---
title: "പത്ത് വി.സിമാരെയും ഗവര്‍ണര്‍ പുറത്താക്കും"
english_title: "Governer "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79096/governer"
published_at: "2022-11-08T06:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6369a47754723_images_(2).jpeg"
keywords: []
---

# പത്ത് വി.സിമാരെയും ഗവര്‍ണര്‍ പുറത്താക്കും

> **Lead Summary:** **തിരുവനന്തപുരം**: വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ക്ക് യു.ജി.സി നിബന്ധനകളാണ് മാനദണ്ഡമാക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ കേരളത്തിലെ പത്തു വി.സിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ഗവര്‍ണര്‍, അവരെ പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടക്കുമെന്ന് സൂചന.മറുപടി നല്‍കാന്‍ അനുവദിച്ച സമയപരിധി ഇന്നലെ അവസാനിക്കുകയും വി.സിമാര്‍ മറുപടി നല്‍കുകയും ചെയ്ത പശ്ചാത്തലത്തിലാണിത്.

## Article Content

**തിരുവനന്തപുരം**: വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ക്ക് യു.ജി.സി നിബന്ധനകളാണ് മാനദണ്ഡമാക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ കേരളത്തിലെ പത്തു വി.സിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ഗവര്‍ണര്‍, അവരെ പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടക്കുമെന്ന് സൂചന.മറുപടി നല്‍കാന്‍ അനുവദിച്ച സമയപരിധി ഇന്നലെ അവസാനിക്കുകയും വി.സിമാര്‍ മറുപടി നല്‍കുകയും ചെയ്ത പശ്ചാത്തലത്തിലാണിത്.

പത്ത് വൈസ്ചാന്‍സലര്‍മാരുടെയും ഹിയറിംഗ് നടത്തണം. അതിനുശേഷം കാര്യകാരണങ്ങള്‍ നിരത്തി നിയമനം അസാധുവാക്കി വിജ്ഞാപനം ഇറക്കും.അതേസമയം, ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് വി.സിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ചാന്‍സലറായ ഗവര്‍ണര്‍ അന്തിമതീരുമാനം എടുക്കുന്നതുവരെ വി.സിമാര്‍ക്ക് തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്. പത്ത് വി.സിമാര്‍ക്കും അഭിഭാഷകരുമായി ഹിയറിംഗിന് രാജ്ഭവനിലെത്താം.

ഒരു ദിവസം രണ്ടു വി.സിമാര്‍ക്ക് വീതം സമയം അനുവദിക്കും. കേരളസര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി സ്വയം വിജ്ഞാപനം പുറപ്പെടുവിച്ച മാതൃകയിലാവും വി.സിമാരെയും പുറത്താക്കുക. യു.ജി.സി ചട്ടപ്രകാരം വി.സിമാര്‍ക്കൊപ്പം പി.വി.സിമാരും ഒഴിയേണ്ടിവരും കേരള, എം.ജി, കാലിക്കറ്റ്, ഫിഷറീസ്, കുസാറ്റ്, സംസ്കൃതം, സാങ്കേതികം, കണ്ണൂര്‍, മലയാളം, ഓപ്പണ്‍, ഡിജിറ്റല്‍ സര്‍വകലാശാലാ വി.സിമാര്‍ക്കാണ് പിരിച്ചുവിടാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ഗവര്‍ണര്‍ നോട്ടീസയച്ചത്. സാങ്കേതിക സര്‍വകലാശാലാ വി.സിയെ സുപ്രീംകോടതി പുറത്താക്കിയതിനാല്‍ നോട്ടീസ് പിന്‍വലിച്ചു.

ശേഷിക്കുന്ന 10പേരും ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. കഴിഞ്ഞ 24ന് കേരള സര്‍വകലാശാല വി.സി ഡോ.വി.പി.മഹാദേവന്‍ പിള്ള വിരമിച്ചെങ്കിലും നിയമനം അസാധുവാക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയും. യോഗ്യതയുണ്ടെന്നും നിയമനത്തില്‍ ചട്ടലംഘനമില്ലെന്നും സെര്‍ച്ച്‌കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ഗവര്‍ണര്‍ നടത്തിയ നിയമനത്തിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നുമാണ് എല്ലാ വി.സിമാരുടെയും മറുപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79096/governer)