---
title: "വൻ ഗതാഗതക്കുരുക്ക്:തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ റോഡ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ"
english_title: "Fishermen blocked the road at various places in Thiruvananthapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74881/fishermen-blocked-the-road-at-various-places-in-thiruvananthapuram"
published_at: "2022-10-17T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634cf92123fda_Screenshot_2022-10-17-12-02-29-35_a23b203fd3aafc6dcb84e438dda678b6.jpg"
keywords: []
---

# വൻ ഗതാഗതക്കുരുക്ക്:തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ റോഡ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ

> **Lead Summary:** തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരേ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന്റെ ഭാഗമായി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ റോഡുപരോധിച്ച് സമരം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ലത്തീൻ അതിരൂപതയും മത്സ്യത്തൊഴിലാളികളും റോഡ് ഉപരോധ സമരത്തിലേക്ക് കടന്നിരിക്കുന്നത്.

## Article Content

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരേ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന്റെ ഭാഗമായി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ റോഡുപരോധിച്ച് സമരം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ലത്തീൻ അതിരൂപതയും മത്സ്യത്തൊഴിലാളികളും റോഡ് ഉപരോധ സമരത്തിലേക്ക് കടന്നിരിക്കുന്നത്.

സ്ത്രീകൾ അടക്കമുള്ളവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ വലിയ തോതിലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. രാവിലെ 8.30-ന് തുടങ്ങിയ ഉപരോധസമരം വൈകുന്നേരം മൂന്നുവരെ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. പോലീസ് സ്ഥലത്തുണ്ടെങ്കിലും സമരത്തിൽ ഇടപെട്ടിട്ടില്ല.തിരുവനന്തപുരം നഗരത്തിൽ ആറ്റിങ്ങൽ, സ്റ്റേഷൻകടവ്, ചാക്ക, പൂവാർ തുടങ്ങിയ സ്ഥലങ്ങളിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്.

മത്സ്യബന്ധന വള്ളങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചാണ് തൊഴിലാളികൾ റോഡ് ഉപയോധിക്കുന്നത്. ചാക്ക ബൈപ്പാസിലും ദേശീയപാതയിലെ മേൽപാലത്തിലും ഗതാഗതം തടസ്സപ്പെട്ടു.ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ, ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞം ജങ്ഷൻ, മുല്ലൂർ എന്നിവിടങ്ങളിൽ മത്സ്യത്തൊഴിലാളികൾ നടത്താനിരുന്ന റോഡ് ഉപരോധം നിരോധിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിട്ടിരുന്നു.

പ്രദേശത്ത് സമരത്തിന്റെ ഭാഗമായുള്ള മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്. അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയക്കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാനപ്രശ്നങ്ങൾക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നിരോധനമെന്ന് ഉത്തരവിൽ പറയുന്നു.19-ന് വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ ജില്ലകളിൽ പ്രതിഷേധ പരിപാടികൾ നടക്കും. 19-ന് മൂന്നുമുതൽ ഏഴുവരെ സെക്രട്ടേറിയറ്റിന് മുന്നിൽ കലാസാംസ്കാരിക കൂട്ടായ്മയും നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74881/fishermen-blocked-the-road-at-various-places-in-thiruvananthapuram)