---
title: "പാലയാട് കാമ്പസിൽ റാഗിങ് നടത്തിയെന്ന പരാതിയിൽ അലൻ ഷുഹൈബ് കസ്റ്റഡിയിൽ"
english_title: " Alan shuhaib is in custody "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78176/alan-shuhaib-is-in-custody"
published_at: "2022-11-02T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63625492c5230_Picsart_22-11-02_16-58-55-995.jpg"
keywords: []
---

# പാലയാട് കാമ്പസിൽ റാഗിങ് നടത്തിയെന്ന പരാതിയിൽ അലൻ ഷുഹൈബ് കസ്റ്റഡിയിൽ

> **Lead Summary:**  **തലശ്ശേരി** : പാലയാട് കാമ്പസിൽ റാഗിങ് നടത്തിയെന്ന പരാതിയിൽ അലൻ ഷുഹൈബ് കസ്റ്റഡിയിൽ. ധർമടം പോലീസാണ് അലനെ കസ്റ്റഡിയിൽ എടുത്തത്. വ്യാജപരാതിയാണിതെന്നും കഴിഞ്ഞ വർഷം എസ്.എഫ്.ഐക്കാർ റാഗ് ചെയ്തതിനെതിരേ നിലപാട് എടുത്തതിൽ പകവീട്ടുന്നതാണെന്നും അലൻ ആരോപിച്ചു. ബുധനാഴ്ച രാവിലെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.

## Article Content

 **തലശ്ശേരി** : പാലയാട് കാമ്പസിൽ റാഗിങ് നടത്തിയെന്ന പരാതിയിൽ അലൻ ഷുഹൈബ് കസ്റ്റഡിയിൽ. ധർമടം പോലീസാണ് അലനെ കസ്റ്റഡിയിൽ എടുത്തത്. വ്യാജപരാതിയാണിതെന്നും കഴിഞ്ഞ വർഷം എസ്.എഫ്.ഐക്കാർ റാഗ് ചെയ്തതിനെതിരേ നിലപാട് എടുത്തതിൽ പകവീട്ടുന്നതാണെന്നും അലൻ ആരോപിച്ചു. ബുധനാഴ്ച രാവിലെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.

എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഒരു വിഭാഗവും അലൻ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള വിദ്യാർഥി ഐക്യമുന്നണിയുമായാണ് പ്രശ്നങ്ങൾ തുടങ്ങിയത്. എസ്.എഫ്.ഐക്കാരായ ഒന്നാം വർഷ എൽ.എൽ.ബി. വിദ്യാർഥികളെ അലന്റെ നേതൃത്വത്തിൽ റാഗ് ചെയ്തുവെന്നാണ് പരാതി. ഇതിന്റെ ഭാഗമായി അലൻ ഉൾപ്പെടെയുള്ള വിദ്യാർഥികളെ ധർമടം പോലീസ് കസ്റ്റഡിയിൽ എടുത്തു.

അലൻ ഷുഹൈബ്, ബദറുദ്ദീൻ, നിഷാദ് എന്നീ വിദ്യാർഥികൾക്ക് എതിരേയാണ് റാഗിങ് ആരോപണം ഉയർന്നിട്ടുള്ളത്. എന്നാൽ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് അലനും കൂട്ടരും പറയുന്നത്. കഴിഞ്ഞവർഷം ഒരു വിദ്യാർഥിയെ എസ്.എഫ്.ഐ. പ്രവർത്തകർ റാഗ് ചെയ്തിരുന്നു. ഇതിനെ അലനും സംഘവും ചോദ്യം ചെയ്യുകയും വലിയ പ്രശ്നത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു.

അതിന് പകരം വീട്ടാനാണ് ഇപ്പോൾ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും തന്നെ കൂടുതൽ കേസുകളിൽ ഉൾപ്പെടുത്തി നിലവിൽ അനുവദിക്കപ്പെട്ടിരിക്കുന്ന ജാമ്യം റദ്ദുചെയ്യിക്കാനാണ് എസ്.എഫ്.ഐ. നീക്കമെന്നും അലൻ പറഞ്ഞു. റാഗിങ് പരാതി ലഭിച്ചിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷിക്കാനാണ് അലനെയും കൂട്ടരെയും കസ്റ്റഡിയിൽ എടുത്തതുമെന്നാണ് ധർമടം പോലീസ് നൽകുന്ന വിശദീകരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78176/alan-shuhaib-is-in-custody)