---
title: "കണ്ണൂർ കുറുമാത്തൂരിൽ ഉയരുന്നു ലോകകപ്പ് ട്രോഫി "
english_title: "'World Cup trophy' rises in Kannur Kurumathur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78465/world-cup-trophy-rises-in-kannur-kurumathur"
published_at: "2022-11-04T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6364b7ef51db9_Picsart_22-11-04_12-17-09-025.jpg"
keywords: []
---

# കണ്ണൂർ കുറുമാത്തൂരിൽ ഉയരുന്നു ലോകകപ്പ് ട്രോഫി 

> **Lead Summary:** കണ്ണൂർ: ഖത്തറിൽ ലോകകപ്പ് ഫുട്ബോളിന്റെ ആരവങ്ങൾ ഉയരുമ്പോൾ കണ്ണൂർ ജില്ലയിലെ കുറുമാത്തൂരിൽ ലോകകപ്പ് ട്രോഫിയുടെ കൂറ്റൻ മാതൃകയും ഉയരുകയാണ്. എക്കോ വൺ ഡയറി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് 11 അടിയോളം പോരുന്ന ‘ട്രോഫി’. കോൺക്രീറ്റിൽ തീർക്കുന്ന ട്രോഫിയുടെ അവസാനഘട്ട പണിപ്പുരയിലാണ് ശില്പി സണ്ണി കുറുമാത്തൂർ.

## Article Content

കണ്ണൂർ: ഖത്തറിൽ ലോകകപ്പ് ഫുട്ബോളിന്റെ ആരവങ്ങൾ ഉയരുമ്പോൾ കണ്ണൂർ ജില്ലയിലെ കുറുമാത്തൂരിൽ ലോകകപ്പ് ട്രോഫിയുടെ കൂറ്റൻ മാതൃകയും ഉയരുകയാണ്. എക്കോ വൺ ഡയറി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് 11 അടിയോളം പോരുന്ന ‘ട്രോഫി’. കോൺക്രീറ്റിൽ തീർക്കുന്ന ട്രോഫിയുടെ അവസാനഘട്ട പണിപ്പുരയിലാണ് ശില്പി സണ്ണി കുറുമാത്തൂർ.

ഏഴടിയോളം ഭാഗം പൂർത്തിയായി. ട്രോഫി സ്ഥാപിക്കുന്നിടത്ത് നാലടിയോളം ഉയരത്തിൽ പ്രതലം ഒരുക്കിക്കഴിഞ്ഞു. തളിപ്പറമ്പ്-ശ്രീകണ്ഠപുരം സംസ്ഥാന പാതയ്ക്കരികിൽ കുറുമാത്തൂർ ഡയറിയിലാണ് ശില്പം സ്ഥാപിക്കുക. ഏകദേശം രണ്ടു ക്വിൻ്റൽ ഭാരമുണ്ട് ഈ ‘ട്രോഫി’ക്ക്‌. 40,000 രൂപയോളം ചെലവ് പ്രതീക്ഷിക്കുന്നതായി ക്ലബ്ബ് രക്ഷാധികാരികളായ കെ.മദൻദേവ്, കെ.ടി.ലിംസ് എന്നിവർ പറഞ്ഞു.

പൊതുവിൽ കാണുന്ന ഫ്ലക്സ് ബോർഡ് പ്രചാരണങ്ങളിൽനിന്ന് വേറിട്ട് നിൽക്കണമെന്ന ചിന്തയാണ് ക്ലബ്ബിനെ ഈ വഴിയിൽ എത്തിച്ചത്. ബ്രസീൽ, അർജന്റീന, പോർച്ചുഗൽ, ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ ടീമുകളുടെ ആരാധകരാണ് അംഗങ്ങളിൽ ഏറെയും. 21 വർഷത്തിലേറെയായി എക്കോ വൺ ഡയറി ക്ലബ്ബ് പ്രവർത്തിക്കുന്നു. കായികമേഖലയിൽ മാത്രമല്ല, സന്നദ്ധ പ്രവർത്തനങ്ങളിലും ഇവർ സജീവമാണ്.

ടി.പി.റാഹിബ്, ടി.പി.റഷീദ്, എം.ജി.മീജിൽ, പി.പി.നിഷാന്ത്, കെ.പി.ജാബിർ തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അടുത്തദിവസം തന്നെ ലോകകപ്പ് ട്രോഫിയുടെ മാതൃക റോഡരികിലേക്ക് മാറ്റും. തുടർന്ന് അവസാന മിനുക്ക് പണികൾ നടത്തും. ലോകകപ്പ് ഫുട്ബോൾ കിക്കോഫിന് മുന്നേ ട്രോഫി മാതൃക നാടിന് സമർപ്പിക്കും.ഒരു ഇന്ത്യൻ ഫുട്ബോൾ താരത്തെ ഉദ്ഘാടനത്തിന് കൊണ്ടുവരാനാണ് തീരുമാനമെന്ന് അംഗങ്ങൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78465/world-cup-trophy-rises-in-kannur-kurumathur)