---
title: "കേരളത്തെ തകര്‍ക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെ കാമ്പസ് പ്രതിഷേധ കൂട്ടായ്മ നവംബര്‍ 9, 10 തീയതികളില്‍"
english_title: "Campus protest rally on November 9th and 10th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79000/campus-protest-rally-on-november-9th-and-10th"
published_at: "2022-11-07T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6368d6ca174df_Screenshot_2022-11-07-15-05-30-29_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കേരളത്തെ തകര്‍ക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെ കാമ്പസ് പ്രതിഷേധ കൂട്ടായ്മ നവംബര്‍ 9, 10 തീയതികളില്‍

> **Lead Summary:** ഉന്നതവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക, കേരളത്തെ തകര്‍ക്കാനുള്ള ഗവര്‍ണറുടെ നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ചുകൊണ്ട് വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നവംബര്‍ 9, 10 തീയതികളില്‍ ജില്ലയിലെ 60 കാമ്പസുകളില്‍ നടത്തുന്ന കാമ്പസ് പ്രതിഷേധ കൂട്ടായ്മ വിജയിപ്പിക്കണമെന്ന് വിദ്യാര്‍ത്ഥികളോടും അധ്യാപക-അനധ്യാപകരോടും രക്ഷിതാക്കളോടും അഭ്യര്‍ത്ഥിക്കുന്നു.

## Article Content

ഉന്നതവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക, കേരളത്തെ തകര്‍ക്കാനുള്ള ഗവര്‍ണറുടെ നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ചുകൊണ്ട് വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നവംബര്‍ 9, 10 തീയതികളില്‍ ജില്ലയിലെ 60 കാമ്പസുകളില്‍ നടത്തുന്ന കാമ്പസ് പ്രതിഷേധ കൂട്ടായ്മ വിജയിപ്പിക്കണമെന്ന് വിദ്യാര്‍ത്ഥികളോടും അധ്യാപക-അനധ്യാപകരോടും രക്ഷിതാക്കളോടും അഭ്യര്‍ത്ഥിക്കുന്നു.

ഗവര്‍ണര്‍ പദവി ഭരണഘടനയിലുള്ളതാണ്. എന്നാല്‍ ചാന്‍സലര്‍ പദവി കേരള നിയമസഭ പാസ്സാക്കിയ നിയമം വഴി ലഭിച്ചതാണ്. ചാന്‍സലര്‍ എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഗവര്‍ണര്‍ ആയതുകൊണ്ട് ചാന്‍സലര്‍ സ്ഥാനത്തിന് പ്രത്യേക അധികാരമൊന്നുമില്ല. ചാന്‍സലര്‍ നിയമിക്കുന്ന വൈസ് ചാന്‍സലര്‍ക്കാണ് സര്‍വ്വകലാശാലയില്‍ നിയമമനുസരിച്ചുള്ള അധികാരങ്ങളെല്ലാം. എന്നിട്ടും സര്‍വ്വകലാശാലകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നശീകരണ ചിന്തയോടെയും വൈരനിര്യാതന ബുദ്ധിയോടെയും നിയമവിരുദ്ധമായി ഇടപെടുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്.

സെനറ്റംഗങ്ങളെ പുറത്താക്കിയതും വി.സി.മാരെ പുറത്താക്കാന്‍ ശ്രമിച്ചതും അതാണ് തെളിയിക്കുന്നത്. കോടതി ഇത് രണ്ടും തടഞ്ഞപ്പോള്‍ മേല്‍ക്കോടതിയുടെ മുകളിലുള്ള ജഡ്ജിയെപ്പോലെ വി.സി.മാരോട് തന്‍റെ മുമ്പാകെ നേരില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയാണ്. ഇത് കോടതി അലക്ഷ്യമാണ്. സര്‍വ്വകലാശാലകളുടെ ഉന്നമനത്തിനുവേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചു. അതിനെ തകര്‍ക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. അധ്യാപകരെല്ലാം കൊള്ളരുതാത്തവരാണെന്നും സെനറ്റും സിണ്ടിക്കേറ്റും വി.സി.മാരുമെല്ലാം മോശക്കാരാണെന്നുമുള്ള ഗവര്‍ണറുടെ ഏകപക്ഷീയ കാഴ്ചപ്പാട് രാജവാഴ്ചകാലത്തെ ഓര്‍മപ്പെടുത്തുന്നു.

സാങ്കേതിക സര്‍വ്വകലാശാലയുടെ താല്‍ക്കാലിക വൈസ്ചാന്‍സലറായി സര്‍ക്കാരുമായി കൂടിയാലോചിക്കാതെ നിയമവിരുദ്ധമായി ഗവര്‍ണര്‍ നിയമിച്ച ആളാവട്ടെ, എംടെക് വിദ്യാര്‍ത്ഥി പ്രവേശനത്തിലെ മെറിറ്റ് അട്ടിമറിച്ചതിനെ തുടര്‍ന്ന് വകുപ്പ് തല അന്വേഷണം നേരിടുന്നയാളാണ്. യോഗ്യതനോക്കാതെ ആര്‍എസ്എസ്സുകാരെ സര്‍വ്വകലാശാലാ തലപ്പത്ത് നിയോഗിക്കാനാണ് സംഘപരിവാര്‍ രാഷ്ട്രീയക്കാരനായ ഗവര്‍ണര്‍ ശ്രമിക്കുന്നത്. രാജ്ഭവനില്‍ ഗവര്‍ണറുടെ ഉപദേശകര്‍ സംഘപരിവാറിന്‍റെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരാണ്. സര്‍വ്വകലാശാലാ നിയമം കാറ്റില്‍ പറത്തുന്ന ഗവര്‍ണര്‍, ഭരണഘടനയെയും വെല്ലുവിളിക്കുകയാണ്.

അതാണ് മന്ത്രിയെ പുറത്താക്കാന്‍ നടത്തിയ ശ്രമവും തുടര്‍ച്ചയായി എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രസ്താവനകളും വ്യക്തമാക്കുന്നത്. ബില്ലുകള്‍ പിടിച്ചുവെക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല. സര്‍വ്വകലാശാലാ നിയമം ഭേദഗതിചെയ്തുകൊണ്ടുള്ള നിയമസഭ പാസ്സാക്കിയ ബില്ല് ഒരു വര്‍ഷത്തിലേറെയായി ഗവര്‍ണര്‍ കൈവശം വെച്ചിരിക്കുകയാണ്. ചില മാധ്യമ പ്രതിനിധികളെ വര്‍ത്താസമ്മേളനത്തില്‍ നിന്നും പുറാത്താക്കിയ ഗവര്‍ണറുടെ നടപടി ഫാസിസ്റ്റ് ശൈലിയാണ്.ഇത്തരം ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവും ഉന്നതവിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്ന നിയമവിരുദ്ധവും, മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുകയും ചെയ്യുന്ന നടപടികളെ ആര്‍ക്കും ന്യായീകരിക്കാന്‍ കഴിയില്ല.

സംസ്ഥാന കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗം ഗവര്‍ണറുടെ ചെയ്തികളെ ന്യായീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. സംഘപരിവാര്‍ വിധേയത്വവും അന്ധമായ ഇടതുപക്ഷ വിരുദ്ധതയും മൂലം സംസ്ഥാന സര്‍ക്കാറിനെ പുറത്താക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നാണ് കെ.പി.സി.സി. പ്രസിഡന്‍റ് പരസ്യമായി പറഞ്ഞത്. തന്‍റെ നിലപാടിനോടൊപ്പം ഹൈക്കമാന്‍ഡില്ലെന്ന് മനസ്സിലായപ്പോള്‍ പ്രസ്താവന തിരുത്തി കെ.പി.സി.സി. പ്രസിഡന്‍റ് പരിഹാസ്യനാവുകയും ചെയ്തു.കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവിഭാഗം ജനങ്ങളും ക്യാമ്പസ് പ്രതിഷേധ കൂട്ടായ്മയെ പിന്തുണക്കുകയും സഹകരിക്കുകയും പങ്കെടുക്കുകയും ചെയ്യണമെന്ന് ജില്ലാ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79000/campus-protest-rally-on-november-9th-and-10th)