---
title: "കണ്ണൂര്‍ കോര്‍പ്പറേഷന്‍ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം നീക്കല്‍ പ്രവൃത്തി ആരംഭിച്ചു"
english_title: "Kannur Corporation has started the waste removal work at Chelora Trenching Ground"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76525/kannur-corporation-has-started-the-waste-removal-work-at-chelora-trenching-ground"
published_at: "2022-10-25T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357c97ca0556_Picsart_22-10-25_16-56-09-020.jpg"
keywords: []
---

# കണ്ണൂര്‍ കോര്‍പ്പറേഷന്‍ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം നീക്കല്‍ പ്രവൃത്തി ആരംഭിച്ചു

> **Lead Summary:** കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്യല്‍ പ്രവൃത്തി ആരംഭിച്ചു. പ്രവൃത്തിയുടെ ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ അധ്യക്ഷതയില്‍ മേയർ അഡ്വ. ടി ഒ മോഹനൻ നിര്‍വ്വഹിച്ചു. ജില്ലാ കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ ഐ.എ.എസ് എന്നിവര്‍ മുഖ്യാതിഥിയായിരുന്നു. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി രാഗേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

## Article Content

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്യല്‍ പ്രവൃത്തി ആരംഭിച്ചു. പ്രവൃത്തിയുടെ ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ അധ്യക്ഷതയില്‍ മേയർ അഡ്വ. ടി ഒ മോഹനൻ നിര്‍വ്വഹിച്ചു. ജില്ലാ കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ ഐ.എ.എസ് എന്നിവര്‍ മുഖ്യാതിഥിയായിരുന്നു. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി രാഗേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചടങ്ങില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ഷമീമ ടീച്ചര്‍,എം പി രാജേഷ്,അഡ്വ.പി ഇന്ദിര, സയ്യിദ് സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ വി കെ ശ്രീലത, മുസ്ലിഹ് മഠത്തില്‍, കെ പ്രദീപന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കോര്‍പ്പറേഷന്‍ സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍ വിവിധ കക്ഷി നേതാക്കളായ സുധീഷ് മുണ്ടേരി, ഫാറൂഖ് വട്ടപ്പൊയില്‍, എം നൈനേഷ്, വെള്ളോറ രാജന്‍, യു.ടി ജയന്തന്‍, ചാലോടന്‍ രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പദ്ധതി നടപ്പിലാക്കുന്നതോടെ ചേലോറയില്‍ 60 വര്‍ഷമായി നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്ത് 10 ഏക്കറോളം വരുന്ന സ്ഥലം ഫലപ്രദമായി ഉപയോഗിക്കാനാകും . ബയോമൈനിംഗ് വഴി മാലിന്യം ശാസ്ത്രീയമായി തരം തിരിക്കും. കോഴിക്കോട് എന്‍.ഐ.ടി നടത്തിയ സര്‍വ്വേ പ്രകാരം 123822 ക്യുബിക് മീറ്റര്‍ മാലിന്യമാണ് ചേലോറയില്‍ ഉള്ളത്. ഇവ പ്രത്യേക സ്ക്രീനര്‍ മെഷീനിലെ കണ്‍വെയര്‍ ബെല്‍റ്റിലൂടെ കടത്തിവിട്ട് വേര്‍തിരിച്ചെടുക്കും.

വേര്‍തിരിച്ചു കിട്ടുന്നവയില്‍ പ്ലാസ്റ്റിക് സിമന്‍റ് ഫാക്ടറികള്‍ക്ക് കമ്പനി കൈമാറും. മറ്റുള്ള മാലിന്യങ്ങള്‍ പുനരുപയോഗത്തിന് കൈമാറും. മണിക്കൂറിൽ 850 മുതൽ 1000 ക്യൂബിക് മീറ്റർ വരെ മാലിന്യം തരംതിരിക്കാൻ കഴിയുന്ന രണ്ട് മെഷീനുകൾ ആണ് പ്രവർത്തിക്കുക. ദിവസം 10 മുതൽ 15 മണിക്കൂർ വരെ പ്രവർത്തിപ്പിക്കും. പൂനെ ആസ്ഥാനമായ റോയല്‍ വെസ്റ്റേണ്‍ പ്രോജക്ട് LLP, ജന്‍ ആധാര്‍ സേവാ ഭാവി സാന്‍സ്താ, M/s.അരവിന്ദ് അസോസിയേറ്റ്സ് എന്നീ കമ്പനികള്‍ ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണ് 8 കോടിയോളം രൂപ ചെലവ് വരുന്ന പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്.

8 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കും. ഈ പദ്ധതിയിലൂടെ ചേലോറ നിവാസികള്‍ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമുണ്ടാവുകയാണ് എന്ന് മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിനും നാടിന്‍റെ ശുചിത്വത്തിനും പ്രാധാന്യം നല്‍കിയുള്ള വികസന ക്ഷേമ പ്രവര്‍ത്തനങ്ങളാണ് കോര്‍പ്പറേഷന്‍ ഏറ്റെടുത്ത് നടത്തുന്നത്. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡ പ്രകാരം കണ്ണൂര്‍ നഗരത്തെ മാലിന്യ രഹിത നഗരമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും മേയർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76525/kannur-corporation-has-started-the-waste-removal-work-at-chelora-trenching-ground)