---
title: "പ്രണയത്തിലായിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിച്ചു; കാണാതായ യുവതിയുടെ മൃതദേഹം മുട്ടാർ പുഴയിൽ"
english_title: "Body of missing woman found in Muttar river"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76698/body-of-missing-woman-found-in-muttar-river"
published_at: "2022-10-26T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6358e916425cf_Screenshot_2022-10-26-13-21-34-16_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പ്രണയത്തിലായിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിച്ചു; കാണാതായ യുവതിയുടെ മൃതദേഹം മുട്ടാർ പുഴയിൽ

> **Lead Summary:** കൊച്ചി: തിങ്കളാഴ്ച പുലർച്ചെ വീട്ടിൽനിന്ന് കാണാതായ യുവതിയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തി. പാലാരിവട്ടം തൈപ്പറമ്പിൽ ജോസഫിന്റെ മകൾ അനൂജ കെ. ജോസി യുടെ മൃതദേഹമാണ് ഏലൂർ ഫെറിക്ക് സമീപം കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിക്കാണ് അനൂജയെ കാണാനില്ലെന്ന് വീട്ടുകാർ അറിയുന്നത്. വീട്ടിലെ മുറിയിൽ രക്തക്കറയും അനൂജയുടെ കുറിപ്പും കണ്ടെത്തിയതോടെ പോലീസിൽ വിവരമറിയിച്ചു.

## Article Content

കൊച്ചി: തിങ്കളാഴ്ച പുലർച്ചെ വീട്ടിൽനിന്ന് കാണാതായ യുവതിയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തി. പാലാരിവട്ടം തൈപ്പറമ്പിൽ ജോസഫിന്റെ മകൾ അനൂജ കെ. ജോസി യുടെ മൃതദേഹമാണ് ഏലൂർ ഫെറിക്ക് സമീപം കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിക്കാണ് അനൂജയെ കാണാനില്ലെന്ന് വീട്ടുകാർ അറിയുന്നത്. വീട്ടിലെ മുറിയിൽ രക്തക്കറയും അനൂജയുടെ കുറിപ്പും കണ്ടെത്തിയതോടെ പോലീസിൽ വിവരമറിയിച്ചു.

ഇതിനിടെ യുവതിയുടെ സ്‌കൂട്ടർ മുട്ടാർ പുഴയ്ക്ക് സമീപം കണ്ടെത്തി. സ്‌കൂട്ടറിലും പാലത്തിന്റെ കൈവരിയിലും രക്തക്കറ കണ്ടതോടെ പുഴയിൽ വീണതായി സംശയമുയർന്നു. തുടർന്ന് അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പാലത്തിനു സമീപത്തുനിന്ന് രണ്ടര കിലോമീറ്റർ അകലെ ഏലൂർ ഫെറി ഭാഗത്ത്‌ മൃതദേഹം കണ്ടത്. അനൂജയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പാലാരിവട്ടം പോലീസ് കേസെടുത്തിട്ടുണ്ട്.

കുന്നുംപുറം സ്വദേശിയായ ഒരു യുവാവുമായി അനൂജ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ച ഇയാളുടെ വിവാഹമായിരുന്നു. വൈകീട്ട് കുന്നുംപുറത്ത് നടന്ന വിവാഹ സൽക്കാര സ്ഥലത്ത് അനൂജ എത്തുകയും വാക്കുതർക്കമുണ്ടാകുകയും ചെയ്തിരുന്നതായി പറയുന്നു. അവിടെ നിന്ന് അനൂജ വീട്ടിലേക്ക് മടങ്ങി. ഇതിനുശേഷമാണ് പുലർച്ചയോടെ അനൂജയെ കാണാതായത്. ടെസി ജോസഫ് ആണ് മാതാവ്. സഹോദരി തനൂജ. സംസ്‌കാരം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76698/body-of-missing-woman-found-in-muttar-river)