---
title: "കാസർഗോഡ്-തിരുവനന്തപുരം ദേശീയപാത വികസനം 2025ൽ പൂർത്തിയാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്"
english_title: "Public Works Minister Muhammad Riaz"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74923/public-works-minister-muhammad-riaz"
published_at: "2022-10-17T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d2005c463e_Picsart_22-10-17_14-50-40-309.jpg"
keywords: []
---

# കാസർഗോഡ്-തിരുവനന്തപുരം ദേശീയപാത വികസനം 2025ൽ പൂർത്തിയാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

> **Lead Summary:** **അഞ്ചരക്കണ്ടി: **മലയാളികളുടെ ചിരകാല സ്വപ്നമായ കാസർഗോഡ്- തിരുവനന്തപുരം ദേശീയ പാത വികസനം 2025 ഓടെ പൂർത്തിയാക്കുമെന്ന് പൊതുമരാത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അഞ്ചരക്കണ്ടി പുഴക്ക് കുറുകെ നിർമ്മിക്കുന്ന കൂളിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

**അഞ്ചരക്കണ്ടി: **മലയാളികളുടെ ചിരകാല സ്വപ്നമായ കാസർഗോഡ്- തിരുവനന്തപുരം ദേശീയ പാത വികസനം 2025 ഓടെ പൂർത്തിയാക്കുമെന്ന് പൊതുമരാത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അഞ്ചരക്കണ്ടി പുഴക്ക് കുറുകെ നിർമ്മിക്കുന്ന കൂളിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ദേശീയപാത വികസനം എന്ന പദ്ധതി കേന്ദ്രം കൈവിടാനിരുന്ന ഘട്ടത്തിലാണ് 2016 ലെ എൽ ഡി എഫ് സർക്കാർ സ്ഥലം ഏറ്റെടുപ്പിനുള്ള ഫണ്ടിന്റെ 25 ശതമാനം വഹിക്കാൻ തീരുമാനിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് ദേശീയപാത വികസനത്തിന് ഒരു സംസ്ഥാനം തുക വഹിക്കുന്നത് മന്ത്രി പറഞ്ഞു. 

കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് ടെക്നോളജി വികസത്തിന് അനുസരിച്ച് സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളും ജനങ്ങൾ അറിയണം. പൊതുമരാമത്ത് വകുപ്പ് നടത്തുന്ന പ്രവൃത്തികൾ വിരൽത്തുമ്പിൽ ലഭിക്കാൻ സംവിധാനങ്ങളുണ്ട്. ജനങ്ങൾ ഇപ്പോൾ കാഴ്ചക്കാരല്ല കാവൽക്കാരായി മാറിയിരിക്കുകയാണ്. ഇതിനായി ഒരു പ്രൊജക്റ്റ്‌ മാനേജ്മെന്റ് സിസ്റ്റത്തിന് രൂപം നൽകിയിട്ടുണ്ട്. എല്ലാ പദ്ധതികളും വിരൽത്തുമ്പിൽ അറിയാവുന്ന 'തൊട്ടറിയാം പി ഡബിൾയു ഡി' എന്ന സോഫ്റ്റ്‌വെയർ ആണ് അതിനായി ഒരുക്കിയിട്ടുള്ളത് മന്ത്രി പറഞ്ഞു.

മാങ്ങാട്ടിടം പഞ്ചായത്തിനെയും മട്ടന്നൂര്‍ നഗരസഭയേയും ബന്ധിപ്പിക്കുന്ന കൂളിക്കടവ് പാലത്തിന് 6.4 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയുമാണ് ലഭിച്ചത്. 79.2 മീറ്റര്‍ നീളത്തിലും 7.5 മീറ്റര്‍ വീതിയിലും നിര്‍മ്മിക്കുന്ന പാലത്തിന് 20 മീറ്ററില്‍ രണ്ട് സ്പാനും 19.6 മീറ്ററില്‍ രണ്ട് സ്പാനുമാണുണ്ടാവുക. ഇരുവശത്തും 1.2 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഒരുക്കും. പാലത്തോടനുബന്ധിച്ച് മാങ്ങാട്ടിടം, മട്ടന്നൂര്‍ ഭാഗങ്ങളില്‍ അനുബന്ധ റോഡുകള്‍, പാര്‍ശ്വഭിത്തി, ഡ്രെയിനേജ് എന്നിവയും ഉള്‍പ്പെടുന്നതാണ് പ്രവൃത്തി. പൊതുമരാമത്ത് ഡിസൈന്‍ വിഭാഗമാണ് പാലം രൂപകല്‍പന ചെയ്തത്.

കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷയായി.മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് കെ ശാന്തമ്മ ടീച്ചർ, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ, വൈസ് ചെയർപേഴ്സൺ ഒ പ്രീത, സ്ഥിരം സമിതി അധ്യക്ഷ പി അനിത, കൗൺസിലർമാരായ എം രഞ്ചിത്ത് കുമാർ, എം ഷീബ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ ബഷീർ, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് അംഗം എം മിനി, ജില്ലാ ആസൂത്രണ സമിതി അംഗം പി പുരുഷോത്തമൻ, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം ഉത്തരമേഖല കോഴിക്കോട് സൂപ്രണ്ടിങ് എഞ്ചിനീയർ പി കെ മിനി, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം കണ്ണൂർ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ എം ഹരീഷ്, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ ഉപവിഭാഗം കണ്ണൂർ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ജി എസ് ജ്യോതി, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74923/public-works-minister-muhammad-riaz)