---
title: "വിവാഹ മോചനവും ഇനി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം"
english_title: "Divorce can now also be registered online"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77672/divorce-can-now-also-be-registered-online"
published_at: "2022-10-31T05:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f15f137d0c_Screenshot_20221031-055418_Dailyhunt.jpg"
keywords: []
---

# വിവാഹ മോചനവും ഇനി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം

> **Lead Summary:** വിവാഹം സംബന്ധിച്ച നിയമപരമായ തര്‍ക്കങ്ങളും ഓണ്‍ലൈനായി പരിഹരിക്കും. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് പോലെ ഇനി വിവാഹമോചനവും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ നിയമം വരുന്നു.

## Article Content

വിവാഹം സംബന്ധിച്ച നിയമപരമായ തര്‍ക്കങ്ങളും ഓണ്‍ലൈനായി പരിഹരിക്കും. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് പോലെ ഇനി വിവാഹമോചനവും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ നിയമം വരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം സമഗ്ര മാറ്റങ്ങള്‍ നടപ്പിലാക്കുന്നതെന്നാണു തദ്ദേശവകുപ്പ് പറയുന്നത്. ഇതിനായുള്ള ചട്ടങ്ങള്‍ തയാറാക്കാന്‍ തദ്ദേശവകുപ്പ് സമിതിയെ നിയമിച്ചിട്ടുണ്ട്‌. വിവാഹം മോചനം നേടിയാല്‍ അക്കാര്യം ഓണ്‍ലൈനായിത്തന്നെ രേഖപ്പെടുത്തും. മുന്‍ തദ്ദേശ സ്വയം ഭരണ മന്ത്രി എം.വി. ഗോവിന്ദന്‍ മുന്‍കൈയെടുത്താണ് ആദ്യ ആലോചനകള്‍ തുടങ്ങിയത്. തുടര്‍ന്നു സര്‍ക്കാര്‍ വിവാഹമോചനവും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള നടപടി ആരംഭിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖ സംസ്ഥാനത്ത് വിവാഹ രജിസ്ട്രേഷന് ആവശ്യമില്ല.

വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷയോടൊപ്പം വിവാഹം ചെയ്യുന്നവരുടെ ജനനത്തീയതി തെളിയിക്കുന്ന അംഗീകൃത രേഖകളും വിവാഹം നടന്നെന്ന് തെളിയിക്കുന്ന അംഗീകൃത രേഖകളും വിവാഹം നടന്നെന്ന് തെളിയിക്കുന്ന രേഖയും മതിയാകും. വിവാഹിതരായി വര്‍ഷങ്ങളായി ഒന്നിച്ചു താമസിക്കുന്നവരും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവരുമായ ദന്പതിമാര്‍ക്കു വീഡിയോ കോണ്‍ഫെറന്‍സിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളിലൂടെ ഓണ്‍ലൈനായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. വിവാഹങ്ങളുടെ സാധുത നിര്‍ണയിക്കുന്നതു വിവാഹിതരാകുന്ന വ്യക്തികളുടെ മതം അടിസ്ഥാനപ്പെടുത്തി മാത്രമല്ലെന്നാണു സര്‍ക്കാര്‍ നിലപാട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77672/divorce-can-now-also-be-registered-online)