---
title: "വയനാട് ജില്ലയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി"
english_title: "Vayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79841/vayanad"
published_at: "2022-11-12T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f325b17fce_Screenshot_20221112-111220_Dailyhunt.jpg"
keywords: []
---

# വയനാട് ജില്ലയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി

> **Lead Summary:** **മാനന്തവാടി: **വയനാട്ടില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി. എടവക പഞ്ചായത്തിലെ എള്ളുമന്ദത്തെ പന്നിഫാമിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്.

## Article Content

**മാനന്തവാടി: **വയനാട്ടില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി. എടവക പഞ്ചായത്തിലെ എള്ളുമന്ദത്തെ പന്നിഫാമിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്.

സംസ്ഥാനത്തുതന്നെ ആദ്യം ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്ത വയനാട് ജില്ലയില്‍ ഒരു ഇടവേളക്കുശേഷമാണ് വീണ്ടും പനി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് പന്നികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടത്. ഇതുവരെ ഈ ഫാമിലുള്ള 13 പന്നികള്‍ ചത്തിട്ടുണ്ട്. ബംഗളൂരുവിലെ സതേണ്‍ റീജനല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അവശേഷിക്കുന്ന 23 പന്നികളെയും രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരുകിലോമീറ്റര്‍ പരിധിയിലുള്ള മറ്റ് മൂന്ന് ഫാമുകളിലെയും പന്നികളെ ഉള്‍പ്പെടെ 148 പന്നികളെ ദയാവധത്തിന് വിധേയമാക്കുന്ന നടപടി ശനിയാഴ്ച രാവിലെ ആരംഭിക്കുമെന്ന് എടവക വെറ്ററിനറി സര്‍ജന്‍ ഡോ. സീലിയ ലൂയിസ് പറഞ്ഞു.

സീനിയര്‍ വെറ്ററിനറി സര്‍ജന്‍ കെ.എസ്. സുനില്‍, വെറ്ററിനറി സര്‍ജന്‍മാരായ ഡോ. വി. ജയേഷ്, ഡോ. ഫൈസല്‍ യൂസഫ്, ഒരു ഫീല്‍ഡ് അസിസ്റ്റന്‍റ്, ആറ് ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന 12 അംഗ ആര്‍.ആര്‍.ടി സംഘമാണ് നടപടികള്‍ പൂര്‍ത്തീകരിക്കുക. ജൂലൈ മാസത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലും മാനന്തവാടി നഗരസഭയിലുമാണ് ആദ്യം ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്.

തുടര്‍ന്ന് നെന്മേനി പഞ്ചായത്തിലും പൂതാടി പഞ്ചായത്തിലും രോഗം സ്ഥിരീകരിച്ചിരുന്നു. ഇക്കാലയളവില്‍ 700 ഓളം പന്നികളെ മൃഗസംരക്ഷണ വകുപ്പ് കൊന്നൊടുക്കി. വീണ്ടും രോഗം സ്ഥിരീകരിച്ചത് പന്നിക്കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79841/vayanad)