---
title: "കേന്ദ്രം തടയണമെന്ന് സുപ്രീം കോടതി: നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണി"
english_title: "Supremecourt "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80285/supremecourt"
published_at: "2022-11-15T06:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6372e33112c1d_Screenshot_20221107-071926_Dailyhunt.jpg"
keywords: []
---

# കേന്ദ്രം തടയണമെന്ന് സുപ്രീം കോടതി: നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണി

> **Lead Summary:** **ന്യൂഡല്‍ഹി:**നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതു തടഞ്ഞില്ലെങ്കില്‍ രാജ്യത്ത് വളരെ ഗുരുതരമായ സാഹചര്യം ഉണ്ടാകുമെന്നും ജസ്റ്റിസ് എം.ആര്‍ ഷാ, ജസ്റ്റിസ് ഹിമ കോഹ് ലി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

## Article Content

**ന്യൂഡല്‍ഹി:**നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതു തടഞ്ഞില്ലെങ്കില്‍ രാജ്യത്ത് വളരെ ഗുരുതരമായ സാഹചര്യം ഉണ്ടാകുമെന്നും ജസ്റ്റിസ് എം.ആര്‍ ഷാ, ജസ്റ്റിസ് ഹിമ കോഹ് ലി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

പൗരന്മാരുടെ സ്വാതന്ത്ര്യത്തെയും ഇത് ബാധിക്കുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് ഈ മാസം 22നകം കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം.ഇത് 28ന് കോടതി പരിഗണിക്കും. നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും മന്ത്രവാദവും അന്ധവിശ്വാസവും തടയണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വനി കുമാര്‍ ഉപാദ്ധ്യായ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായകമായ നിരീക്ഷണം.

മതം മാറാനുള്ള അവകാശം ഭരണഘടനാദത്തമാണെന്നും എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ ആര്‍ക്കും ഭരണഘടന അവകാശം നല്‍കുന്നില്ലെന്നും കോടതി വ്യക്തമാക്കി. എല്ലാവര്‍ക്കും മതസ്വാതന്ത്ര്യമുണ്ടെങ്കിലും ബലപ്രയോഗത്തിലൂടെയുള്ള മതപരിവര്‍ത്തനം സാദ്ധ്യമല്ല.

നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളുടെ ഇരകള്‍ സാമൂഹ്യമായും സാമ്ബത്തികമായും താഴെത്തട്ടിലുള്ള കീഴാളരായ ജനവിഭാഗങ്ങളാണ്. പ്രത്യേകിച്ച്‌ ,പട്ടിക ജാതി - വര്‍ഗ്ഗ വിഭാഗങ്ങളില്‍ പെട്ടവര്‍. ഇത് ഭരണഘടനയുടെ 14,21,25 അനുച്ഛേദങ്ങളെ മുറിപ്പെടുത്തുകയാണെന്നും ഭരണഘടനയുടെ അവിഭാജ്യ ഘടകമായ മതേതരത്വത്തിന് എതിരാണെന്നും ഹര്‍ജിയില്‍ വാദിച്ചു. ഗോത്രവര്‍ഗ്ഗ മേഖലകളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.

ഇത് തടയുന്നതിനായി മദ്ധ്യപ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സംസ്ഥാന നിയമം നടപ്പിലാക്കിയിട്ടുണ്ട്. ഈ നിയമങ്ങള്‍ ഭരണഘടനാപരമായി സാധുവാണെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നും എസ്.ജി പറഞ്ഞു. ഒരു മതത്തിലേക്ക് മാറാനായി ആളുകള്‍ക്ക് അരിയും ഗോതമ്ബും നല്‍കുന്ന ഉദാഹരണങ്ങളുണ്ട്. ഇത് ആദിവാസി മേഖലകളില്‍ വ്യാപകമാണ്. എസ്. ജി തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80285/supremecourt)