---
title: "യുവത്വത്തെ ലഹരിക്കുരുക്കില്‍ തളച്ചിടാന്‍ അനുവദിക്കരുത്: മന്ത്രി വി ശിവന്‍കുട്ടി"
english_title: "Sivankutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77873/sivankutty"
published_at: "2022-11-01T05:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6360636f940fd_n43729354416672612794595933a4bfc2d2d3ee4a7610de7dc54b759cd433030ef5c8b63dc17ebbebc4ab01.jpg"
keywords: []
---

# യുവത്വത്തെ ലഹരിക്കുരുക്കില്‍ തളച്ചിടാന്‍ അനുവദിക്കരുത്: മന്ത്രി വി ശിവന്‍കുട്ടി

> **Lead Summary:** **തിരുവനന്തപുരം:** നാടിന്റെ വളര്‍ച്ചയില്‍ മുതല്‍ക്കൂട്ടാകേണ്ട യുവത്വത്തെ ലഹരിക്കുരുക്കില്‍ തളച്ചിടാന്‍ അനുവദിക്കരുതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.

## Article Content

**തിരുവനന്തപുരം:** നാടിന്റെ വളര്‍ച്ചയില്‍ മുതല്‍ക്കൂട്ടാകേണ്ട യുവത്വത്തെ ലഹരിക്കുരുക്കില്‍ തളച്ചിടാന്‍ അനുവദിക്കരുതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.

'ലഹരിമുക്ത നവകേരളം' എന്ന സന്ദേശമുയര്‍ത്തി പൊതുവിദ്യാഭ്യാസ- എക്‌സൈസ് വകുപ്പുകളുടെ സഹകരണത്തോടെ കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് സംഘടിപ്പിച്ച സൈക്കിള്‍ റാലിയുടെ സമാപനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികള്‍ ലഹരിയുടെ തെറ്റായ വഴിയില്‍ സഞ്ചരിക്കാതിരിക്കാന്‍ എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക കരുതല്‍ വേണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ഒകോടോബര്‍ 25 ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച യാത്രയാണ് തിരുവനന്തപുരത്ത് സമാപിച്ചത്.

പൊതുവിദ്യാഭ്യാസ ഡയറക്ടറും കെ.എസ്.ബി.എസ്.ജി സ്റ്റേറ്റ് ചീഫ് കമ്മിഷണറുമായ കെ. ജീവന്‍ബാബു അധ്യക്ഷതവഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ഷീല ജോസഫ് കുട്ടികള്‍ക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൈക്കിള്‍ റാലിയുടെ ഭാഗമായി ഫ്‌ളാഷ്‌മോബ് ഉള്‍പ്പെടെയുള്ള വിവിധ ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിച്ചു. എക്‌സൈസ് വകുപ്പ് ഡെപ്യൂട്ടി കമ്മിഷണര്‍ ബാബു വര്‍ഗ്ഗീസ്, തിരുവനന്തപുരം ഡി.ഡി.ഇ വാസു സി.കെ, തിരുവനന്തപുരം ഡി.ഇ.ഒ സുരേഷ് ബാബു, തിരുവനന്തപുരം സൗത്ത് എ.ഇ.ഒ ആര്‍.ഗോപകുമാര്‍, കണിയാപുരം എ.ഇ.ഒ എ.ഷീജ, കെ.എസ്.ബി.എസ്.ജി സ്റ്റേറ്റ് സെക്രട്ടറി പ്രഭാകരന്‍ എന്‍.കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77873/sivankutty)