---
title: "പാനൂരിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്ന സംഭവം: പ്രതി കസ്റ്റഡിയിൽ കൊലപ്പെടുത്തിയത് മാനന്തേരി സ്വദേശി ശ്യാംജിത്ത്  "
english_title: "The accused is in custody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75946/the-accused-is-in-custody"
published_at: "2022-10-22T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6353d6fe0d42c_Screenshot_2022-10-22-17-10-26-45_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# പാനൂരിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്ന സംഭവം: പ്രതി കസ്റ്റഡിയിൽ കൊലപ്പെടുത്തിയത് മാനന്തേരി സ്വദേശി ശ്യാംജിത്ത്  

> **Lead Summary:** തലശ്ശേരി: പാനൂർ - വള്ള്യായിയില്‍ പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നതിനു പിന്നില്‍ പ്രണയപ്പകയുടെ പ്രതികാരമെന്ന് സൂചന. പാനൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫാര്‍മസിസ്റ്റായ വിഷ്ണുപ്രിയയെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വെട്ടിക്കൊന്നത്. സംഭവത്തില്‍ മാനന്തേരി സ്വദേശി ശ്യാംജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

## Article Content

തലശ്ശേരി: പാനൂർ - വള്ള്യായിയില്‍ പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നതിനു പിന്നില്‍ പ്രണയപ്പകയുടെ പ്രതികാരമെന്ന് സൂചന. പാനൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫാര്‍മസിസ്റ്റായ വിഷ്ണുപ്രിയയെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വെട്ടിക്കൊന്നത്. സംഭവത്തില്‍ മാനന്തേരി സ്വദേശി ശ്യാംജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് ഏറെ കാലമായി ഗള്‍ഫിലാണ്. രണ്ട് സഹോദരിമാരും സഹോദരനും മാതാവും ആണ് വീട്ടില്‍ ഉള്ളത്. സഹോദരന്‍ ജോലിയാവശ്യാര്‍ഥം ഹൈദരാബാദില്‍ പോയിരിക്കുകയാണ്. സഹോദരന്‍ ഹൈദരാബാദിലേക്ക് പോകുന്നത് കാരണം വിഷ്ണുപ്രിയ അവധിയെടുത്തതായിരുന്നു.

സഹോദരിമാരും അമ്മയും മരണവീട്ടിലേക്കും പോയിരുന്നു. ഇതെല്ലാം കൃത്യമായി അറിഞ്ഞാണ് കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യുവാവ് വീട്ടിലെത്തിയതെന്നാണ് പോലീസ് നിഗമനം. ഉച്ചക്ക് വീട്ടിലെത്തിയപ്പോഴാണ് അമ്മ ബിന്ദു മകള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ നിലവിളി കേട്ടാണ് അയല്‍വാസികളടക്കം എത്തിയത്. കുടുംബം വീട്ടില്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം കിടപ്പു മുറിയിലെത്തി കൊലപാതകം നടത്തണമെങ്കില്‍ വീടിനെ കുറിച്ച് നല്ല ധാരണയുള്ള ആളാണെന്നും പൊലീസ് സംശയിച്ചിരുന്നു.

സുഹൃത്തുമായി വാട്‌സ് ആപ് കോള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് കൊലയാളി എത്തിയതെന്നും റിപോര്‍ട്ടുകളുണ്ട്. മാത്രമല്ല, കൊലയാളി കിടപ്പുമുറിയിലേക്ക് കടന്നുവരുന്നത് വിഷ്ണുപ്രിയ സുഹൃത്തിന് വിഡിയോ കോളില്‍ കാണിച്ചുകൊടുത്തതായും പോലിസ് പറയുന്നുണ്ട്. പ്രതിയുടെ പേരും സുഹൃത്തിനോട് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. സംശയം തോന്നിയ സുഹൃത്ത് വിവരം ഉടന്‍ തന്നെ അടുത്തുള്ളവരെ അറിയിച്ചു.

ആളുകള്‍ അറിഞ്ഞ് എത്തിയപ്പോഴേക്കും വിഷ്ണുപ്രിയ കൊല്ലപ്പെട്ടിരുന്നു. സുഹൃത്ത് നല്‍കിയ വിവരമനുസരിച്ച് പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതായും സൂചനയുണ്ട്. പാനൂരില്‍ ന്യൂക്ലിയസ് ആശുപത്രിയില്‍ ഫാര്‍മസി ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിഷ്ണുപ്രിയ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75946/the-accused-is-in-custody)