---
title: "പയ്യന്നൂർ ഐ എസ് ഡി സ്കൂളിൽ പൈതൃക പെരുമ ചരിത്രപ്രദർശനം നടന്നു "
english_title: "Payyannur isd school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78158/payyannur-isd-school"
published_at: "2022-11-02T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63624019bf01d_Picsart_22-11-02_15-27-31-149.jpg"
keywords: []
---

# പയ്യന്നൂർ ഐ എസ് ഡി സ്കൂളിൽ പൈതൃക പെരുമ ചരിത്രപ്രദർശനം നടന്നു 

> **Lead Summary:** **പയ്യന്നൂർ : **പഴയ കാല സംസ്കൃതിയിലേക്കുള്ള മണ്മറഞ്ഞ ഓർമ്മകൾ കുട്ടികൾക്ക് പകർന്നു നൽകിക്കൊണ്ട് നടത്തിയ പൈതൃക പെരുമ ചരിത്രപ്രദർശനം വേറിട്ട കാഴ്ചയായി മാറി. ഒരു സാധാരണ വിദ്യാർത്ഥിയിൽ പോലും ചരിത്ര ഗവേഷകന്റെ ചിന്തയും, വിജ്ഞാനവും പകർന്നു നൽകുന്ന രീതിയിൽ ആയിരുന്നു പ്രദർശനം.

## Article Content

**പയ്യന്നൂർ : **പഴയ കാല സംസ്കൃതിയിലേക്കുള്ള മണ്മറഞ്ഞ ഓർമ്മകൾ കുട്ടികൾക്ക് പകർന്നു നൽകിക്കൊണ്ട് നടത്തിയ പൈതൃക പെരുമ ചരിത്രപ്രദർശനം വേറിട്ട കാഴ്ചയായി മാറി. ഒരു സാധാരണ വിദ്യാർത്ഥിയിൽ പോലും ചരിത്ര ഗവേഷകന്റെ ചിന്തയും, വിജ്ഞാനവും പകർന്നു നൽകുന്ന രീതിയിൽ ആയിരുന്നു പ്രദർശനം.

പയ്യന്നൂർ ഐ എസ് ഡി സ്കൂളിൽ ആയിരുന്നു പ്രദർശന പരിപാടി നടന്നത്. കഴിഞ്ഞ തലമുറ ഉപയോഗിച്ചിരുന്നതും, നിലവിലെ തലമുറയ്ക്ക് കേട്ടു കേൾവി പോലുമില്ലാത്തതുമായ എക്‌സിബിഷൻ വളരെയേറെ ശ്രദ്ധേയമായി. പണ്ടുകാലത്ത് ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന അരകല്ല്, നീട്ടമ്മി , ഉരൽ, ഉലക്ക, റാന്തൽ, എന്നിവ പ്രദർശന വേദിയിൽ സ്ഥാനം പിടിച്ചിരുന്നു.

വിലപിടിപ്പുള്ള ആഭരണങ്ങൾ സൂക്ഷിച്ചു വെക്കാനുപയോഗിച്ചിരുന്ന ആമാട പെട്ടി, മുമ്പ് കാലത്ത് ഇരിക്കാൻ ഉപയോഗിച്ചിരുന്ന വിവിധ തരം പലകകൾ തുടങ്ങിയവയും പ്രദർശന വേദിയെ സമ്പന്നമാക്കി. മാരത്തവി, കിണ്ണം, മങ്ങണം, വാരുരുളി, മുതൽ താഴികക്കുടം, നിലം തല്ലി വരെയുള്ള വിവിധ തരം വസ്തുക്കളും നേരിൽ കണ്ടറിയാനുള്ള വേദി കൂടിയായി പ്രദർശനം.

പണ്ട് കാലത്ത് ക്ഷേത്രങ്ങളിലും, പൂജ കർമങ്ങളും ഉപയോഗിച്ചിരുന്ന വസ്തുക്കളും വേദിയെ സമ്പന്നമാക്കി. മുൻകാലങ്ങളിൽ എഴുതനായി ഉപയോഗിച്ചിരുന്ന എഴുത്തോലകളും, രേഖകൾ സൂക്ഷിച്ചു വെച്ചിരുന്ന ഗ്രന്ഥങ്ങളും ഇവയിൽ ഉൾപ്പെടുന്നു. കൂടാതെ കളരി ആയുധങ്ങളായ വാൾ, ഉറുമി, പരിച, കഠാര തുടങ്ങിയവയും അതിന്റെ പ്രൗഢി ഒട്ടും ചോരാതെ തന്നെ വേദിയിൽ സന്ദർശകർക്കായി ഒരുക്കി വെച്ചിട്ടുണ്ട്. സ്കൂളിലെ അധ്യാപികയായ രമ്യ ബാലൻ, അനിത എന്നിവരാണ് കോർഡിനേറ്റർമാർ. പ്രദർശനം കാണാൻ എത്തുന്ന കുട്ടികളുമായി സംവദിച്ചു കൃത്യമായ വിവരങ്ങൾ നൽകാനും അധ്യാപികയായ രമ്യ ബാലൻ പ്രതേകം ശ്രദ്ധിക്കുന്നുണ്ട്.

സഹ പ്രവർത്തകയായ അനിത ടീച്ചറുടെ സഹായവും തുണയായി. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പൂർണ സഹകരണത്തോടെ നടന്ന എക്സിബിഷൻ വൻ വിജയം തന്നെയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ടി പി സുരേഷ് പൊതുവാൾ ഉദ്ഘാടനം ചെയ്തു. മാനേജർ കക്കുളത്ത് അബ്ദുൾ ഖാദർ, വൈസ് പ്രിൻസിപ്പൽ കെ പി ദിവ്യ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78158/payyannur-isd-school)