---
title: "സർക്കാർ ആശുപത്രികളിൽ മറ്റന്നാൾ മുതൽ അനിശ്ചിതകാല നിസ്സഹകരണ സമരം പ്രഖ്യാപിച്ച് സർക്കാർ ഡോക്ടർമാർ "
english_title: "Government doctors declare indefinite strike in government hospitals from next day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/794/government-doctors-declare-indefinite-strike-in-government-hospitals-from-next-day"
published_at: "2021-10-02T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61580fe492208_254189_1633159629.jpg"
keywords: []
---

# സർക്കാർ ആശുപത്രികളിൽ മറ്റന്നാൾ മുതൽ അനിശ്ചിതകാല നിസ്സഹകരണ സമരം പ്രഖ്യാപിച്ച് സർക്കാർ ഡോക്ടർമാർ 

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മറ്റന്നാൾ മുതൽ അനിശ്ചിതകാല നിസ്സഹകരണ സമരം പ്രഖ്യാപിച്ച് സർക്കാർ ഡോക്ടർമാർ . ഓൺലൈൻ ചികിത്സയിൽ നിന്നും അവലോകന യോഗങ്ങളിൽ നിന്നും പരിശീലന പരിപാടികളിൽ നിന്നും വിട്ടുനിൽക്കാനാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ തീരുമാനം. പല ഘട്ടങ്ങളിലായി സമരം നടത്തിയിട്ടും റിസ്ക് അലവൻസ് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമില്ലാത്തതിൽ വലിയ അമർഷത്തിലാണ് ഡോക്ടർമാർ.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മറ്റന്നാൾ മുതൽ അനിശ്ചിതകാല നിസ്സഹകരണ സമരം പ്രഖ്യാപിച്ച് സർക്കാർ ഡോക്ടർമാർ . ഓൺലൈൻ ചികിത്സയിൽ നിന്നും അവലോകന യോഗങ്ങളിൽ നിന്നും പരിശീലന പരിപാടികളിൽ നിന്നും വിട്ടുനിൽക്കാനാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ തീരുമാനം. പല ഘട്ടങ്ങളിലായി സമരം നടത്തിയിട്ടും റിസ്ക് അലവൻസ് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമില്ലാത്തതിൽ വലിയ അമർഷത്തിലാണ് ഡോക്ടർമാർ.

എൻട്രി കേഡറിൽ സർവ്വീസിൽ പ്രവേശിക്കുന്ന ഡോക്ടർക്ക് മുൻപത്തേക്കാൾ 9000 രൂപ കുറച്ചാണ് ലഭിക്കുന്നത്. സർവ്വീസിലുള്ളവർക്ക് റേഷ്യോ പ്രമോഷൻ നടപ്പാക്കിയിട്ടില്ല. കിട്ടിയിരുന്ന പേഴ്സനൽ പേ നിർത്തലാക്കി. റിസ്ക് അലവൻസെന്ന തുടക്കം മുതലുള്ള ആവശ്യത്തിലും തീരുമാനമോ ചർച്ചകളോ ഇല്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കൊവിഡ് പ്രതിരോധ നിരയിൽ തങ്ങൾ നേരിടുന്നത് അവഗണനയാണെന്നാണ് പൊതുവികാരം. പലഘട്ടങ്ങളിലായി നടന്ന സൂചനാ സമരങ്ങളിൽ ചർച്ചകളില്ലാത്തനിലാണ് ഇന്ന് സെക്രട്ടേറിയറ്റിന്  മുന്നിൽ നടന്ന ഉപവാസ സമരത്തിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

കൊവിഡ് ചികിത്സയിൽ നിന്ന് പതിനായിരത്തോളം വരുന്ന കൊവിഡ് ബ്രിഗേഡിനെയും താൽക്കാലിക എൻഎച്ച്എം ജീവനക്കാരെയും നീക്കിത്തുടങ്ങിയ ഘട്ടത്തിൽ സർക്കാർ ഡോക്ടർമാർ നിസ്സഹകരണ സമരത്തിലേക്ക് നീങ്ങുന്നത് വെല്ലുവിളിയാകും. സർക്കാരിന്റെ ഒ പി സേവനങ്ങളാകട്ടെ ഇപ്പോൾ പ്രധാനമായും നടക്കുന്നത് ഇ സഞ്ജീവനി വഴി ഓൺലൈനിലാണ് താനും. ഇന്നത്തെ സമരത്തിൽ മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയും ഐഎംഎയും പിന്തുണയുമായി എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/794/government-doctors-declare-indefinite-strike-in-government-hospitals-from-next-day)