---
title: "സ്വന്തം കെട്ടിടം നിർമ്മിക്കാനൊരുങ്ങി കാഞ്ഞങ്ങാട് റബ്ബേഴ്സ് ; നിർമ്മാണ ചെലവ് 1.25 കോടി രൂപ"
english_title: "Kanhangad Rubbers ready to construct its own building"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7945/kanhangad-rubbers-ready-to-construct-its-own-building"
published_at: "2021-10-30T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617cca8eb3084_IMG-20211030-WA0010.jpg"
keywords: []
---

# സ്വന്തം കെട്ടിടം നിർമ്മിക്കാനൊരുങ്ങി കാഞ്ഞങ്ങാട് റബ്ബേഴ്സ് ; നിർമ്മാണ ചെലവ് 1.25 കോടി രൂപ

> **Lead Summary:** കാഞ്ഞങ്ങാട് : റബ്ബർ ബോർഡിന്റെ സഹകരണത്തോടെ കണ്ണൂർ, കാസർകോട് ജില്ലകളിലെ കർഷകരുടെ കൂട്ടായ്മയിൽ രൂപവത്കരിച്ച കാഞ്ഞങ്ങാട് റബേഴ്സിന് സ്വന്തമായി കെട്ടിടം നിർമിക്കുന്നു.

## Article Content

കാഞ്ഞങ്ങാട് : റബ്ബർ ബോർഡിന്റെ സഹകരണത്തോടെ കണ്ണൂർ, കാസർകോട് ജില്ലകളിലെ കർഷകരുടെ കൂട്ടായ്മയിൽ രൂപവത്കരിച്ച കാഞ്ഞങ്ങാട് റബേഴ്സിന് സ്വന്തമായി കെട്ടിടം നിർമിക്കുന്നു.

വർഷങ്ങളായി കാഞ്ഞങ്ങാട് വാടകക്കെട്ടിടത്തിലാണ് കമ്പനിയുടെ ആസ്ഥാന ഓഫീസ് പ്രവർത്തിക്കുന്നത്. കാഞ്ഞങ്ങാട് കുശവൻകുന്നിൽ 25 സെൻറ് സ്ഥലത്ത് 1.25 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പണിയുന്നത്.

1000ചതുരശ്രയടി വിസ്താരത്തിലുള്ള റബ്ബർ ഷീറ്റ് ഗോഡൗൺ, റബ്ബർ പാലിലെ ഉണക്ക റബ്ബറിന്റെ അളവ് പരിശോധിക്കുന്ന ലാബ്, കാർഷികോത്പന്നങ്ങളുടെ ഔട്ട്ലറ്റ് എന്നിവയും കേന്ദ്ര ഓഫീസിനോടനുബന്ധിച്ചുണ്ടാകും. കാഞ്ഞങ്ങാട് വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റബ്ബർ ബോർഡ് ഓഫിസും ഇവിടേക്ക് മാറ്റും. നവംബർ 2 ന് രാവിലെ 10 ന് കുശവൻകുന്നിൽ നടക്കുന്ന ചടങ്ങിൽ റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ IRS നിർമാണ പ്രവർത്തനം ഉദ്ഘാടനം ചെയ്യും. തുടർന്ന് വാർഷിക പൊതുയോഗവും നടക്കും.

കാഞ്ഞങ്ങാട് റബേഴ്സിൽ 48.96 ശതമാനം ഓഹരിയാണ് റബ്ബർ ബോർഡിനുള്ളത്. ബാക്കി ഓഹരികൾ 49 റബ്ബർ ഉത്പാദക സംഘങ്ങളുടെയും 2500-ഓളം കർഷകരുടെയും കൈവശമാണ്.

കണ്ണൂർ, കാസർകോട് ജില്ല യിലും കർണാടകയിലുമായി 11 ശാഖകളും വില്പനകേന്ദ്രങ്ങളുമുണ്ട്. റബ്ബർപാൽ, ഒട്ടുപാൽ, റബ്ബർഷീറ്റ് എന്നിവയുടെയും കാർഷികോല്പാദനോപാധികളുടെയും യന്ത്രസാമഗ്രികളുടെയും വില്‌പ നയാണ് പ്രധാനമായുമുള്ളത്.

കഴിഞ്ഞവർഷം 36 കോടി രൂപയുടെ വിറ്റുവരവുണ്ടെന്നും 5.75 ലക്ഷം രൂപ ലാഭത്തിലായെന്നും മാനേജിംഗ് ഡയരക്ടർ എം.പി.പവിത്രൻ നമ്പ്യാർ, ഡയറക്ടർ എം. കുഞ്ഞമ്പു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7945/kanhangad-rubbers-ready-to-construct-its-own-building)