---
title: "പടയണി സുവർണ ജൂബിലി ആഘോഷങ്ങൾക്ക്കണ്ണൂരിൽ പ്രൗഢ തുടക്കം: കാലത്തിൻ്റെ മാറ്റം ഉൾക്കൊള്ളാൻ കഴിയണം: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള"
english_title: "Goa Governor P.S.  Sreedharan Pillai"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77393/goa-governor-ps-sreedharan-pillai"
published_at: "2022-10-29T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635cecff9b2c1_IMG-20221029-WA0224.jpg"
keywords: []
---

# പടയണി സുവർണ ജൂബിലി ആഘോഷങ്ങൾക്ക്കണ്ണൂരിൽ പ്രൗഢ തുടക്കം: കാലത്തിൻ്റെ മാറ്റം ഉൾക്കൊള്ളാൻ കഴിയണം: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള

> **Lead Summary:**  **കണ്ണൂർ: **പ്രധാനമന്ത്രിയും, ഗവർണ്ണരും, മന്ത്രിമാരുമൊന്നുമല്ല, രാജ്യത്തെ ജനങ്ങളാണ് പരമാധികാരിയെന്ന് ആരും മറന്ന് പോകരുതെന്ന് ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള. പടയണി പത്രത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ കണ്ണൂർ ചേമ്പർ ഓഫ് കോമേർസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

 **കണ്ണൂർ: **പ്രധാനമന്ത്രിയും, ഗവർണ്ണരും, മന്ത്രിമാരുമൊന്നുമല്ല, രാജ്യത്തെ ജനങ്ങളാണ് പരമാധികാരിയെന്ന് ആരും മറന്ന് പോകരുതെന്ന് ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള. പടയണി പത്രത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ കണ്ണൂർ ചേമ്പർ ഓഫ് കോമേർസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാനായ സോഷ്യലിസ്റ്റ് രാംമനോഹർ ലോഹ്യ ഹൃദയത്തിൻ്റെ ഭാഷയിലാണ് സംസാരിച്ചത് പടയണിയുടേയും ഭാഷ അതു തന്നെയാണ്. ധർമ്മ മുണ്ടെങ്കിൽ രാജാവ് വേണ്ട. അധികാരത്തിൻ്റെ ലഹരിയെ അതിജീവിക്കാൻ സാമൂഹ്യ പ്രവർത്തകർക്കാവണം. ഏകാധിപത്യത്തെ എക്കാലവും ജനാധിപത്യം താഴെയിറക്കിയ ചരിത്രമാണ് നമുക്കുള്ളത്. മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ കാലത്തുപോലും ജനങ്ങൾ ശരിയായ വിധിയെഴുത്ത് നടത്തിയിട്ടുണ്ട്. സ്വയം വിലയിരുത്തേണ്ട നിമിഷങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. എന്ത് പറഞ്ഞാലും അപവാദവും വിവാദവുമാവുകയാണ്.

പലപ്പോഴും എൻ്റെ അഭിപ്രായങ്ങൾ എന്നിലേക്കൊതുങ്ങിപ്പോവുകയാണ്. അജ്ഞതയും, ദുർമോഹങ്ങളും മനുഷ്യരെ പച്ചയായി ബലി കൊടുക്കുന്നിടം വരെ പ്രബുദ്ധമായ കേരളമെത്തി നിൽക്കുന്നു. നാം എങ്ങോട്ടേക്കാണ് പോകുന്നത്? കുറ്റകൃത്യങ്ങളിൽ കേരളം ഏറെ മുന്നിലെത്തിയിരിക്കുന്നു. സുകുമാർ അഴീക്കോടിനെപ്പോലെ നിർഭയത്വത്തോടെ ആരേയും വിമർശിക്കാനാവുന്ന ആളുകളെവിടെ? വർദ്ധിതമായ വീര്യം ജനങ്ങളിൽ നിന്നും സ്വീകരിച്ച് ചങ്കൂറ്റത്തോടെ' അനീതിക്കെതിരെ പടപൊരുതിയ പി.ആർ.കുറുപ്പിന്നെ പോലുള്ള പൊതുപ്രവർത്തകർ ഇന്നെവിടെ പോയി.? ജനങ്ങൾ തോളത്ത് കൈവെക്കുമ്പോഴാണ് നേതാക്കൾ ഉയരങ്ങളിലെത്തുന്നതെന്ന് ഗവർണ്ണർ ഓർമ്മിപ്പിച്ചു. റൂട്ട് തേടിയുള്ള യാത്രയാണ് മാധ്യമ പ്രവർത്തനം. ശരിയായ റൂട്ട് കണ്ടെത്തി, ആകർഷകമായ ഫ്രൂട്ട് ജനങ്ങൾക്കെത്തിക്കാൻ മാധ്യമപ്രവർത്തകർക്ക് കഴിയണം. ഉറ്റ ബന്ധുക്കളുടെ ഫോൺ നമ്പർ പോലും ഓർത്തുവെക്കാനാവാത്ത വിധം ഓർമ്മ നഷ്ടപ്പെട്ട സമൂഹമായി നാം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഗവർണ്ണർ ചൂണ്ടിക്കാട്ടി.

നിങ്ങൾക്ക് എങ്ങിനെ ഒരു നല്ല പൊതു പ്രവർത്തകനാവാം എന്നത് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച രാഷ്ട്രിയ ഇതിഹാസമായിരുന്നു പി.ആർ.കുറുപ്പ്. ജനാധിപത്യത്തിൻ്റെ ഭാവിയെ സംബന്ധിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ മാധ്യമ രംഗത്തിൻ്റെ ഭാവിയും, വർത്തമാനവും സംബന്ധിച്ച സെമിനാർ ഏറെ പ്രസക്തമാണെന്ന് ഗവർണ്ണർ പറഞ്ഞു. ചടങ്ങിൽ മേയർ ടി.ഒ.മോഹനൻ  അദ്ധ്യക്ഷനായി. കെ.പി.മോഹനൻ എം എൽ എ സ്വാഗതവും, ചാലക്കര പുരുഷു നന്ദിയും പറഞ്ഞു, തുടർന്ന് നടന്ന 'മാധ്യമ രംഗം - വർത്തമാനവും ഭാവിയും' എന്ന വിഷയത്തിൽ നടന്ന മാധ്യമ സെമിനാറിൽ പി.എം അഷ്റഫ് സ്വാഗതം പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സിജി ഉലഹന്നാൻ അധ്യക്ഷത വഹിച്ചു. കെ ജയപ്രകാശ് ബാബു മോഡറേറ്ററായി. മാധ്യമ പ്രവർത്തകൻ എ സജീവൻ, കെ യു ഡബ്ല്യു ജെ സംസ്ഥാന പ്രസിഡണ്ട്  എം വി വിനീത എന്നിവർ ക്ലാസ് എടുത്തു. കണ്ണൂർ പ്രസ് ക്ലബ്ബ് സെക്രട്ടറി കെ വിജേഷ് നന്ദി പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77393/goa-governor-ps-sreedharan-pillai)