---
title: "ഏരുവേശ്ശി ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം. നീക്കമെന്ന് കോൺഗ്രസ്"
english_title: "CPM to sabotage Eruvessi Bank election Congress to move"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79304/cpm-to-sabotage-eruvessi-bank-election-congress-to-move"
published_at: "2022-11-09T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b2b7a78fab_Picsart_22-11-09_09-54-06-921.jpg"
keywords: []
---

# ഏരുവേശ്ശി ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം. നീക്കമെന്ന് കോൺഗ്രസ്

> **Lead Summary:** ഏരുവേശ്ശി ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം. നീക്കമെന്ന് കോൺഗ്രസ് 13-ന് നടക്കുന്ന ഏരുവേശ്ശി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും ഭരണം നിലനിർത്താനും സി.പി.എം. ശ്രമിക്കുന്നതായി കോൺഗ്രസ് നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.

## Article Content

ഏരുവേശ്ശി ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം. നീക്കമെന്ന് കോൺഗ്രസ് 13-ന് നടക്കുന്ന ഏരുവേശ്ശി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും ഭരണം നിലനിർത്താനും സി.പി.എം. ശ്രമിക്കുന്നതായി കോൺഗ്രസ് നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.

വർഷങ്ങളായി കോൺഗ്രസ് ഭരിച്ച് നല്ല നിലവാരത്തിൽ കൊണ്ടുപോയ ബാങ്ക് 2017-ൽ സി.പി.എം. അക്രമത്തിലൂടെ പിടിച്ചെടുക്കുകയായിരുന്നു. അതേ സ്ഥിതി ഇത്തവണയും ആവർത്തിക്കാനുള്ള ഗൂഢനീക്കമാണ് നടത്തുന്നത്. ചെമ്പേരിയിലും പൂപ്പറമ്പിലും നെല്ലിക്കുറ്റിയിലും മികച്ച സൗകര്യമുള്ള സ്കൂളുകളും എൻജിനിയറിങ് കോളേജുമുണ്ടായിട്ടും വോട്ടർമാർക്ക് എത്താൻ പ്രയാസമുള്ളതും വരിനിൽക്കാനും മറ്റും സൗകര്യമില്ലാത്തതുമായ ഏരുവേശ്ശി കെ.കെ.എൻ.എം.എം.യു.പി. സ്കൂളിലാണ് തിരഞ്ഞെടുപ്പ് വെച്ചത്. ഇത് അട്ടിമറി നീക്കത്തിന്റെ ഭാഗമാണ്. പോളിങ് കേന്ദ്രം ഇവിടെനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും ഇടപെടാനാവില്ലെന്നാണറിയിച്ചത്. അക്രമം നടത്തി വോട്ടിങ് അലങ്കോലമാക്കാനാണ് സി.പി.എം. ശ്രമം. 8935 വോട്ടർമാരുണ്ടെങ്കിലും സി.പി.എമ്മുകാരല്ലാത്തവരെ ബൂത്തിലേക്ക് കടത്തിവിടാതിരിക്കാനാണ് നീക്കം.

സ്വജനപക്ഷപാതവും ധൂർത്തും അഴിമതിയും നടത്തി ബാങ്കിനെ 15 കോടി രൂപ നഷ്ടത്തിലാക്കിയ സി.പി.എം. ഭരണസമിതി ഇടപാടുകാരെ വഞ്ചിച്ചിരിക്കുകയാണെന്നും ജനാധിപത്യരീതിയിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ കോൺഗ്രസ് ഭരണത്തിലേറുമെന്നും നേതാക്കൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ഏരുവേശ്ശി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ജോസ് പരത്തനാൽ, മുൻ ബാങ്ക് പ്രസിഡൻറ്‌ ജോസഫ് കൊട്ടുകാപ്പള്ളി, അറക്കൽ തങ്കച്ചൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79304/cpm-to-sabotage-eruvessi-bank-election-congress-to-move)