---
title: "തളിപ്പറമ്പ് കില സെൻ്ററിൽ ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങൾക്കായി സംഘടിപ്പിക്കുന്ന ദുരന്ത നിവാരണ പരിശീലന ക്യാംപ് ഇന്ന് സമാപിക്കും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77740/kannur"
published_at: "2022-10-31T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f7a23dfb6c_Picsart_22-10-31_13-02-16-261.jpg"
keywords: []
---

# തളിപ്പറമ്പ് കില സെൻ്ററിൽ ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങൾക്കായി സംഘടിപ്പിക്കുന്ന ദുരന്ത നിവാരണ പരിശീലന ക്യാംപ് ഇന്ന് സമാപിക്കും

> **Lead Summary:** തളിപ്പറമ്പ് കില സെൻ്ററിൽ ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങൾക്കായി സംഘടിപ്പിക്കുന്ന ദുരന്ത നിവാരണ പരിശീലന ക്യാംപ് ഇന്ന് സമാപിക്കും. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് പരിശീലനം നൽകുന്നത്. പ്രാദേശിക ഭരണകൂടങ്ങളുമായി ചേർന്ന് ദുരന്ത സാഹചര്യങ്ങളിൽ ഏറ്റവും അനിവാര്യമായ ചുമതലകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കായാണ് കിലയുടെ നേതൃത്വത്തിൽ പരിശീലന ക്യാംപ് സംഘടിപ്പിച്ചത്.

## Article Content

തളിപ്പറമ്പ് കില സെൻ്ററിൽ ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങൾക്കായി സംഘടിപ്പിക്കുന്ന ദുരന്ത നിവാരണ പരിശീലന ക്യാംപ് ഇന്ന് സമാപിക്കും. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് പരിശീലനം നൽകുന്നത്. പ്രാദേശിക ഭരണകൂടങ്ങളുമായി ചേർന്ന് ദുരന്ത സാഹചര്യങ്ങളിൽ ഏറ്റവും അനിവാര്യമായ ചുമതലകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കായാണ് കിലയുടെ നേതൃത്വത്തിൽ പരിശീലന ക്യാംപ് സംഘടിപ്പിച്ചത്.

കരിമ്പത്തെ തളിപ്പറമ്പ് കില സെൻ്ററിൽ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പി.എച്ച്.സി, സി.എച്ച്.സി, എഫ്.എച്ച്,സി എന്നിവിടങ്ങളിലെ ഡോക്ടർമാർ, ഓഫിസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ഫാർമസിസ്റ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻമാർ എന്നിവരാണ് പരിശീലന ക്യാംപിൽ പങ്കെടുക്കുന്നത്. ഇവരുടെ സ്ഥാപനങ്ങളിൽ ദുരന്ത സാഹചര്യത്തിൽ എങ്ങിനെ അടിയന്തരമായി ഇടപെടണം എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രാവിലെ 10 മണി മുതൽ 4 മണി വരെ 3 സെഷനുകളിലായി നടക്കുന്ന പരിശീലനത്തിൽ ക്ലാസുകൾക്ക് പുറമേ പ്രായോഗിക പരിശീലനവും ദുരന്തമുഖത്ത് എതു രീതിയിൽ ഇടപെടുമെന്നതിൻ്റെ അവതരണവും പരിശീലനാർഥികളെ ഉൾപ്പെടുത്തി നടത്തും. സ്ഥാപനങ്ങളിൽ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ചും സംഭരിക്കേണ്ട ഉപകരണങ്ങളെ കുറിച്ചുള്ള നിർദ്ദേശവും നൽകും. ക്യാംപിൽ പരിശീലനം പൂർത്തിയാക്കിയവർ അവരുടെ സ്ഥാപനങ്ങളിലെ മറ്റ് ജീവനക്കാർക്ക് പരിശീലനം നൽകും. ബ്ലോക്ക് പഞ്ചായത്തുകൾ തിരിച്ച് ദിവസേന എഴുപതോളം പേർക്കാണ് പരിശീലനം നൽകുന്നത്. ഒക്ടോബർ 20ന് തുടങ്ങിയ ക്യാംപ് 31ന് സമാപിക്കുമെക്കും. ഡെപ്യൂട്ടി ഡി.എം.ഒ എം.പി ജീജ, ഡോ.സോനു ബി നായർ, ഡോ.സി.പി ബിജോയ്, സുരേഷ് ബാബു ശ്രീസ്ഥ, വി.വി ദിനേശ്, സി.വി സുരേഷ് ബാബു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. റിസോഴ്സ് പേഴ്സൺമാരായ ചാക്കോ, ഹരീഷ്, സുജിത്ത് കുര്യാക്കോസ് എന്നിവർ ക്യാംപിന് സാങ്കേതിക സഹായം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77740/kannur)