---
title: "ശിഹാദിന്റെ ഡ്രൈവിങ്‌ ലൈസന്‍സ്‌ റദ്ദാക്കും: കുട്ടിയെ ചവിട്ടി തെറിപ്പിച്ച പ്രതിയ്ക്ക് നോട്ടീസ്"
english_title: "Shihad's driving license will be cancelled"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78591/shihads-driving-license-will-be-cancelled"
published_at: "2022-11-05T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6365d3e8959ea_n4386779741667617178600838be57cc8973975c9dae6dc1e9ae5b95fc984d54de3b08298ab72578554644b.jpg"
keywords: []
---

# ശിഹാദിന്റെ ഡ്രൈവിങ്‌ ലൈസന്‍സ്‌ റദ്ദാക്കും: കുട്ടിയെ ചവിട്ടി തെറിപ്പിച്ച പ്രതിയ്ക്ക് നോട്ടീസ്

> **Lead Summary:** **കണ്ണൂര്‍: **കാറില്‍ ചാരി നിന്നതിനു ആറു വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തില്‍ പ്രതിയുടെ ഡ്രൈവിങ്‌ ലൈസന്‍സ്‌ റദ്ദാക്കും.ലൈസന്‍സ്‌ റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ നേരിട്ട്‌ ഹാജരായി ബോധിപ്പിക്കാന്‍ മുഹമ്മദ്‌ ശിഹാദിന് നോട്ടീസ്‌ നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ്‌ ആര്‍ടിഒ എ സി ഷീബയാണ് കുട്ടിക്കെതിരായ അതിക്രമ കേസിലെ പ്രതിക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.

## Article Content

**കണ്ണൂര്‍: **കാറില്‍ ചാരി നിന്നതിനു ആറു വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തില്‍ പ്രതിയുടെ ഡ്രൈവിങ്‌ ലൈസന്‍സ്‌ റദ്ദാക്കും.ലൈസന്‍സ്‌ റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ നേരിട്ട്‌ ഹാജരായി ബോധിപ്പിക്കാന്‍ മുഹമ്മദ്‌ ശിഹാദിന് നോട്ടീസ്‌ നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ്‌ ആര്‍ടിഒ എ സി ഷീബയാണ് കുട്ടിക്കെതിരായ അതിക്രമ കേസിലെ പ്രതിക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.

കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് നടപടി. കുട്ടിക്കെതിരെ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു.

കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കില്‍ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ക്രൂരമായി മര്‍ദ്ദനമേറ്റ ആറ് വയസുകാരന്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. വാരിയെല്ലില്‍ ചതവുണ്ടെന്നാണ് എക്സ് റേ പരിശോധനയില്‍ വ്യക്തമായത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സൗകര്യമില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് സ്കാനിംഗ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഇടത് ഭാഗത്തെ വാരിയെല്ലിന് ചതവുണ്ടെന്ന് കണ്ടെത്തി. ഇളകാതിരിക്കാന്‍ കയ്യില്‍ സ്ട്രിംഗ് ഇട്ടിട്ടുണ്ട്. രണ്ട് ദിവസം കൂടി ആശുപത്രിയില്‍ തുടരാനാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78591/shihads-driving-license-will-be-cancelled)