---
title: "ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ കൂടുതല്‍ വിനോദ യാത്രകള്‍ നടത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി "
english_title: "KSRTC is planning to conduct more recreational trips"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74797/ksrtc-is-planning-to-conduct-more-recreational-trips"
published_at: "2022-10-16T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634be95ce0259_images.jpeg"
keywords: []
---

# ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ കൂടുതല്‍ വിനോദ യാത്രകള്‍ നടത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി 

> **Lead Summary:** **തിരുവനന്തപുരം : **വിനോദ യാത്രകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരെത്തിയതോടെ ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ കൂടുതല്‍ വിനോദ യാത്രകള്‍ നടത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി സിറ്റി യൂണിറ്റ്.

## Article Content

**തിരുവനന്തപുരം : **വിനോദ യാത്രകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരെത്തിയതോടെ ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ കൂടുതല്‍ വിനോദ യാത്രകള്‍ നടത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി സിറ്റി യൂണിറ്റ്.

കുറഞ്ഞ ചെലവിലും സുരക്ഷിതമായും യാത്രകള്‍ നടത്തുന്നതിന് അനുയോജ്യമായ വിനോദ യാത്രകളാണ് ക്രമീകരിച്ചിരിക്കുന്നത് എന്നാണ് കെഎസ്‌ആര്‍ടിസി അധികൃതര്‍ പറയുന്നത്.

ഒക്ടോബര്‍ 30 -ന് ഏകദിന മൂന്നാര്‍ ഉല്ലാസ യാത്രയാണ് സംഘടിപ്പിച്ചിരിക്കുന്നത്. നീലക്കുറിഞ്ഞി പൂത്ത് നില്‍ക്കുന്ന കള്ളിപ്പാറ, ചതുരംഗപ്പാറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള അവസരം സഞ്ചാരികള്‍ക്ക് ലഭിക്കുന്നതാണ്. 29 രാത്രി പുറപ്പെട്ട് 31 -ന് അതിരാവിലെ തിരിച്ച്‌ എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

നവംബര്‍ 6 -ന് കൊച്ചിയിലെ ദ്വീപുകള്‍ സന്ദര്‍ശിക്കുന്ന ബോട്ട് യാത്രയും ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി സന്ദര്‍ശനവും ഉള്‍പ്പെടുന്ന കൊച്ചി ഐലന്‍ഡ് വിസിറ്റ് ഉല്ലാസ യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്. ചെറിയ കടമക്കുടി അടക്കുള്ള ദ്വീപുകളിലൂടെയുള്ള കനാല്‍ യാത്രയും രുചികരമായ ഷാപ്പ് വിഭവങ്ങളും കായല്‍, കടല്‍ വിഭവങ്ങളും യാത്രക്കാര്‍ക്ക് ആസ്വദിക്കാന്‍ അവസരമുണ്ട്. രാത്രി അത്താഴവും ബോട്ടില്‍ ഡി.ജെ പാര്‍ട്ടിയും ആസ്വദിക്കാനും യാത്രക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്.

നവംബര്‍ 15 -ന് കൊച്ചിയില്‍ നെഫ്രൈറ്റിറ്റി ആഡംബര കപ്പലില്‍ 5 മണിക്കൂര്‍ കടല്‍ യാത്രയുള്‍പ്പെടുന്ന ഉല്ലാസ രാത്രിയാണ് സംഘടിപ്പിക്കുന്നത്.

നവംബര്‍ 20 -ന് കുമരകം ഹൗസ് ബോട്ട് യാത്രയും ആലപ്പുഴ ബീച്ച്‌ സന്ദര്‍ശനവും നവംബര്‍ 27 -ന് ഗവി, പാഞ്ചാലിമേട് യാത്രയും ക്രമീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 27 ന് നടത്തുന്ന 2 പകലും 2 രാത്രിയും നീളുന്ന വയനാട് ഉല്ലാസ യാത്രയ്ക്കുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള വിനോദ യാത്രകളും ക്രമീകരിച്ച്‌ നല്‍കുന്നതാണ്.

ഈ യാത്രകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74797/ksrtc-is-planning-to-conduct-more-recreational-trips)