുന്നത്. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള നിക്ര പദ്ധതിയുടെ സഹായവും ഇതിനുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ നടപ്പാക്കുന്ന പദ്ധതിയാണ് നിക്ര ( ദേശീയ കാലാവസ്ഥധിഷ്ഠിത പുനർജനി പദ്ധതി). വരൾച്ച, വെള്ളപ്പൊക്കം അതിവർഷം തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടാൻ കർഷകരെ പ്രാപ്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യം. നൂതന സാങ്കേതിക വിദ്യകളിലൂടെ വിളയുൽപാദനം വർധിപ്പിക്കുകയും തണ്ണീർത്തടങ്ങൾ സംരക്ഷിക്കുകയും ചെയ്യും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ബണ്ട് നിർമാണം, ചാലുകീറൽ തുടങ്ങിയവ നടപ്പാക്കും. രണ്ടാവിള നെൽകൃഷിയിൽ പൂർണ്ണമായും യന്ത്രവൽക്കരണത്തിനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

കാർഷിക മേഖലയിൽ നിന്നും വിട്ടു നിൽക്കുന്ന വിവിധ വിഭാഗങ്ങളെ കൃഷിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ കൃഷിവകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിലൂടെ സാധിച്ചു. നെൽകൃഷിയിലേക്ക് കൂടുതൽ കർഷകരെ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനൻ പറഞ്ഞു.

മുങ്ങം പാടശേഖരത്തിൽ നടന്ന ഞാറ് നടീൽ ഉത്സവം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കൊയ്യം ജനാർദ്ദനൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എം ശോഭന ടീച്ചർ, സ്ഥിരം സമിതി അധ്യക്ഷരായ എ ജനാർദ്ദനൻ, പി വി രജിത, എം എം പ്രജോഷ്, കണ്ണൂർ കൃഷി വിജ്ഞന കേന്ദ്രം മേധാവി ഡോ.പി ജയരാജ്, കൃഷി ഓഫീസർ അമിത സിസിൽ, കൃഷി അസിസ്റ്റന്റ് പി പി രാഗേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74090/50-acres-are-ready-for-second-crop-rice-cultivation)