---
title: "കുട്ടികൾക്കെതിരായി നടക്കുന്ന അതിക്രമങ്ങൾ: ചൈൽഡ് ലൈൻ ജില്ലാതല ഉപദേശക സമിതി യോഗത്തിലെ  നിർണ്ണായക തീരുമാനങ്ങൾ  "
english_title: " Decisions to control violence against children"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7703/decisions-to-control-violence-against-children"
published_at: "2021-10-28T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617a93e8ae68a_rq.jpg"
keywords: []
---

# കുട്ടികൾക്കെതിരായി നടക്കുന്ന അതിക്രമങ്ങൾ: ചൈൽഡ് ലൈൻ ജില്ലാതല ഉപദേശക സമിതി യോഗത്തിലെ  നിർണ്ണായക തീരുമാനങ്ങൾ  

> **Lead Summary:** കണ്ണൂർ: ചൈൽഡ്‌ലൈൻ ഉപദേശകസമിതി യോഗം കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. ജില്ലാ കളക്ടർ ചന്ദ്രശേഖർ എസ് ഐ എ എസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കുട്ടികളുടെ മേഖലയിലെ ജില്ലയിലെ വിവിധ വകുപ്പ് മേധാവിമാർ പങ്കെടുത്തു. കുട്ടികൾക്കെതിരായി നടക്കുന്ന അതിക്രമങ്ങൾ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ യോഗത്തിൽ തീരുമാനിച്ചു.

## Article Content

കണ്ണൂർ: ചൈൽഡ്‌ലൈൻ ഉപദേശകസമിതി യോഗം കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. ജില്ലാ കളക്ടർ ചന്ദ്രശേഖർ എസ് ഐ എ എസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കുട്ടികളുടെ മേഖലയിലെ ജില്ലയിലെ വിവിധ വകുപ്പ് മേധാവിമാർ പങ്കെടുത്തു. കുട്ടികൾക്കെതിരായി നടക്കുന്ന അതിക്രമങ്ങൾ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ യോഗത്തിൽ തീരുമാനിച്ചു.

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ (CPC) രൂപീകരിക്കുവാനും അവ ശാക്തീകരിക്കുവാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ CPC മെമ്പർമാർക്കും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും ചൈൽഡ്ലൈനുമായി ചേർന്ന് കുട്ടികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിക്കുവാനും കലക്ടർ നിർദ്ദേശം നൽകി.

യുവാക്കളെ കുട്ടികളുടെ നിയമങ്ങളെ കുറിച്ച് ബോധവാന്മാരാകക്കുവാൻ പരിശീലന പരിപാടികൾ ജില്ലാ യുവജനക്ഷേമ ബോർഡും നെഹ്റു യുവകേന്ദ്രയുമായി സഹകരിച്ച് നടപ്പിലാക്കണം.

കുടുംബശ്രീ വഴി കുട്ടികളുടെ സുരക്ഷാ നിയമങ്ങൾ എല്ലാ മാതാപിതാക്കളേയും എത്തുക എന്ന ഉദ്ദേശത്തോടെ ചൈൽഡ്ലൈൻ കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ച് കുടുംബശ്രീയിലെ CDS, ADS മെമ്പർമാർക്ക് അമ്മ അറിയാൻ' എന്ന പേരിൽ പരിശീലനം നൽകുവാൻ തീരുമാനിച്ചു.

റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും അസ്വഭാവിക സാഹചര്യത്തിൽ കണ്ടെത്തുന്ന കുട്ടികളെ റെസ്‌ക്യു ചെയ്യുന്ന ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിലെ ജി ആർ പി, ആർപിഎഫ് മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർക്ക് കുട്ടികളുടെ നിയമങ്ങളിലും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും പരിശീലനം നൽകുവാനും റെയിൽവേ ചൈൽഡ് പ്രൊട്ടക്ഷൻ ടീം രൂപീകരിക്കാനും തീരുമാനിച്ചു.

ലോക്ക്ഡൗൺ തുടങ്ങിയതിനു ശേഷം കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കുറഞ്ഞതിനാലും നീണ്ട കാലയളവിനുശേഷം സ്കൂൾ തുറക്കുന്ന സാഹചര്യം പരിഗണിച്ചും കുട്ടികൾ തുറന്നു പറയാത്ത പരാതികൾ ഉയരുവാൻ സാധ്യതയുള്ളതിനാലും എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കുവാൻ കളക്ടർ കർശന നിർദ്ദേശം നൽകി. ജില്ലയിലെ പ്രധാന അധ്യാപകർക്ക് കുട്ടികളുടെ സുരക്ഷായുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ പരിശീലനം വിജയകരമായി തുടരുന്ന സാഹചര്യത്തിൽ മറ്റുള്ള ഉപ ജില്ലയിലെ പ്രധാന അദ്ധ്യാപകർക്കുള്ള പരിശീലനം രണ്ടുമാസത്തിനുള്ളിൽ പൂർത്തീകരിക്കുവാനും അതിനുശേഷം എല്ലാ അധ്യാപകർക്കും പരിശീലനം വ്യാപിപ്പിക്കുവാനും കളക്ടർ നിർദ്ദേശം നൽകി.

ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കുട്ടികളുമായി ബന്ധപ്പെട്ട ജില്ലയിലെ സംവിധാനങ്ങളുടെ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കുവാൻ തീരുമാനിച്ചു. എല്ലാ പഞ്ചായത്തുകളിലും PHC കളിലും ബാലസൗഹൃദ ചുമർചിത്രങ്ങളും എമർജൻസി ഹെൽപ്പ്ലൈൻ സർവീസ് നമ്പറുകളും പ്രദർശിപ്പിക്കുവാൻ DDP, DMO എന്നിവർക്ക് നിർദ്ദേശം നൽകി. ചുമർചിത്രങ്ങളുടെ ടെമ്പ്ലേറ്റുകൾ നൽകുവാൻ ചൈൽഡ്ലൈൻ ജില്ലാ കോഡിനേറ്റർക്ക് കളക്ടർ നിർദ്ദേശം നൽകി.

ജില്ലയിലെ എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ന്റെയും പോലീസിന്റെയും മറ്റ് ഹെൽൻ സർവീസുകളുടെയും ടോൾ നമ്പർ നമ്പറുകൾ പ്രദർശിപ്പിക്കാനും കളക്ടർ ആർ ടി ഒ യ്ക്ക് നിർദ്ദേശം നൽകി.

യോഗത്തിൽ സിറ്റി പോലീസ് കമ്മീഷണർക്ക് വേണ്ടി അഡീഷണൽ എസ് പി പ്രിൻസ് എബ്രഹാം, റൂറൽ എസ് പിക്ക് വേണ്ടി സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി വിനോദ് എം പി , ഡിഡിഇ ഐടിഡിപി ഓഫീസർ, ആർ ടി ഒ , ഡി എൽ ഒ , വനിതാ ശിശു വികസന ഓഫീസർ തുടങ്ങിയവർ സംസാരിച്ചു. ചൈൽഡ്ലൈൻ സ്റ്റേറ്റ് കോർഡിനേറ്റർ മനോജ് ജോസഫ്, ചൈൽഡ് ലൈൻ ജില്ലാ കോർഡിനേറ്റർ അമൽജിത്ത് തോമസ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7703/decisions-to-control-violence-against-children)