---
title: "കണ്ണൂർ ശ്രീകണ്ഠാപുരം ഏരുവേശ്ശി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ അക്രമം"
english_title: "Violence in co-operative bank elections"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80183/violence-in-co-operative-bank-elections"
published_at: "2022-11-14T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6371fd8d94153_Picsart_22-11-14_13-48-49-255.jpg"
keywords: []
---

# കണ്ണൂർ ശ്രീകണ്ഠാപുരം ഏരുവേശ്ശി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ അക്രമം

> **Lead Summary:** **കണ്ണൂർ:** ശ്രീകണ്ഠാപുരം ഏരുവേശ്ശി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ അക്രമം ഹൈക്കോടതി കനത്ത സുരക്ഷയൊരുക്കാൻ നിർദേശിച്ചിട്ടും കണ്ണൂർ ജില്ലയിലെ ഏരുവേശ്ശി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വ്യാപക അക്രമമുണ്ടായി. ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റുൾപ്പെടെ ആറ്‌ കോൺഗ്രസുകാർക്ക് പരിക്കേറ്റു.

## Article Content

**കണ്ണൂർ:** ശ്രീകണ്ഠാപുരം ഏരുവേശ്ശി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ അക്രമം ഹൈക്കോടതി കനത്ത സുരക്ഷയൊരുക്കാൻ നിർദേശിച്ചിട്ടും കണ്ണൂർ ജില്ലയിലെ ഏരുവേശ്ശി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വ്യാപക അക്രമമുണ്ടായി. ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റുൾപ്പെടെ ആറ്‌ കോൺഗ്രസുകാർക്ക് പരിക്കേറ്റു.

ഇരിക്കൂർ എം.എൽ.എ. സജീവ് ജോസഫിനെ തടഞ്ഞുവെച്ച് െെകയേറ്റത്തിന് ശ്രമിച്ചു. സി.പി.എം. അക്രമം അഴിച്ചുവിട്ട് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും പോലീസ്‌ ഇതിന് കൂട്ടുനിന്നെന്നും ആരോപിച്ച് കോൺഗ്രസ് ബാങ്ക് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. അക്രമത്തിൽ പരിക്കേറ്റ ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവൽ, സ്ഥാനാർഥിയും മുൻ ബാങ്ക് പ്രസിഡന്റുമായ ജോസഫ് കൊട്ടുകാപ്പള്ളി, പഞ്ചായത്തംഗം ഷൈല ജോയ്, മിനീഷ് ഷൈബി, യൂത്ത് കോൺഗ്രസ് ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് കെ.പി.ലിജേഷ്, ഡി.സി.സി. സെക്രട്ടറി ജോജി വർഗീസ്, കെ.എസ്.യു. ജില്ലാ സെക്രട്ടറി ആൻസിൽ വാഴപ്പള്ളി, നടുവിൽ യൂത്ത് മണ്ഡലം പ്രസിഡന്റ്‌ നന്ദകിഷോർ എന്നിവരെ തളിപ്പറമ്പിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

സി.പി.എം. ശക്തികേന്ദ്രമായ ഏരുവേശ്ശി കെ.കെ.എൻ.എം. എ.യു.പി. സ്കൂളിലാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടത്തിയത്. രാവിലെ വോട്ട് ചെയ്യാനായി പുറപ്പെട്ട കോൺഗ്രസ് പ്രവർത്തകരെ സി.പി.എം. പ്രവർത്തകർ റോഡിൽ തടഞ്ഞ് മടക്കിയയച്ചതാണ് സംഘർഷത്തിലേക്കെത്തിയത്. ശ്രീകണ്ഠപുരം ഭാഗത്തുനിന്ന് ചെമ്പേരിയിലേക്കുള്ള ബസുകളും മറ്റ് വാഹനങ്ങളും ചുണ്ടപ്പറമ്പിൽ തടഞ്ഞ് മടക്കിയയച്ചു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ സജീവ് ജോസഫ് എം.എൽ.എ.യെയും കോൺഗ്രസ് നേതാക്കളെയും സി.പി.എം. പ്രവർത്തകർ തടഞ്ഞുവെച്ചു. തുടർന്ന് പോലീസ് ലാത്തിവീശിയാണ് രംഗം ശാന്തമാക്കിയത്.

വോട്ടിങ് കേന്ദ്രത്തിലെത്തിയവർക്കും മർദനമേറ്റു. ഹൈക്കോടതി നിർദേശിച്ചും സുരക്ഷയൊരുക്കേണ്ട പോലീസ് സി.പി.എം. പ്രവർത്തകരോടൊപ്പം കോൺഗ്രസുകാരെ തടഞ്ഞെന്ന് നേതാക്കൾ ആരോപിച്ചു. അക്രമസാധ്യതയുള്ളതിനാൽ തിരഞ്ഞെടുപ്പ് കേന്ദ്രം മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തേ യു.ഡി.എഫ്. ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാനാകില്ലെന്നാണ്‌ അറിയിച്ചത്. തുടർന്നാണ് എല്ലാ വോട്ടർമാർക്കും സ്ഥാനാർഥികൾക്കും സംരക്ഷണം നൽകണമെന്ന് ഉത്തരവിട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80183/violence-in-co-operative-bank-elections)