---
title: "കാട്ടാമ്പള്ളി കയാക്കിങ് കേന്ദ്രത്തിൽ കുട്ടികൾക്കായി പ്രത്യേക റൈഡുകൾ സജ്ജമാക്കി"
english_title: "Kattampally Kayaking Center has set up special rides for children"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75663/kattampally-kayaking-center-has-set-up-special-rides-for-children"
published_at: "2022-10-21T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63523978706ee_Waddle-World-Banner-scaled.jpg"
keywords: []
---

# കാട്ടാമ്പള്ളി കയാക്കിങ് കേന്ദ്രത്തിൽ കുട്ടികൾക്കായി പ്രത്യേക റൈഡുകൾ സജ്ജമാക്കി

> **Lead Summary:** കാട്ടാമ്പള്ളി: സംസ്ഥാന സർക്കാരിന് കീഴിലെ ആദ്യ കയാക്കിങ് ടൂറിസം കേന്ദ്രമായ കാട്ടാമ്പള്ളിയിൽ കുട്ടികൾക്കായി പ്രത്യേക റൈഡുകൾ സജ്ജമാക്കി. കുട്ടികളുടെ ഉല്ലാസത്തിനായി മൂന്നു വിനോദ ഉപകരണങ്ങളാണ് വെള്ളത്തിൽ ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 21 മുതൽ ഇവ തുറന്നു നൽകും.

## Article Content

കാട്ടാമ്പള്ളി: സംസ്ഥാന സർക്കാരിന് കീഴിലെ ആദ്യ കയാക്കിങ് ടൂറിസം കേന്ദ്രമായ കാട്ടാമ്പള്ളിയിൽ കുട്ടികൾക്കായി പ്രത്യേക റൈഡുകൾ സജ്ജമാക്കി. കുട്ടികളുടെ ഉല്ലാസത്തിനായി മൂന്നു വിനോദ ഉപകരണങ്ങളാണ് വെള്ളത്തിൽ ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 21 മുതൽ ഇവ തുറന്നു നൽകും.

ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത വെള്ളത്തിൽ ഓടുന്ന ഇലക്ട്രിക് ബംബർ കാർ, അക്വാ റോളർ, പാഡൽ ബോട്ട് എന്നിവയാണ് കയാക്കിങ് കേന്ദ്രത്തിൽ ഒരുക്കിയത്. ഇലക്ട്രിക് ബംബർ കാറിലും പാഡൽ ബോട്ടിലും ഒരേ സമയം പത്തു പേർക്ക് വീതം റൈഡ് നടത്താം. അക്വാ റോളറിൽ അഞ്ചു പേർക്ക് വീതവും കയറാനാകും.

കയാക്കിങ് കേന്ദ്രത്തിൽ കുട്ടികൾക്കായി പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് ഇവ പ്രവർത്തിക്കുക. ഇതിന്റെ ട്രയൽ റൺ വ്യാഴാഴ്ച നടന്നു. കുട്ടികൾക്കായുള്ള വിനോദ സ്ഥലം രാത്രി ഒമ്പതു വരെ പ്രവർത്തിക്കും.ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുഖേന 1.79 കോടി രൂപ ചെലവിലാണ് കയാക്കിങ് ടൂറിസം സെന്റർ നിർമ്മിച്ചത്.

മുതിർന്നവർക്കുള്ള വാട്ടർ ലെവൽ സൈക്കിൾ, പെഡൽ ബോട്ടുകൾ, വാട്ടർ ടാക്സി, ഇംഫാറ്റിബിൾ ബോട്ടുകൾ ഉപയോഗിച്ചുള്ള റൈഡ് (മുകളിൽ നിന്നും താഴോട്ട് സഞ്ചരിക്കുന്ന റബ്ബർബോട്ടുകൾ) തുടങ്ങിയ നിലവിലിവിടെയുണ്ട്. കുട്ടികൾക്കായി പ്രത്യേക റൈഡുകൾ ആരംഭിക്കുന്നതോടെ കുടുംബസമേതം കൂടുതൽ പേർ എത്തുമെന്ന പ്രതീക്ഷയിലാണ് ഡി ടി പി സി. ഒന്നര മാസം മുമ്പാണ് കയാക്കിങ് സെന്ററിന്റെ പ്രവർത്തനം തുടങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75663/kattampally-kayaking-center-has-set-up-special-rides-for-children)