---
title: "കക്ഷിരാഷ്ട്രീയ വേർതിരിവുകൾ നാടിൻറെ സമഗ്ര വികസനത്തിന് തടസ്സമാകരുത് : പി.സന്തോഷ് കുമാർ എം.പി "
english_title: "Party political differences should not be an obstacle to the comprehensive development of the country: P. Santosh Kumar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76528/party-political-differences-should-not-be-an-obstacle-to-the-comprehensive-development-of-the-country-p-santosh-kumar"
published_at: "2022-10-25T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357cde7ec1ed_InShot_20221025_172154730.jpg"
keywords: []
---

# കക്ഷിരാഷ്ട്രീയ വേർതിരിവുകൾ നാടിൻറെ സമഗ്ര വികസനത്തിന് തടസ്സമാകരുത് : പി.സന്തോഷ് കുമാർ എം.പി 

> **Lead Summary:** **കണ്ണൂർ**: അഭിപ്രായ വ്യത്യാസങ്ങളും ആശയ സംഘട്ടനങ്ങളും നമ്മുടെ വൈവിധ്യത്തിന്റെ ഭാഗമാണെന്നും ദൈവത്തിൻറെ സ്വന്തം നാടെന്ന് പുകൾപെററ കേരളത്തിന്റെ വികസനത്തിന് ഇത് തടസ്സമാകരുതെന്നും പി. സന്തോഷ് കുമാർ എംപി വ്യക്തമാക്കി.

## Article Content

**കണ്ണൂർ**: അഭിപ്രായ വ്യത്യാസങ്ങളും ആശയ സംഘട്ടനങ്ങളും നമ്മുടെ വൈവിധ്യത്തിന്റെ ഭാഗമാണെന്നും ദൈവത്തിൻറെ സ്വന്തം നാടെന്ന് പുകൾപെററ കേരളത്തിന്റെ വികസനത്തിന് ഇത് തടസ്സമാകരുതെന്നും പി. സന്തോഷ് കുമാർ എംപി വ്യക്തമാക്കി.

അനാരോഗ്യകരമായ സംഘർഷങ്ങൾ സമൂഹത്തിൽ വർദ്ധിച്ചു വരുന്നു. പൊതുപ്രവർത്തകൻ എന്ന നിലയിൽ ഇത്തരം സന്ദർഭങ്ങളിൽ ഏറെ വേദനിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ: സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ഇരിക്കൂർ, ശ്രീകണ്ഠാപുരം, ചെങ്ങളായി പ്രദേശങ്ങളിലെ ജനങ്ങൾക്കായി നടത്തിയ ക്ലസ്റ്റർ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇരിക്കൂറിന്റെ ടൂറിസം സാധ്യതകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമം ഏറെ പ്രശംസനീയമാണെന്നും എല്ലാ പിൻതുണയും ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടൂറിസവുമായി ബന്ധപ്പെട്ടു തയാറാക്കിയ പ്രമോഷണൽ വീഡിയോയുടെ പ്രകാശനവും എം.പി.നിർവഹിച്ചു.

ഇരിക്കൂറിന്റെ മണ്ണിൽ ടൂറിസം വികസനത്തിന് അനന്തസാധ്യതകൾ ഉണ്ട്.

പൈതൽ മലയും, കാഞ്ഞിരക്കൊല്ലിയും, പാലക്കയം തട്ടും മറ്റും സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന ഇടങ്ങളാണ്. പുഴകളും കൃഷി യിടങ്ങളും,പ്രശസ്തമായ അമ്പലങ്ങളും മോസ്ക്കുകളും പള്ളികളും കൊണ്ട് സമ്പന്നമായ താഴ്‌വാര മേഖലകളിലും ടൂറിസം സാധ്യതകൾ ഏറെയാണെന്നും അടിസ്ഥാന സൗകര്യ വികസനവും ഹോംസ്റ്റേ പോലുള്ള സൗകര്യമൊരുക്കേണ്ടതും അടിയന്തരപ്രധാന്യമുള്ള കാര്യങ്ങളാണെന്നും സജീവ് ജോസഫ് എം എൽ എ പറഞ്ഞു. അതിനു സഹായകരമായ നിരവധി പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്‌. മുതല്മുടക്കില്ലാതെ സാധാരണക്കാർക്ക് നടത്താൻ കഴിയുന്ന ഹോം സ്റ്റേ പരിചയപ്പെടുത്താൻ ഒരു പരിശീലനം ഒക്ടോബർ 27 ന് വ്യാഴാഴ്ച രാവിലെ 10 മുതൽ ചെമ്പേരിയിൽ വച്ച് നടക്കും. ശ്രീകണ്ഠാപുരം ടൗൺ വികസനത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച അഞ്ചു കോടിയുടെ വികസനം പൂർത്തിയാവുന്നതോടെ ശ്രീകണ്ഠാപുരം ടൗണിന്റെ മുഖച്ഛായ മാറുമെന്നും അധ്യക്ഷ പ്രസംഗത്തിൽ എംഎൽഎ പറഞ്ഞു.

നഗരസഭ അധ്യക്ഷ ഡോ: കെ വി ഫിലോമിന ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി സി നസിയത്ത് ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർ ടി സി പ്രിയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കൊയ്യം ജനാർദ്ദനൻ, സി വി എൻ യാസിറ ടീച്ചർ, ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ പി കെ മധുസൂദനൻ, പി ടി മാത്യു, കെ പി ഗംഗാധരൻ, എം മുഹമ്മദ്‌, റഷീദ് മാസ്റ്റർ രാജേഷ് നമ്പ്യാർ, നഗരസഭാ കൗൺസിലർമാരായ സി രവീന്ദ്രൻ നസീമ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76528/party-political-differences-should-not-be-an-obstacle-to-the-comprehensive-development-of-the-country-p-santosh-kumar)