---
title: "കണ്ണൂർ റൂറൽ ജില്ലാ പോലീസ് കായികമേള: ഇരിട്ടി മുന്നിൽ "
english_title: "Kannur Rural District Police Sports Festival is ahead"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78644/kannur-rural-district-police-sports-festival-is-ahead"
published_at: "2022-11-05T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63660aeed9676_Picsart_22-11-05_12-28-42-432.jpg"
keywords: []
---

# കണ്ണൂർ റൂറൽ ജില്ലാ പോലീസ് കായികമേള: ഇരിട്ടി മുന്നിൽ 

> **Lead Summary:** **കണ്ണൂർ**: റൂറൽ ജില്ലാ പോലീസ് രൂപവത്കരിച്ചതിനു ശേഷമുള്ള ആദ്യ കായികമേള മാങ്ങാട്ടുപറമ്പ് കെ.എ.പി. ഗ്രൗണ്ടിൽ തുടങ്ങി. ആദ്യദിന മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇരിട്ടി സബ് ഡിവിഷൻ മുന്നിലാണ്. നാല് സബ് ഡിവിഷനുകളിൽനിന്നായി മുന്നൂറോളം അത്‌ലറ്റുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. 10,000 മീറ്റർ നടത്തമത്സരത്തിൽ ഇരിട്ടി സബ്‌ഡിവിഷനിലെ ശശിധരൻ സ്വർണമെഡൽ നേടി.

## Article Content

**കണ്ണൂർ**: റൂറൽ ജില്ലാ പോലീസ് രൂപവത്കരിച്ചതിനു ശേഷമുള്ള ആദ്യ കായികമേള മാങ്ങാട്ടുപറമ്പ് കെ.എ.പി. ഗ്രൗണ്ടിൽ തുടങ്ങി. ആദ്യദിന മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇരിട്ടി സബ് ഡിവിഷൻ മുന്നിലാണ്. നാല് സബ് ഡിവിഷനുകളിൽനിന്നായി മുന്നൂറോളം അത്‌ലറ്റുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. 10,000 മീറ്റർ നടത്തമത്സരത്തിൽ ഇരിട്ടി സബ്‌ഡിവിഷനിലെ ശശിധരൻ സ്വർണമെഡൽ നേടി.

പുരുഷ-വനിതാ വിഭാഗങ്ങളിലായി ലോങ് ജമ്പ്‌, ഹൈജമ്പ്‌, ജാവലിൻ ത്രോ, ഷോട്ട്‌പുട്ട്, 100, 200, 400, 800, 5000 മീറ്റർ വ്യക്തിഗത ഓട്ടം, 400 മീറ്റർ റിലേ മത്സരം എന്നിവയാണ് ആദ്യദിനം നടന്നത്. രണ്ടാം ദിവസമായ ഇന്ന് ശനിയാഴ്ച 110 മീറ്റർ ഹർഡിൽസ്, ഡിസ്കസ് ത്രോ, ഹാമർ ത്രോ, പോൾവാൾട്ട്, ട്രിപ്പിൾ ജമ്പ്‌ തുടങ്ങിയ ഇനങ്ങളിൽ മത്സരം നടക്കും. ഡി.ഐ.ജി. രാഹുൽ ആർ.നായർ മീറ്റ് ഉദ്ഘാടനം ചെയ്തു.

റൂറൽ പോലീസ് ജില്ലാ മേധാവി പി.ബി.രാജീവ്, എ.എസ്.പി. എ.ജെ.സാബു തുടങ്ങിയവർ വിശിഷ്ടാതിഥികളായി. മീറ്റിന്റെ ഭാഗമായി പേരാവൂരിൽനിന്ന് തുടങ്ങിയ ദീപശിഖ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം റൂറൽ ഡി.പി.ഒ. മാനേജർ കെ.എൽ.നൈസിയിൽനിന്ന് ഡി.ഐ.ജി. രാഹുൽ ആർ.നായർ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78644/kannur-rural-district-police-sports-festival-is-ahead)