---
title: "64 കേന്ദ്രങ്ങളില്‍ പ്രദര്‍ശനം നടത്തി കുടുംബശ്രീ ചലച്ചിത്ര മേള"
english_title: "Kudumbashree Film Festival was screened at 64 centres"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74969/kudumbashree-film-festival-was-screened-at-64-centres"
published_at: "2022-10-17T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d4bf759589_WOMEN_FILIM_FEST.jpg"
keywords: []
---

# 64 കേന്ദ്രങ്ങളില്‍ പ്രദര്‍ശനം നടത്തി കുടുംബശ്രീ ചലച്ചിത്ര മേള

> **Lead Summary:** **കണ്ണൂർ**: സ്ത്രീ സമൂഹത്തിന് വേറിട്ട കാഴ്ച്ചപ്പാട് സമ്മാനിക്കുന്ന കുടുംബശ്രീയുടെ 'വുമണ്‍ ഫിലിം ഫെസ്റ്റ്' ശ്രദ്ധേയമാകുന്നു. ജില്ലാ കുടുംബശ്രീ മിഷനും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് നടത്തുന്ന മേള ജില്ലയിലെ 64 കേന്ദ്രങ്ങളില്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കി. ജൂണില്‍ ആരംഭിച്ച ഫെസ്റ്റ് 81 കേന്ദ്രങ്ങളില്‍ പ്രദര്‍ശനം നടത്തി നവംബറില്‍ സമാപിക്കും.

## Article Content

**കണ്ണൂർ**: സ്ത്രീ സമൂഹത്തിന് വേറിട്ട കാഴ്ച്ചപ്പാട് സമ്മാനിക്കുന്ന കുടുംബശ്രീയുടെ 'വുമണ്‍ ഫിലിം ഫെസ്റ്റ്' ശ്രദ്ധേയമാകുന്നു. ജില്ലാ കുടുംബശ്രീ മിഷനും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് നടത്തുന്ന മേള ജില്ലയിലെ 64 കേന്ദ്രങ്ങളില്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കി. ജൂണില്‍ ആരംഭിച്ച ഫെസ്റ്റ് 81 കേന്ദ്രങ്ങളില്‍ പ്രദര്‍ശനം നടത്തി നവംബറില്‍ സമാപിക്കും.

നഗരങ്ങളില്‍ മാത്രം ഒതുങ്ങിയ ചലച്ചിത്രോത്സവങ്ങള്‍ കണ്ണൂരിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. സാമൂഹ്യ പ്രസക്തിയുള്ള സിനിമകളുടെ കൂട്ടായ സ്ത്രീ വായനക്കാണ് കുടുംബശ്രീ മിഷന്‍ അവസരമൊരുക്കുന്നത്. സ്ത്രീപക്ഷ സിനിമകളായ ബസന്തി, ഫ്രീഡം ഫൈറ്റ്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, മാന്‍ഹോള്‍, ഒറ്റമുറി വെളിച്ചം, ഒഴിമുറി, ഹൈദി, ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, പെണ്ണിനെന്താ കുഴപ്പം, ഫോര്‍ എ ബെറ്റര്‍ ടുമാറോ, തിങ്കളാഴ്ച നിശ്ചയം തുടങ്ങിയവയാണ് പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ വൈകീട്ട് നാല് മണി വരെയാണ് മേള. ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കുംടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം സുര്‍ജിത്ത് പറഞ്ഞു. ഇനി 17 കേന്ദ്രങ്ങളാണ് ബാക്കിയുള്ളത്. മലപ്പട്ടം പഞ്ചായത്തില്‍ നടന്ന പ്രദര്‍ശനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെ പി സവിത അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സാമൂഹ്യ ഉപസമിതി കണ്‍വീനര്‍ എല്‍ എം ഉഷ, കുടുംബശ്രീ മിഷന്‍ ബ്ലോക്ക് പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ എം സുജന എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74969/kudumbashree-film-festival-was-screened-at-64-centres)