---
title: "കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം; അറസ്റ്റിലായി ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ജാമ്യം "
english_title: "Bineesh Kodiyeri released on bail"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7681/bineesh-kodiyeri-released-on-bail"
published_at: "2021-10-28T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617a7a81e40c5_images (64).jpeg"
keywords: []
---

# കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം; അറസ്റ്റിലായി ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ജാമ്യം 

> **Lead Summary:** ബെംഗളൂരു ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. ഏതാണ്ട് ഒരു വർഷക്കാലത്തിനു ശേഷം ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് എംജി ഉമയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായിട്ട് നാളെ ഒരു വർഷം പൂർത്തിയാവാനിരിക്കെയാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. 

## Article Content

ബെംഗളൂരു ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. ഏതാണ്ട് ഒരു വർഷക്കാലത്തിനു ശേഷം ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് എംജി ഉമയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായിട്ട് നാളെ ഒരു വർഷം പൂർത്തിയാവാനിരിക്കെയാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. 

15ലധികം തവണയാണ് മുൻപ് സെഷൻസ് കോടതി ബിനീഷിൻ്റെ ജാമ്യാപേക്ഷ തള്ളിയത്. പിന്നീട് ബിനീഷ് ഹൈക്കോടതിയെ സമീപിച്ചു. മുൻപ് വാദം കേട്ടിരുന്ന ബെഞ്ച് മാറുകയും ചെയ്തു. തുടർന്നാണ് ഇപ്പോൾ ബിനീഷിന് ജാമ്യം ലഭിച്ചത്.

ബിസിനസ് സംരംഭങ്ങൾ മറയാക്കി ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കർണാടക ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ബിനീഷ് കോടിയേരിയേരിയുടെ ഡ്രൈവർ അനികുട്ടൻ, സുഹൃത്ത് അരുൺ എന്നിവർ അന്വേഷണവുമായി സഹകരിക്കാത്തതിൽ ദുരൂഹത ഉണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ബംഗളൂരു കളളപ്പണ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയ്ക്കെതിരെ ആയിരുന്നു ഇഡിയുടെ വാദം.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷയിൽ ബിനീഷിൻറെ അഭിഭാഷകൻറെ വാദം ജൂലൈ മാസം പൂർത്തിയായിരുന്നു. മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ പ്രതിചേർക്കാത്തതിനാൽ കേസിനെ ആധാരമാക്കി ഇ.ഡി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കില്ലെന്നും ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനായില്ലെന്നുമാണ് ബിനീഷിൻറെ അഭിഭാഷകൻ വാദിച്ചത്.

തനിക്കെതിരെ കേരളത്തിലും ദുബൈയിലും നിരവധി കേസുകളുണ്ടെന്ന് വരെ നേരത്തെ കോടതിയെ അറിയിച്ച അന്വേഷണസംഘം പിന്നെ ഇതേക്കുറിച്ച് മിണ്ടിയിട്ടില്ലെന്നും രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ബിനീഷിൻറെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

ബംഗളൂരു ലഹരിക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ രണ്ട് തട്ടിലാണ്. ലഹരിക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ പ്രതി ചേർക്കാതെയാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ലഹരിമരുന്ന് ഇടപാടിലൂടെ ബിനീഷ് കോടികൾ സമ്പാദിച്ചെന്നും ബിനാമികളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നുമായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ.

കന്നട സീരിയൽ നടി അനിഘയാണ് എൻ.സി.ബി രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാംപ്രതി. ബിനീഷിന്റെ സുഹൃത്ത് മുഹമ്മദ് അനൂപ്, റിജേഷ് രവിന്ദ്രൻ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.ഇ.ഡി അറസ്റ്റ് ചെയ്ത ബിനീഷിനെ എൻ.സി.ബിയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇ.ഡിയുടേയും എൻ.സി.ബിയുടേയുംകുറ്റപത്രങ്ങൾ കോടതിയുടെ പരിഗണനയിലാണുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7681/bineesh-kodiyeri-released-on-bail)