---
title: "മുഹമ്മദ് റിയാസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അതൃപ്തി"
english_title: "The CPI (M) was dissatisfied with the criticism"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7414/the-cpi-m-was-dissatisfied-with-the-criticism"
published_at: "2021-10-27T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6178d99167ed5_1600x960_33173-riyas-2.png"
keywords: []
---

# മുഹമ്മദ് റിയാസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അതൃപ്തി

> **Lead Summary:** പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അതൃപ്തി. റിയാസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതിലാണ് പാര്‍ട്ടിയില്‍ അതൃപ്തി ഉയര്‍ന്നത്. തിങ്കളാഴ്ച എകെജി സെന്ററില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ കോടിയേരി ബാലകൃഷ്ണനാണ് എംഎല്‍എമാരെ അതൃപ്തി അറിയിച്ചത്.

## Article Content

പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അതൃപ്തി. റിയാസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതിലാണ് പാര്‍ട്ടിയില്‍ അതൃപ്തി ഉയര്‍ന്നത്. തിങ്കളാഴ്ച എകെജി സെന്ററില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ കോടിയേരി ബാലകൃഷ്ണനാണ് എംഎല്‍എമാരെ അതൃപ്തി അറിയിച്ചത്.

പാര്‍ട്ടി എംഎല്‍എമാര്‍ മാത്രം പങ്കെടുത്ത യോഗത്തിലെ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നത് സംഘടനാ രീതിയല്ലെന്ന് വിമര്‍ശനം ഉയര്‍ന്നു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും എംഎല്‍എമാര്‍ക്ക് കോടിയേരി താക്കീത് നല്‍കി. ഒക്ടോബർ ഏഴിന് നിയമസഭയില്‍ മന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെ കക്ഷിയോഗത്തില്‍ ഉയർന്ന വിമർശനം ചോർന്നതാണ് അതൃപ്തിക്ക് കാരണം.

കരാറുകാരുടെ ശുപാര്‍ശകള്‍ എംഎല്‍എമാര്‍ ഏറ്റെടുക്കരുതെന്നായിരുന്നു റിയാസിന്റെ സഭയിലെ പരാമര്‍ശം. ഇത്തരം വിഷയങ്ങളില്‍ കരാറുകാരെ ശുപാര്‍ശയുമായി മന്ത്രിയുടെ അടുക്കലേക്ക് വിടുന്നത് എംഎല്‍എമാര്‍ ഒഴിവാക്കണം. അല്ലെങ്കില്‍ പിന്നീടത് മറ്റു പല വിഷയങ്ങള്‍ക്കും വഴിവെക്കുമെന്ന് റിയാസ് സഭയില്‍ പറഞ്ഞിരുന്നു. പൊതുമരാമത്ത് വകുപ്പില്‍ ചില ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നുണ്ടെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടിയിരുന്നു.

ഈ പരാമശത്തിനെതിരെ എംഎല്‍എ എഎന്‍ ഷംസീർ, കടകംപള്ളി സുരേന്ദ്രന്‍, കെവി സുമേഷ് എന്നിവരുള്‍പ്പടെ മന്ത്രിക്കെതിരെ വിമര്‍ശനം നടത്തിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. അതേസമയം, യോഗത്തില്‍ അത്തരത്തില്‍ ഒരു അഭിപ്രായം എംഎല്‍എമാർ ഉയർത്തിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഏതു സാഹചര്യത്തിലും സഭയില്‍ പറഞ്ഞ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി ഈ ഘട്ടത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ സിപിഐഎം മന്ത്രിയുടെ നിലപാടിന് പിന്തുണ അറിയിക്കുകയും മുഹമ്മദ് റിയാസ് പറഞ്ഞത് സിപിഐഎം നിലപാടാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7414/the-cpi-m-was-dissatisfied-with-the-criticism)