---
title: " കൈത്തറി മേഖലക്കായി ജില്ലാ പഞ്ചായത്തിന്റെ 35 ലക്ഷം"
english_title: "35 lakhs of District Panchayat for handloom sector "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77428/35-lakhs-of-district-panchayat-for-handloom-sector"
published_at: "2022-10-29T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635d236c8f445_images_(6).jpeg"
keywords: []
---

#  കൈത്തറി മേഖലക്കായി ജില്ലാ പഞ്ചായത്തിന്റെ 35 ലക്ഷം

> **Lead Summary:** **കണ്ണൂർ** : ജില്ലയിലെ കൈത്തറി മേഖലക്കായി 35 ലക്ഷം രൂപ അനുവദിക്കാന്‍ ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ തീരുമാനം. കൈത്തറി മേഖലയെ പരിപോഷിപ്പിക്കാനാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചത്. ഇത് ഉപയോഗിച്ച് ജില്ലയില്‍ ആകെയുള്ള 36 സംഘങ്ങള്‍ക്കും നൂല് വാങ്ങി നല്‍കും.

## Article Content

**കണ്ണൂർ** : ജില്ലയിലെ കൈത്തറി മേഖലക്കായി 35 ലക്ഷം രൂപ അനുവദിക്കാന്‍ ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ തീരുമാനം. കൈത്തറി മേഖലയെ പരിപോഷിപ്പിക്കാനാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചത്. ഇത് ഉപയോഗിച്ച് ജില്ലയില്‍ ആകെയുള്ള 36 സംഘങ്ങള്‍ക്കും നൂല് വാങ്ങി നല്‍കും.

സംസ്ഥാനത്തെ മികച്ച വയോജന സൗഹൃദ ജില്ലയായി തെരഞ്ഞെടുത്തപ്പോള്‍ പുരസ്‌ക്കാരമായി ലഭിച്ച ഒരുലക്ഷം രൂപ വയോധികരെ ആദരിക്കാന്‍ ഉപയോഗിക്കും. 100 വയസ് കഴിഞ്ഞവരെയാണ് വീടുകളിലെത്തി ആദരിക്കുക. ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ബ്ലോക്ക്തല ഭിന്നശേഷി സംഗമം നടത്തും. 100 ആദിവാസി കോളനികള്‍ സമഗ്ര വികസനത്തിനായി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ഡിജിറ്റല്‍ സര്‍വ്വേക്കായി പ്രത്യേക ആപ്ലിക്കേഷന്‍ തയ്യാറാക്കാനും തീരുമാനിച്ചു.

വിവിധ സ്ഥിരം സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കിയതിനൊപ്പം കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ അനുശോചനവും രേഖപ്പെടുത്തി.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്നകുമാരി, യു പി ശോഭ, അഡ്വ. ടി സരള, വി കെ സുരേഷ് ബാബു, സെക്രട്ടറി ഇന്‍ചാര്‍ജ് ഇ എന്‍ സതീഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഭരണസമിതി അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77428/35-lakhs-of-district-panchayat-for-handloom-sector)