---
title: "500 രൂപയുടെ പി പി ഇ കിറ്റ്‌ 1500ന് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ; പൈസ നോക്കേണ്ടെന്ന് പറഞ്ഞു- ശൈലജ "
english_title: "A PPE kit worth Rs 500 was bought for Rs 1500 with the knowledge of the Chief Minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74599/a-ppe-kit-worth-rs-500-was-bought-for-rs-1500-with-the-knowledge-of-the-chief-minister"
published_at: "2022-10-15T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a66cd194c0_Picsart_22-10-15_13-06-56-650.jpg"
keywords: []
---

# 500 രൂപയുടെ പി പി ഇ കിറ്റ്‌ 1500ന് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ; പൈസ നോക്കേണ്ടെന്ന് പറഞ്ഞു- ശൈലജ 

> **Lead Summary:** കുവൈത്ത്സിറ്റി: കോവിഡ് കാലത്ത് പിപിഇ കിറ്റുകൾ കൂടിയ വിലയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ആരോഗ്യപ്രവർത്തകരുടെ ജീവൻ അപകടത്തിലാകുന്നത് തടയുക എന്നത് പരിഗണിച്ചാണ് 500 രൂപയുടെ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത്. 50,000 കിറ്റുകൾ വാങ്ങാൻ ഓഡർ നൽകി.

## Article Content

കുവൈത്ത്സിറ്റി: കോവിഡ് കാലത്ത് പിപിഇ കിറ്റുകൾ കൂടിയ വിലയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ആരോഗ്യപ്രവർത്തകരുടെ ജീവൻ അപകടത്തിലാകുന്നത് തടയുക എന്നത് പരിഗണിച്ചാണ് 500 രൂപയുടെ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത്. 50,000 കിറ്റുകൾ വാങ്ങാൻ ഓഡർ നൽകി.

എന്നാൽ, 15,000 കിറ്റുകൾ കിട്ടിയപ്പോഴേയ്ക്കും പിപിഇ കിറ്റിന്റെ വില കുറഞ്ഞുവെന്നും ബാക്കി ഓഡർ ക്യാൻസൽ ചെയ്തുവെന്നും കുവൈത്തിൽ നടന്ന പൊതു പരിപാടിയിൽ ശൈലജ ന്യായീകരിച്ചു. 'വിഷയം ഞാൻ മുഖ്യമന്ത്രിയോട് ചോദിച്ചു. മുഖ്യമന്ത്രി പറഞ്ഞു എവിടെ കിട്ടിയാലും വാങ്ങി ശേഖരിക്കണം. പക്ഷേ ക്വാളിറ്റിയും നോക്കണം.

മാർക്കറ്റിൽ കണ്ടമാനം ബിസിനസുകാർ വില വർധിപ്പിച്ചു. ഒരു പിപിഇ കിറ്റിന് 1500 രൂപ. 500-ന് കിട്ടിക്കൊണ്ടിരുന്ന സാധനമാണ്. ഇത് വാങ്ങണോ എന്ന് മുഖ്യമന്ത്രിയോട് ചോദിച്ചു. പൈസയൊന്നും നോക്കണ്ട ആളുകളുടെ ജീവനല്ലേ വലുത്. പിന്നെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് അനുസരിച്ച് ബാക്കിയെല്ലാം ഒഴിവാക്കിക്കൊണ്ട് ഇത്തരം കാര്യങ്ങൾ ശേഖരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അങ്ങനെ 50,000 പിപിഇ കിറ്റ് 1500 രൂപവെച്ച് വാങ്ങാൻ ഗവൺമെന്റ് തീരുമാനിച്ചു.

അതിൽ 15,000 കിട്ടി. അപ്പോഴേയ്ക്കും കിറ്റുകൾ മാർക്കറ്റിൽ വരാൻ തുടങ്ങി. വില കുറഞ്ഞു. അതോടെ ബാക്കി 35,000-ന്റെ ക്യാൻസൽ ചെയ്തു. പിന്നെ മാർക്കറ്റിൽ വരുന്ന വിലയ്ക്ക് വാങ്ങി', ശൈലജ പറഞ്ഞു. ഇതിനെയാണ് ഇപ്പോഴും പ്രതിപക്ഷം 500 രൂപയ്ക്ക് കിട്ടുന്ന പിപിഇ കിറ്റ് 15,000 രൂപയ്ക്ക് വാങ്ങി വലിയ അഴിമതിയെന്നെക്കെ പറയുന്നതെന്നും ശൈലജ പറഞ്ഞു.

പുഷ്പങ്ങൾക്കൊപ്പം മുള്ളുകളും ഉണ്ടാവുമെന്നും ഒന്നും പ്രശ്നമല്ലെന്നും ശൈലജ കൂട്ടിച്ചേർത്തു. പിപിഇ കിറ്റുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട ലോകായുക്ത നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് പരോക്ഷ മറുപടിയുമായി കെ.കെ.ശൈലജ രംഗത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74599/a-ppe-kit-worth-rs-500-was-bought-for-rs-1500-with-the-knowledge-of-the-chief-minister)