---
title: " സാമൂഹിക സാമ്പത്തിക സര്‍വ്വെ ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കും"
english_title: "The socio-economic survey will be completed by December 31"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7559/the-socio-economic-survey-will-be-completed-by-december-31"
published_at: "2021-10-27T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617968d692918_prd 1.jpg"
keywords: []
---

#  സാമൂഹിക സാമ്പത്തിക സര്‍വ്വെ ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കും

> **Lead Summary:** കണ്ണൂർ: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ പ്രശ്‌ന പഠനത്തിനായ് നടത്തുന്ന സാമ്പിള്‍ സര്‍വ്വെ ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കുമെന്ന് മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍ നായര്‍ പറഞ്ഞു.

## Article Content

കണ്ണൂർ: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ പ്രശ്‌ന പഠനത്തിനായ് നടത്തുന്ന സാമ്പിള്‍ സര്‍വ്വെ ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കുമെന്ന് മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍ നായര്‍ പറഞ്ഞു.

ഫെബ്രവരിയില്‍ റിപ്പോര്‍ട്ട് നല്‍കണം. മുന്നോക്ക സമുദായ സംഘടനാ നേതാക്കളുടെ യോഗശേഷം കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പഠന രംഗത്തെ വിദഗ്ധര്‍ തയ്യാറാക്കിയ 70 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി ഉപയോഗിച്ചാണ് സാമ്പിള്‍ സര്‍വ്വെ നടത്തുക. പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപിന്റെ സഹായത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് സര്‍വ്വെ നടത്തുക. ഒരു വാര്‍ഡില്‍ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന മുന്നോക്കക്കാരുടെ അഞ്ച് വീടുകള്‍ എന്ന നിലയിലാണ് വിവരശേഖരണം നടത്തുക.

ഒരു വീടിന് എഴുപത് രൂപ എന്ന നിലയില്‍ കുടുംബശ്രീക്ക് പ്രതിഫലവും നല്‍കും. ഇതിന് പുറമെ സര്‍വ്വെ നടത്താന്‍ സന്നദ്ധരായ സാമുദായിക സംഘടനകള്‍ക്കും വിവരശേഖരണം നടത്താം. ഇതിനായി ചോദ്യാവലി നേരിട്ട് നല്‍കും. പ്രതിഫലമുണ്ടാവില്ല. യാതൊരു വിധ സമ്മര്‍ദ്ധങ്ങളും ചെലുത്താതെയുള്ള വിവരശേഖരണമാണ് കമ്മീഷന്‍ ലക്ഷ്യമിടുന്നതെന്നും കുടുംബശ്രീയുടേയും സമുദായ സംഘടനകളുടെയും സര്‍വ്വേ വിവരങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

ഏതെങ്കിലും ക്ഷേമപദ്ധതിക്കായി ഗുണഭോക്താക്കളെ കണ്ടെത്തുകയല്ല വിവരശേഖരണത്തിന്റെ ലക്ഷ്യമെന്നും ഇത് ഇ ഡബ്ല്യു എസ് വിഭാഗക്കാര്‍ നിലവില്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്‍ അംഗങ്ങളായ അഡ്വ. എം മനോഹരന്‍ പിള്ള, എ ജി ഉണ്ണികൃഷ്ണന്‍, മെമ്പര്‍ സെക്രട്ടറി കെ ജ്യോതി, കെ പി പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7559/the-socio-economic-survey-will-be-completed-by-december-31)